അമൃത ആശുപത്രി രജതജൂബിലി; അമിത്ഷാ ഉദ്ഘാടനം ചെയ്യും, 65 കോടിയുടെ സൗജന്യ ചികിത്സാപദ്ധതി
1 min readകൊച്ചി: അമൃത ആശുപത്രിയുടെ രജതജൂബിലി ആഘോഷങ്ങളോട് അനുബന്ധിച്ച് 65 കോടി രൂപയുടെ സൗജന്യ ചികിത്സാപദ്ധതി പ്രഖ്യാപിച്ചു. ഞായറാഴ്ച വൈകിട്ട് നാല് മണിക്ക് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്യും.
എല്ലാവര്‍ഷവും നടപ്പാക്കി വരുന്ന 40 കോടിയുടെ ചികിത്സാപദ്ധതിക്ക് പുറമെ ഇത്തവണ 25 കോടിയുടെ പദ്ധതി കൂടി നടപ്പാക്കും. കൊച്ചിയിലും അമൃതപുരിയിലും തുടങ്ങുന്ന രണ്ട് റിസര്‍ച്ച് സെന്ററുകളുടെ പ്രഖ്യാപനവും അമിത്ഷാ നടത്തും. രജതജൂബിലിയോടനുബന്ധിച്ച് പുറത്തിറക്കുന്ന സുവനീര്‍ ആരോഗ്യമന്ത്രി വീണ ജോര്‍ജ് പ്രകാശനം ചെയ്യും.
വൃക്ക, കരള്‍, മജ്ജ, മുട്ട് മാറ്റിവയ്ക്കല്‍, ഗൈനക്കോളജി ചികിത്സകള്‍ തുടങ്ങിയവ ഇത്തവണത്തെ സൗജന്യ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ആഘോഷത്തിന്റെ ഭാഗമായി അടുത്ത രണ്ടു ദിവസങ്ങളില്‍ നടക്കുന്ന കലാസാംസ്‌കാരിക പരിപാടികളില്‍ 2025 വര്‍ഷമായി സേവനം അനുഷ്ഠിക്കുന്ന ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാര്‍, വിരമിച്ചവര്‍ എന്നിവരെ ആദരിക്കും.
1998 മേയ് 17ന് പ്രധാനമന്ത്രി അടല്‍ബിഹാരി വാജ്‌പേയി ആണ് അമൃത ആശുപത്രി ഉദ്ഘാടനം ചെയ്തത്. 800 കിടക്കകള്‍ ഉണ്ടായിരുന്ന ആശുപത്രിയില്‍ ഇപ്പോള്‍ 1,300ലേറെ കിടക്കകളും എല്ലാവിധ നൂതന ചികിത്സാ സംവിധാനങ്ങളുമുണ്ട്. ഇതുവരെ രണ്ടു കോടിയോളം പേര്‍ ചികിത്സ തേടിയതായി മാതാ അമൃതാനന്ദമയീ മഠം വൈസ് ചെയര്‍മാന്‍ സ്വാമി അമൃതസ്വരൂപാനന്ദപുരി പറഞ്ഞു. ഗ്രൂപ്പ് മെഡിക്കല്‍ ഡയറക്ടര്‍ ഡോ. പ്രേം നായര്‍, ഡോ. ആര്‍ കൃഷ്ണകുമാര്‍, ഡോ. പ്രിയ നായര്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.