എവറസ്റ്റ് കീഴടക്കണമെന്ന് മോഹം, ആദ്യശ്രമം വിജയിച്ചില്ല; പണത്തിനായി മോഷ്ടിക്കുന്നത് സ്വര്‍ണം മാത്രം, ‘പറക്കും കള്ളന്റെ’ കഥ

1 min read

തിരുവനന്തപുരം: എവറസ്റ്റ് കയറാനുള്ള മോഹം സഫലമാക്കാന്‍ പണത്തിനായാണ് വീടുകള്‍ കുത്തിത്തുറന്ന് ‘പറക്കും കള്ളന്‍’ മോഷണം നടത്തിയതെന്ന് പൊലീസ്.

ബുധനാഴ്ചയാണ് ആന്ധ്രപ്രദേശിലെ ഖമ്മം സ്വദേശി സമ്പതി ഉമാപ്രസാദിനെ (23) തിരുവനന്തപുരം വിമാനത്താവളത്തില്‍ വച്ച് പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. ഹൈദരാബാദില്‍ നിന്ന് തിരുവനന്തപുരത്തേക്കും തിരിച്ചും വിമാനയാത്ര നടത്തിയായിരുന്നു മോഷണങ്ങള്‍ ഏറെയുമെന്നും പൊലീസ് പറയുന്നു.

രത്‌നമ്മയുടെ വീട്ടില്‍ നിന്ന് 27,000 രൂപയുടെയും മൂലവിളാകം കോമളത്ത് മോഹനന്റെ വീട്ടില്‍ നിന്ന് 5.20 ലക്ഷം രൂപയുടെയും മണക്കാട് ടിസി 41/2606 നജാബിന്റെ വീട്ടില്‍നിന്ന് 50,000 രൂപയുടെയും സ്വര്‍ണാഭരണങ്ങള്‍ മോഷണം പോയിരുന്നു. ജൂണ്‍ 19, 24, 28 തീയതികളിലായിരുന്നു മോഷണം.

ഹൈദരാബാദില്‍നിന്ന് മെയ് 28ന് വിമാനത്തില്‍ തിരുവനന്തപുരത്തുവന്ന ഇയാള്‍ വിനോദസഞ്ചാര കേന്ദ്രങ്ങളും പത്മനാഭസ്വാമി ക്ഷേത്രവും സന്ദര്‍ശിച്ച് ജൂണ്‍ രണ്ടിന് മടങ്ങിയതായി സിറ്റി പൊലീസ് കമീഷണര്‍ സി.എച്ച്.നാഗരാജു മാധ്യമങ്ങളോട് പറഞ്ഞു.

ജൂണ്‍ ആറിന് തിരികെ വന്ന് ഫോര്‍ട്ട്, പേട്ട പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ മൂന്ന് മോഷണങ്ങള്‍ നടത്തി. ജൂലൈ ഒന്നിനു മടങ്ങി.

പകല്‍ സമയത്ത് ഓട്ടോയില്‍ ചുറ്റിക്കറങ്ങി അടച്ചുപൂട്ടിയ വീട് കണ്ടുവയ്ക്കും. ഗൂഗിള്‍ മാപ്പ് ഉപയോഗിച്ച് വീടിന്റെ ലൊക്കേഷന്‍ എടുക്കും. തുടര്‍ന്ന് രാത്രിയെത്തി വീട് കുത്തിതുറന്ന് മോഷണം നടത്തും. സ്വര്‍ണാഭരണങ്ങള്‍ മാത്രമാണ് എടുക്കുക.

ഖമ്മത്തുവച്ച് എട്ട് മോഷണക്കേസില്‍ ഫെബ്രുവരിയില്‍ അറസ്റ്റിലായിരുന്നു. മാര്‍ച്ചില്‍ ജാമ്യത്തില്‍ ഇറങ്ങി. മൂന്നുവര്‍ഷം മുമ്പ് എവറസ്റ്റ് കയറാന്‍ ബേസ് ക്യാമ്പിലെത്തിയെങ്കിലും മുന്നോട്ട് പോകാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് 30 ലക്ഷം രൂപയുണ്ടാക്കി എവറസ്റ്റ് കീഴടക്കണമെന്ന ആഗ്രഹത്തിലായിരുന്നു.

ആഡംബര ജീവിതമാണ് ഇയാള്‍ നയിച്ചിരുന്നത്. യാത്രയ്ക്ക് മിക്കപ്പോഴും വിമാനമാണ് തെരഞ്ഞെടുക്കാറെന്നും പൊലീസ് പറയുന്നു.

Related posts:

Leave a Reply

Your email address will not be published.