ശമ്പളം വേണ്ട, ഓണറേറിയം മതി: സർക്കാരിന് കെ.വി.തോമസിന്റെ കത്ത്
1 min readതിരുവനന്തപുരം : ഡൽഹിയിലെ പ്രത്യേക പ്രതിനിധിയായി കേരള സർക്കാർ നിയമിച്ച കെ.വി.തോമസ് ശമ്പളം വേണ്ടെന്നും പകരം ഓണറേറിയം അനുവദിച്ചാൽ മതിയെന്നും ആവശ്യപ്പെട്ട് കത്തു നൽകി. കുറഞ്ഞ നിരക്കിലുള്ള വിമാനയാത്ര മതിയെന്നും കത്തിലുണ്ട്. കോൺഗ്രസ് വിട്ടു വന്ന കെ.വി.തോമസിനെ ജനുവരി 18ലെ മന്ത്രിസഭായോഗമാണ് ഡൽഹിയിലെ പ്രത്യേക പ്രതിനിധിയായി നിയമിക്കാൻ തീരുമാനിച്ചത്. കാബിനറ്റ് റാങ്കോടെയാണ് നിയമനം. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് പ്രത്യേക പ്രതിനിധിയായി നിയമിച്ച മുൻ എം.പി.സമ്പത്തിന് അടിസ്ഥാന ശമ്പളം, ഡി.എ, അലവൻസ് ഉൾപ്പെടെ 92,423 രൂപയായിരുന്നു ശമ്പളം. 5 ജീവനക്കാരെയും അനുവദിച്ചിരുന്നു. ഓണറേറിയമാകുമ്പോൾ സേവനത്തിനു പ്രതിഫലമായി നിശ്ചിത തുക നൽകിയാൽ മതി.
കെ.വി.തോമസിന്റെ കത്ത് ധനവകുപ്പിനു കൈമാറി. ജീവനക്കാരുടെ എണ്ണവും ആനുകൂല്യങ്ങളും നിശ്ചയിക്കേണ്ടത് ധനവകുപ്പാണ്. മുഖ്യമന്ത്രിയുടെ ഓഫീസ് അംഗീകരിക്കുന്നതോടെ ഉത്തരവിറങ്ങും.
ഡൽഹി കേരള ഹൗസിലാകും കെ.വി.തോമസിന്റെ ഓഫീസ് പ്രവർത്തിക്കുക. എറണാകുളത്തും ഓഫീസുണ്ടാകും. മന്ത്രിയായും എം.പിയായും ഡൽഹിയിൽ പ്രവർത്തിച്ച കെ.വി.തോമസിന്റെ വിപുലമായ സൗഹൃദങ്ങൾ സംസ്ഥാനത്തിന് മുതൽക്കൂട്ടാകുമെന്നാണ് സർക്കാരിന്റെ പ്രതീക്ഷ.