അരിക്കൊമ്പനെ മാറ്റിയതോടെ പ്രശ്‌നങ്ങള്‍ അവസാനിച്ചോ?

1 min read

ചിന്നക്കനാല്‍ ശാന്തമായോ? ഇനിയൊരാനയും കാടിറങ്ങി വരില്ലേ?

മലയാളത്തില്‍ ഇത്രമാത്രം ചര്‍ച്ച ചെയ്യപ്പെട്ട മറ്റൊരു ആനയുണ്ടാവില്ല. അരിക്കൊമ്പനാണിപ്പോള്‍ താരം. കുടുംബസ്‌നേഹി. വീണുപോയ അമ്മയ്ക്ക് കാവല്‍ നിന്നവന്‍. അമ്മ മരിച്ച സ്ഥലത്ത് എല്ലാ വര്‍ഷവും ഡിസംബറില്‍ മറക്കാതെ എത്തുന്നവന്‍. ചിന്നക്കനാലിലെ ആനകളുടെ കാവലാള്‍. അരി തിന്നാന്‍ തുടങ്ങിയതോടെ നാട്ടുകാര്‍ അവനൊരു പേരിട്ടു. അരിക്കൊമ്പന്‍. ചിന്നക്കനാലിനെ വിറപ്പിച്ച കൊലകൊമ്പന്‍. ജനവാസമേഖലയില്‍ കടന്നു കയറും. അരിതിന്നും. വീടുകളും റേഷന്‍ കടകളുമൊക്കെ തകര്‍ക്കും. അരിക്കൊമ്പനെക്കുറിച്ചുള്ള പാണന്‍പാട്ടുകള്‍ ഏറെയാണ്.
ഏകദേശം 35 വയസ്സുണ്ട് അരിക്കൊമ്പന്. രണ്ടോ മൂന്നോ വര്‍ഷമായിട്ടേയുള്ളൂ അവന്‍ അപകടകാരിയായിട്ട് എന്നാണ് നാട്ടുകാരുടെ പറച്ചില്‍. അതിനുമുമ്പും അരിക്കൊമ്പന്‍ താമസിച്ചിരുന്നത് ചിന്നക്കനാലിലെ വനത്തില്‍ തന്നെ.

ചിന്നക്കനാലുകാര്‍ക്ക് ഭീഷണിയായ, അവരുടെ വീടുകള്‍ നശിപ്പിക്കുന്ന അരിക്കൊമ്പനെ ഭരണകൂടം നാടുകടത്തി. അല്ലാതെന്തു ചെയ്യാന്‍. ജനങ്ങള്‍ക്ക് സുരക്ഷ ഉറപ്പു വരുത്തണ്ടേ? ചെലവ് ഒരു കോടി 40 ലക്ഷം രൂപ. പണത്തിന്റെ കണക്കുകള്‍ നമുക്ക് മറക്കാം. അത് ജനങ്ങള്‍ക്കു വേണ്ടിയാണല്ലോ. പക്ഷേ ഇവിടെ അരിക്കൊമ്പന്‍ ഉയര്‍ത്തുന്ന ഒരുപാട് ചോദ്യങ്ങളുണ്ട്.

അരിക്കൊമ്പന്‍ പോയതോടെ ചിന്നക്കനാലുകാരുടെ പ്രശ്‌നങ്ങള്‍ അവസാനിച്ചോ? അവന്‍ ഏതു നിമിഷവും തിരിച്ചെത്താമെന്ന ഭീതിയിലല്ലേ നാട്ടുകാര്‍? ആനയെ പേടിക്കാതെ ശാന്തമായുറങ്ങാന്‍ അവര്‍ക്ക് കഴിയുമോ? അവിടെ ചക്കക്കൊമ്പനില്ലേ? മുറിവാലനില്ലേ? മറ്റനേകം കൊമ്പന്‍മാരില്ലേ? അവരാരും കാടിറങ്ങി വരില്ലേ? അരിക്കൊമ്പനെ നാടുകടത്തിയതിനു ശേഷമല്ലേ ചക്കക്കൊമ്പനും കൂട്ടുകാരുമെത്തി വീടു തകര്‍ത്തത്? ഇതൊരു തുടര്‍ക്കഥയാവില്ലേ ചിന്നക്കനാലില്‍?

അരിക്കൊമ്പനെപ്പോലെ ചക്കക്കൊമ്പനെയും കുടിയിറക്കേണ്ടതല്ലേ. മുറിവാലനെ നാടുകടത്തേണ്ടേ? കാടിറങ്ങി വരുന്ന മറ്റ് ആനകളെയെല്ലാം നാടുകടത്തേണ്ടതല്ലേ. എങ്കിലല്ലേ ചിന്നക്കനാലിലെ 301 കോളനിക്കാര്‍ക്ക് സ്വെരവിഹാരം സാധ്യമാകൂ. ഒന്നേകാല്‍ കോടി രൂപ വീതം ഓരോ ആനയ്ക്കും ചെലവഴിക്കുകയും വേണം.

ആനകളെ നാടുകടത്തലാണോ ശാശ്വത പരിഹാരം? 301 കോളനിയിലെ ഒരു തലമുറ ഇക്കാലമത്രയും ജീവിച്ചത് ആനപ്പേടിയിലാണ്. വരും തലമുറയും ഇതേ ഭയപ്പാടില്‍ ജീവിതം ഹോമിക്കണമെന്നാണോ?

35 വര്‍ഷമായി ചിന്നക്കനാലിലെ വനാന്തരങ്ങളില്‍ താമസിച്ചിരുന്ന അരിക്കൊമ്പന്‍ പ്രശ്‌നക്കാരനായിരുന്നില്ലെന്ന് നാട്ടുകാര്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നു. വനത്തില്‍ വെള്ളം കിട്ടാതായതോടെ ആയിരിക്കണം അവന്‍ ജനവാസ മേഖലയില്‍ എത്തിയത്. ആനകളുടെ സഞ്ചാരപാതയാണത്രേ ഇത്. 301 കോളനിക്കാര്‍ താമസിക്കുന്നത് ആനത്താരകളിലാണ് എന്നാണ് പറഞ്ഞു കേള്‍ക്കുന്നത്. സര്‍ക്കാര്‍ പട്ടയം കൊടുത്ത ഭൂമിയാണിത്.

ഓരോ തവണയും കോടികള്‍ ചെലവഴിച്ച് ആനകളെ നാടുകടത്തുന്നതിനേക്കാള്‍ എളുപ്പമല്ലേ 301 കോളനിയിലെ ആളുകളെ മാറ്റിപ്പാര്‍പ്പിക്കുന്നത്. ആനത്താരകളില്‍ പട്ടയം നല്‍കി അവരെ വഞ്ചിച്ചതിന് ഇനിയെങ്കിലും പ്രായശ്ചിത്തം ചെയ്യേണ്ടതല്ലേ? വന്യമൃഗങ്ങളെ പേടിക്കാതെ, മാതാപിതാക്കള്‍ക്ക് തങ്ങളുടെ കുഞ്ഞുങ്ങളുമായി സ്വസ്ഥമായി ജീവിക്കാനുള്ള അവസരമല്ലേ സര്‍ക്കാര്‍ ഒരുക്കേണ്ടത്? എത്രനാള്‍ ഒരു ജനത ആനകളെയും വന്യമൃഗങ്ങളെയും പേടിച്ച് കഴിയും. അവര്‍ക്ക് മാന്യമായ നഷ്ടപരിഹാരം നല്‍കി, പുനരധിവസിപ്പിക്കാനുള്ള നടപടികളല്ലേ ഭരണകൂടം കൈക്കൊള്ളേണ്ടത്. അവിടെ നിന്ന് ഒഴിഞ്ഞു പോകാന്‍ പലരും താല്‍പര്യം പ്രകടിപ്പിച്ചിക്കുന്നുമുണ്ടല്ലോ? തങ്ങളുടെ ജീവിതം സുരക്ഷിതമാക്കുന്നതിനായി ഭരണകൂടത്തോട് സഹകരിക്കാനും ആളുകള്‍ സഹകരിക്കണം.

ആനകളെ പീഡിപ്പിക്കാനും കുടിയൊഴിപ്പിക്കാനും കോടികള്‍ പൊടിക്കുന്നതിനു പകരം കുറേക്കൂടി പ്രായോഗികമായി ചിന്തിക്കേണ്ടിയിരിക്കുന്നു നമ്മുടെ സര്‍ക്കാര്‍. ആനകളെ വെറുതെ വിടുക. മൃഗങ്ങളെ അവരുടെ ആവാസവ്യവസ്ഥയില്‍ തന്നെ ജീവിക്കാന്‍ അനുവദിക്കുക. അവര്‍ക്കു കൂടി അവകാശപ്പെട്ടതല്ലേ ഈ ഭൂമി.

Related posts:

Leave a Reply

Your email address will not be published.