അനശ്വരയുടെ കരിയര്‍ ബെസ്റ്റാണ്
1 min readഡ്രസിങ്ങല്ല, അഭിനയം ശരിയായില്ലെന്ന് പറയുമ്പോഴാണ് വേദനിക്കുക
2017ല്‍ ഉദാഹരണം സുജാത എന്ന ചിത്രത്തിലൂടെ ശ്രദ്ധേയമായി മാറിയ നടിയാണ് അനശ്വര രാജന്. ബാലതാരമായി കടന്നു വന്ന് വളരെ ചുരുങ്ങിയകാലം കൊണ്ട് തന്നെ നായിക എന്ന നിലയില്‍ ഒരുപിടി ഹിറ്റുകള്‍ തന്റെ പേരിലാക്കാന്‍ അനശ്വരയ്ക്ക് സാധിച്ചു. തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ എന്ന ചിത്രമാണ് അനശ്വരയ്ക്ക് കൂടുതല്‍ ശ്രദ്ധ നേടി കൊടുത്തത്. ചിത്രം സൂപ്പര്‍ ഹിറ്റായതോടെ അനശ്വരയും താരമായി മാറി. പിന്നീട് സൂപ്പര്‍ ശരണ്യ, പ്രണയവിലാസം എന്നിങ്ങനെ ഒരുപിടി ശ്രദ്ധേയ സിനിമകളിലൂടെയും അനശ്വര തിളങ്ങി.
നേര് ആണ് അനശ്വരയുടെ ഏറ്റവും പുതിയ ചിത്രം. ജീത്തു ജോസഫ്-മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ എത്തിയ ചിത്രത്തില്‍ പ്രധാന വേഷത്തിലാണ് അനശ്വര അഭിനയിച്ചിരിക്കുന്നത്. നേര് തിയേറ്ററുകളില്‍ മികച്ച പ്രതികരണങ്ങള്‍ നേടി പ്രദര്‍ശനം തുടരുമ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത് താരത്തിന്റെ പേരാണ്. മോഹന്‍ലാല്‍, സിദ്ധിഖ്, ജഗദീഷ് തുടങ്ങി മലയാള സിനിമയിലെ മുതിര്‍ന്ന താരങ്ങള്‍ക്കൊപ്പം തന്റെ പ്രകടനം കൊണ്ട് കട്ടയ്ക്ക് പിടിച്ച് നില്ക്കാന് അവള്‍ക്ക് സാധിച്ചുവെന്നാണ് ആരാധകര്‍ പറയുന്നത്.
അനശ്വരയുടെ കരിയര്‍ ബെസ്റ്റാണ് നേരിലെ സാറ എന്ന് സിനിമ കണ്ടവര്‍ പറയുന്നു. മുന്‍വിധികളെ മാറ്റിയെഴുതുന്ന തരത്തില്‍ വളരെ പക്വതയോടുള്ള അഭിനയമാണ് താരം കാഴ്ചവെച്ചിരിക്കുന്നത്. നേരത്തെ അഭിനയത്തിന്റെ പേരില്‍ ഒരുപാട് വിമര്‍ശനങ്ങള്‍ കേട്ടിട്ടുള്ള നടിയാണ്. അതിനൊക്കെയുള്ള മറുപടിയാണ് നേരില്‍ താരത്തിന്റെ പ്രകടനം.
അതിനിടെ അഭിനയത്തെ വിമര്‍ശിച്ചു കൊണ്ട് സോഷ്യല്‍ മീഡിയയില്‍ വന്ന കമന്റുകളൊക്കെ തന്നെ വേദനിപ്പിച്ചിരുന്നു എന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് അനശ്വര. വ്യക്തിപരമായി വരുന്ന മോശം കമന്റുകളെക്കാള്‍ വേദനിപ്പിക്കുന്നത് അഭിനയത്തെ കുറിച്ചുള്ള കമന്റുകളാണെന്ന് അനശ്വര പറയുന്നു. നേരിന്റെ പ്രമോഷന്റെ ഭാഗമായി ഒരു അഭിമുഖത്തില്‍ സംസാരിക്കവേയാണ് താരം മനസ്സ് തുറന്നത്.
‘എനിക്ക് വ്യക്തിപരമായും സിനിമയുമായി ബന്ധപ്പെട്ടുമെല്ലാം എല്ലാത്തരത്തിലുമുള്ള കമന്റുകളും വരാറുണ്ട്. അഭിനയത്തെ കുറിച്ചടക്കം വന്നുകൊണ്ടിരുന്നതാണ്. എന്നാല്‍ ഇപ്പോള്‍ അതൊക്കെ മാറി നല്ല അഭിപ്രായങ്ങള്‍ വരുന്നതില്‍ സന്തോഷമുണ്ട്.’
‘നമ്മള് എത്ര അവഗണിക്കാന്‍ നോക്കിയാലും ഒരു ഘട്ടത്തില്‍ അത് ബാധിക്കും. വ്യക്തിപരമായി പറയുന്നതിനേക്കാള്‍ എന്റെ അഭിനയത്തെ കുറിച്ച് മോശം കമന്റുകള്‍ പറയുമ്പോഴാണ് വേദനിക്കുന്നത്. പേഴ്സണലായി വരുന്ന കമന്റുകള്‍, അത് ആറ്റിട്യൂഡിനെ കുറിച്ചായാലും ഡ്രസിങ്ങിനെ കുറിച്ചായാലും അതിനേക്കാള്‍ അഭിനയം ശരിയല്ലെന്ന് പറയുമ്പോഴാണ് വേദനിക്കുക. അത് കേട്ട സമയത്ത് ഞാന്‍ തളര്‍ന്നുപോയിരുന്നു. എനിക്ക് പറ്റില്ലെന്നുള്ള വിമര്‍ശനങ്ങളൊക്കെ എന്നെ ബാധിച്ചിരുന്നു. ഞാന്‍ ഡൗണായിരുന്നു,’ അനശ്വര പറഞ്ഞു.
മലയാളത്തിന് പുറമെ തമിഴിലും ബോളിവുഡിലുമെല്ലാം അനശ്വര അഭിനയിച്ചു കഴിഞ്ഞു.