പ്രതിപക്ഷത്തിന് ഒറ്റക്കെട്ടായി തിരഞ്ഞെടുപ്പിനെ നേരിടാനാകുമോ? രൂപീകരണത്തിന് മുമ്പ് പ്രതിപക്ഷ ഐക്യം തല്ലിപ്പിരിയുമോ
1 min read2024ലെ തെരഞ്ഞെടുപ്പില്‍ ബിജെപിയെ പരാജയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ പ്രതിപക്ഷപാര്‍ട്ടികളുടെ രണ്ടാമത്തെ യോഗം ബംഗരുളുവില്‍ നടക്കുകയാണ്. വലിപ്പചെറുപ്പം നോക്കാതെ എല്ലാ പ്രതിപക്ഷ പാര്‍ട്ടികളെയും യോഗത്തിലേക്ക് ക്ഷണിച്ചിട്ടുണ്ടെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലാകാര്‍ജുന്‍ ഗാര്‍ഗെ പറഞ്ഞു. കഴിഞ്ഞ ജൂണില്‍ പാറ്റ്നയില്‍ ചേര്‍ന്ന ആദ്യ യോഗത്തില്‍ 15 പാര്‍ട്ടികളാണ് പങ്കെടുത്തത്. സോണിയഗാന്ധിയുടെ അധ്യക്ഷതയില്‍ യുപിഎ എന്ന പേരിലായിരുന്നു പ്രതിപക്ഷം തെരഞ്ഞെടുപ്പില്‍ മത്സരിച്ചിരുന്നത്. എന്നാല്‍ 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷം ബിജെപിയെ നേരിടുക യുപിഎ എന്ന പേരിലായിരിക്കില്ല. പുതിയ പേര് കണ്ടെത്താനുള്ള ചര്‍ച്ചകള്‍ സജീവമാണ്. ബംഗളുരുവിലെ യോഗത്തില്‍ പുതിയ പേര് ഉരുത്തിരിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അതേസമയം യോഗത്തിന്റെ തുടക്കം തന്നെ കല്ലുകടിയായി എന്നാണ് റിപ്പോര്‍ട്ടുകള്‍. സീറ്റ് വിഭജനം തന്നെ കാരണം. നേതാക്കന്മാര് ഓരോരുത്തരും സീറ്റുവിഭജനത്തിനായി ചരടുവലികള്‍ ആരംഭിച്ചു കഴിഞ്ഞു. വിജയം ഉറപ്പായിട്ടുള്ള സീറ്റുകള്‍ പിടിച്ചടക്കാനുള്ള തന്ത്രപ്പാടിലാണ് ഓരോ കക്ഷിയും. പ്രധാനമന്ത്രി സ്ഥാനമോഹികള്‍ എാറെയുള്ളതും സഖ്യത്തിന് തലവേദനയാവും. യുപിഎയ്ക്ക് നേതൃത്വം കൊടുത്തിരുന്നത് കോണ്‍ഗ്രസും സോണിയഗാന്ധിയുമായിരുന്നു. പുതിയ പ്രതിപക്ഷ ഐക്യനിരയുടെ നേതൃത്വം ആര്‍ക്കായിരിക്കും? സംസ്ഥാനങ്ങളില്‍ പരസ്പരം കടിച്ചു കീറുന്ന പാര്‍ട്ടികള്‍ എതിരാളികളുടെ നേതൃത്വം അംഗീകരിക്കുമോ? പ്രധാനമന്ത്രി സ്ഥാനത്തേക്ക് രാഹുലിനെയല്ലാതെ മറ്റാരെയും ഉയര്‍ത്തിക്കാട്ടാന്‍ കോണ്‍ഗ്രസ് തയ്യാറല്ല. എന്നാല്‍ അദ്ദേഹത്തിന്റെ അയോഗ്യത സംബന്ധിച്ച കാര്യത്തില്‍ ആശയക്കുഴപ്പം തുടരുന്നു. സുപ്രീംകോടതിയില്‍ നിന്ന് അനുകൂല വിധി ഉണ്ടായില്ലെങ്കില്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പോലും രാഹുലിന് കഴിയില്ല.
ബിജെപിയെ താഴെയിറക്കാനാണെങ്കില് പോലും കോണ്‍ഗ്രസിനു കീഴില്‍ നില്ക്കാന് മമതാ ബാനര്‍ജിയും തയ്യാറാവില്ലെന്നാണ് സൂചന. പ്രതിപക്ഷ ഐക്യത്തിന്റെ മുന്‍നിരയില്‍ നിന്നിരുന്ന എന്‍സിപി രണ്ടായി പിളര്‍ന്നതും അവരുടെ വിജയ പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍പ്പിക്കുന്നു. ദേവഗൗഡയുടെ നേതൃത്വത്തിലുള്ള ജെഡിഎസ് പ്രതിപക്ഷ സഖ്യത്തില്‍ നിന്നും പിന്മാറി എന്‍ഡിഎയില്‍ ചേരാന്‍ തീരുമാനിച്ചതും ഐക്യനിരയ്ക്ക് കല്ലുകടിയായി മാറിയിരിക്കുന്നു. നിതീഷ്കുമാറിനെ പൂര്‍ണമായും വിശ്വസിക്കാന്‍ കഴിയുമോ എന്ന സംശയവും പല നേതാക്കള്‍ക്കുമുണ്ട്. കാരണം പല തവണ കാലുമാറിയ ആളാണല്ലോ നിതീഷ്കുമാര്‍. ഏതു നിമിഷത്തിലും അദ്ദേഹം കളംമാറി ചവിട്ടാന്‍ സാധ്യതയുണ്ടെന്ന ചിന്ത പലര്‍ക്കുമുണ്ട്. ഉത്തര്‍പ്രദേശിലാണെങ്കില്‍ മായാവതി രാഷ്ട്രീയവനവാസത്തിലാണ്. തങ്ങളുടെ എംഎല്‍എമാരെപ്പോലും പിടിച്ചു നിര്‍ത്താന്‍ കഴിയാത്ത അവസ്ഥയിലാണ് അഖിലേഷ് യാദവ്. യോഗിയുടെ അപ്രമാദിത്വത്തെ തകര്‍ക്കാനുള്ള ശേഷി അവര്‍ക്കില്ലെന്നര്‍ത്ഥം.
ആശയപരമായും അഭിപ്രായ വ്യത്യാസം പുലര്‍ത്തുന്നവരാണ് പ്രതിപക്ഷ ഐക്യനിരയിലുള്ളത്. ഏകസിവില്‍ കോഡ് എന്ന തുറുപ്പു ചീട്ടുമായി ബിജെപി വരുമ്പോള്‍ പ്രതിപക്ഷത്തെ ഭൂരിഭാഗം പാര്‍ട്ടികളും അതിനെ എതിര്‍ക്കുകയാണ്. കെജ്രിവാളിന്റെ എഎപിയാകട്ടെ ഇത്തരമൊരു നിയമത്തിന് അനുകൂലവുമാണ്. ഓരോ സംസ്ഥാനത്തെയും പ്രാദേശിക പാര്‍ട്ടികള്‍ക്കാകട്ടെ ദേശീയ താത്പര്യത്തെക്കാളുപരി പ്രാദേശിക താത്പര്യങ്ങളാണുള്ളത്. ഇവരെയെല്ലാം പൊതുധാരണയിലേക്ക് കൊണ്ടു വരുന്നതെങ്ങനെ എന്ന ആശയക്കുഴപ്പവും പ്രതിപക്ഷത്തിനുണ്ട്. ബിജെപി വൈരാഗ്യം എന്ന ഒറ്റക്കാരണം കൊണ്ടു മാത്രം 2024ലെ തെരഞ്ഞെടുപ്പിനെ ഒറ്റക്കെട്ടായി നേരിടാന്‍ പ്രതിപക്ഷത്തിനു കഴിയുമോ? അതോ രൂപീകരണത്തിനു മുമ്പു തന്നെ പ്രതിപക്ഷ ഐക്യനിര തല്ലിപ്പിരിയുമോ?