സെലിബ്രിറ്റി ക്രിക്കറ്റിൽ നിന്ന് പിൻമാറി അമ്മയും മോഹൻലാലും; തന്റെ പേരോ ചിത്രങ്ങളോ ഉപയോഗിക്കരുതെന്ന് മോഹൻലാൽ
1 min read
തിരുവനന്തപുരം : സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിൽ നിന്ന് താരസംഘടനയായ അമ്മയും മോഹൻലാലും പിൻമാറി. നോൺ പ്ലെയിങ് കാപ്റ്റൻ സ്ഥാനത്തുനിന്ന് പിൻമാറിയ മോഹൻലാൽ തന്റെ പേരോ ചിത്രങ്ങളോ സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിൽ ഉപയോഗിക്കരുതെന്ന് നിർദ്ദേശിച്ചു. സിസിഎൽ 3യുടെ ആദ്യഘട്ടത്തിൽ ഉപയോഗിച്ച ചിത്രങ്ങൾ മോഹൻലാലിന്റെ നിർദ്ദേശത്തെ തുടർന്ന് നീക്കം ചെയ്തിരുന്നു.
ടൂർണമെന്റിന്റെ സംഘാടകരുമായിട്ടുള്ള അഭിപ്രായവ്യത്യാസമാണ് പിൻമാറ്റത്തിനു കാരണമെന്ന് അമ്മ ജനറൽ സെക്രട്ടറി ഇടവേള ബാബു പറഞ്ഞു. ആനയെ വച്ച് നടത്തിയിരുന്ന ഉത്സവം കുഴിയാനയെ വച്ച് നടത്തുന്ന പോലെയാണ് ഇപ്പോഴത്തെ സെലിബ്രിറ്റി ക്രിക്കറ്റ് ലീഗെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞ 8 വർഷം ടീം മാനേജർ ഇടവേള ബാബുവായിരുന്നു.

തമിഴ് ചലച്ചിത്ര താരം രാജ്കുമാർ സേതുപതി, ഭാര്യ ശ്രീപ്രിയ, ഷാജി ജെയ്സൺ എന്നിവരാണ് ഇപ്പോൾ കേരള സ്‌ട്രൈക്കേഴ്സിന്റെ ഉടമസ്ഥർ. കുഞ്ചാക്കോ ബോബനും ഉണ്ണി മുകുന്ദനും നയിക്കുന്ന ടീമുമായി അമ്മയ്ക്ക് യാതൊരു ബന്ധവുമില്ലെന്നും മത്സരിക്കുന്നത് സ്വന്തം നിലയ്ക്കാണെന്നും ഇടവേള ബാബു അറിയിച്ചു. ആസിഫ് അലി, ഇന്ദ്രജിത്ത്, വിജയ് യേശുദാസ്, രാജീവ് പിള്ള, വിവേക് ഗോപൻ, സിജു വിൽസൺ, മണിക്കുട്ടൻ, സൈജു കുറുപ്പ്, വിനു മോഹൻ,അർജുൻ നന്ദകുമാർ, സിദ്ധാർത്ഥ് മേനോൻ, പ്രജോത് കലാഭവൻ, ഷഫീഖ് റഹ്മാൻ, നിഖിൽ കെ മേനോൻ, ജീൻപോൾ ലാൽ, സഞ്ജു ശിവറാം, പ്രശാന്ത് അലക്സാണ്ടർ എന്നിവരാണ് മറ്റ് ടീമംഗങ്ങൾ. നടിമാരായ ദീപ്തി സതിയും പ്രയാഗ മാർട്ടിനുമാണ് കേരള ടീമിന്റെ ബ്രാൻഡ് അംബാസിഡർമാർ. മുൻ വർഷങ്ങളിൽ നിന്നു വ്യത്യസ്തമായി പച്ച ജേഴ്സിക്കു പകരം ഇത്തവണ കറുത്ത കറുത്ത ജേഴ്സിയിലാണ് കേരള സ്‌ട്രൈക്കേഴ്സ് എത്തിയത്. കോവിഡു കാരണം മൂന്ന് വർഷത്തിനു ശേഷമാണ് സിസിഎൽ നടക്കുന്നത്. കേരള സ്‌ട്രൈക്കേഴ്സ്, ബംഗാൾ ടൈഗേഴ്സ്, മുംബൈ ഹീറോസ്, പഞ്ചാബ് ദേഷേർ, കർണാടക ബുൾഡോസേഴ്സ്, ഭോജ്പുരി ദബാങ്സ്, തെലുഗു വാരിയേഴ്സ്, ചെന്നൈ റൈനോസ് എന്നീ ടീമുകളാണ് സിസിഎല്ലിൽ കളിക്കുന്നത്. ആകെ 19 മത്സരങ്ങൾ. പാർലെ ബിസ്‌ക്കറ്റാണ് ടൈറ്റിൽ സ്‌പോൺസർ.