നിസ്സഹകരണപ്രശ്‌നത്തില്‍ അമ്മ ഇടപെടണം : ഷെയ്ന്‍നിഗം
1 min readനിര്‍മ്മാതാവിന് മാനനഷ്ടവും സാമ്പത്തിക നഷ്ടവും, അടിസ്ഥാനരഹിതമെന്ന് ഷെയ്ന്‍നിഗം
സിനിമയില്‍ എത്തിയിട്ട് അധികകാലമായില്ലെങ്കിലും വിവാദങ്ങളുടെ തോഴനായി മാറിയിരിക്കുന്നു ഷെയ്ന്‍ നിഗം. ഈ ചെറുപ്പക്കാരന്‍ ഇത്രമാത്രം പ്രശ്‌നക്കാരനാകുമെന്ന് കരുതിയില്ല എന്ന് പ്രൊഡക്ഷന്‍ കണ്‍ട്രോളറും സംവിധായകരും പറയുന്ന അവസ്ഥയില്‍ എത്തിയിരിക്കുന്നു കാര്യങ്ങള്‍. വെയില്‍ എന്ന സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ചില്ലറയൊന്നുമായിരുന്നില്ല. അതിനെത്തുടര്‍ന്ന് വിലക്കു നേരിട്ടയാളാണ് അദ്ദേഹം. അമ്മയും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും തമ്മിലുള്ള ചര്‍ച്ചയെത്തുടര്‍ന്നാണ് തിരികെയെത്തിയത്.
ഇപ്പോഴിതാ, ആര്‍ഡിഎക്‌സ് എന്ന സിനിമയുമായി ബന്ധപ്പെട്ട് പുതിയ വിവാദം വീണ്ടും ഉടലെടുത്തിരിക്കുകയാണ്. കഥാപാത്രം, പ്രതിഫലം, പ്രൊഡക്ഷന്‍, പോസ്റ്റ് പ്രൊഡക്ഷന്‍, എഡിറ്റിംഗ്, പ്രൊമോഷന്‍ തുടങ്ങിയ കാര്യങ്ങളില്‍ തനിക്ക് മുന്‍തൂക്കം വേണമെന്ന് ഷെയ്ന്‍ ആവശ്യപ്പെട്ടു എന്നാണ് പരാതി. ഇതിനു തെളിവായി അദ്ദേഹം നിര്‍മ്മാതാവിനയച്ച കത്തും പുറത്തു വന്നു. തനിക്ക് മാനഹാനിയും സാമ്പത്തിക നഷ്ടവുമുണ്ടായെന്ന് കാണിച്ച് നിര്‍മ്മാതാവ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനില്‍ പരാതിയും നല്‍കി. ഇതിനെത്തുടര്‍ന്ന് ആരോപണങ്ങളെല്ലാം അടിസ്ഥാനരഹിതമാണെന്നും പ്രശ്‌നപരിഹാരത്തിനായി അമ്മ ഇടപെടണമെന്നും കാണിച്ച് അമ്മയെ സമീപിച്ചിരിക്കുകയാണ് നടന്‍. ആര്‍ഡിഎക്‌സ് സിനിമയില്‍ മൂന്ന് കഥാപാത്രങ്ങളില്‍ കേന്ദ്രകഥാപാത്രമായിരിക്കുമെന്ന് ഉറപ്പു നല്‍കിയിരുന്നു. അതില്‍ സംശയം തോന്നിയപ്പോള്‍ എഡിറ്റ് കാണാമെന്നു പറഞ്ഞത് സംവിധായകനാണ്, താനല്ല. ഷൂട്ടിംഗ് നീണ്ടുപോയതോടെ തുടര്‍ന്ന് അഭിനയിക്കേണ്ട സിനിമയുടെ നിര്‍മ്മാതാവ് അഡ്വാന്‍സ് തന്ന തുക തിരികെ ചോദിച്ചു. ഇതിനെത്തുടര്‍ന്നാണ് ആര്‍ഡിഎക്‌സിന്റെ നിര്‍മ്മാതാവിനോട് അധിക തുക ആവശ്യപ്പെട്ടത്. നിര്‍മ്മാതാവിന്റെ ഭര്‍ത്താവ് തന്റെ ഉമ്മയോട് അനാദരവോടെ പെരുമാറിയെന്നും ഷെയ്ന്‍ പറയുന്നു. തുടര്‍ന്ന് അവര്‍ വൈകാരികമായി പ്രതികരിച്ചു. ഇതില്‍ ഷെയ്ന്‍ ഖേദം പ്രകടിപ്പിക്കുകയും ചെയ്യുന്നുണ്ട്.
ഷെയ്ന്‍ നിഗമുമായി സഹകരിക്കില്ല എന്ന് സിനിമാ സംഘടനകള്‍ എാകകണ്ഠമായി തീരുമാനമെടുത്തിരുന്നു. അഭിനയിക്കാനിരിക്കുന്ന ഒരു സിനിമയില്‍ നിന്ന് അദ്ദേഹത്തെ മാറ്റുകയും ചെയ്തു. ഇതിനെത്തുടര്‍ന്നാണ് പ്രശ്‌നപരിഹാരത്തിനായി ഷെയ്ന്‍ അമ്മയെ സമീപിച്ചത്. ഷെയ്‌നിന്റെ തിരിച്ചുവരവ് എളുപ്പമായിരിക്കുമോ എന്നാണ് സിനിമാലോകം ഉറ്റുനോക്കുന്നത്. കുഴപ്പക്കാരെ മാറ്റി നിര്‍ത്തുക തന്നെ വേണമെന്ന് നിര്‍മ്മാതാക്കളും സാങ്കേതിക പ്രവര്‍ത്തകരും ഉറച്ച നിലപാടെടുത്തിരിക്കുന്ന സാഹചര്യത്തില്‍ ഷെയ്ന്‍ എത്രകാലം കാത്തിരിക്കേണ്ടി വരും? ഈ പ്രശ്‌നം അമ്മ കൈകാര്യം ചെയ്യുന്നത് എങ്ങനെയായിരിക്കും.