പഞ്ചാബിലെ സമര പോരാളിക്ക് കണ്ണീരോടെ വിട നല്‍കി ആലപ്പുഴ
1 min readഅമ്പലപ്പുഴ : കര്‍ഷക സമരത്തിന്റെ മുന്നണി പോരാളിയും കര്‍ഷക തൊഴിലാളികളുടെ മുഖ്യ സംഘാടകനുമായിരുന്ന ബികെഎംയു പഞ്ചാബ് സംസ്ഥാന പ്രസിഡന്റായ സന്തോഖ് സിംഗിന് കണ്ണീരോടെ വിട നല്‍കി ആലപ്പുഴ. ആലപ്പുഴ ബീച്ചില്‍ നടന്ന എ ഐ ടി യു സി ദേശിയ സമ്മേളനത്തിന്റെ പൊതു സമ്മേളനത്തില്‍ പങ്കെടുത്ത ശേഷം തിരികെ മുറിയിലേക്ക് മടങ്ങവേ പൊലീസ് പരേഡ് ഗ്രൗണ്ടിന് സമീപത്തെ റെയില്‍വേ റെയില്‍വേ ക്രോസിന് അടുത്ത് വെച്ച് ട്രെയിന്‍ തട്ടിയായിരുന്നു സന്തോഖ് സിംഗ് മരിച്ചത്.
അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ അദ്ദേഹം സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു . രാവിലെ മൃതദേഹം വിമാന മാര്‍ഗം പഞ്ചാബിലെ വസതിയിലെത്തിക്കും . സന്തോഖ് സിംഗിന് അന്ത്യാഞ്ജലി അര്‍പ്പിക്കാനായി നേതാക്കള്‍ ഉള്‍പ്പടെ ഒട്ടേറെ പേരാണ് ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ എത്തിച്ചേര്‍ന്നത് . എ ഐ ടി യു സി ദേശിയ സമ്മേളനത്തിന്റെ കമ്മീഷന്‍ ചര്‍ച്ചകളിലുള്‍പ്പടെ സജീവമായി പങ്കെടുത്ത സന്തോഖ് സിംഗ് ഏവരുടെയും ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. സരസമായ പെരുമാറ്റവും ആരെയും ആകര്‍ഷിക്കുന്ന ഇടപെടലും അദ്ദേഹത്തെ പ്രതിനിധികള്‍ക്കിടയില്‍ ഇഷ്ട സഖാവാക്കി.
ദേശിയ സമ്മേളനത്തില്‍ പങ്കെടുക്കാനായി കഴിഞ്ഞ 15നാണ് അദ്ദേഹം ആലപ്പുഴയിലെത്തിയത് . എ ഐ ടി യു സി ദേശിയ വര്‍ക്കിംഗ് കമ്മറ്റി അംഗം അമര്‍ജിത്ത് സിംഗ് മൃതദേഹം ഏറ്റുവാങ്ങി . എ ഐ ടി യു സി ദേശിയ ജനറല്‍ സെക്രട്ടറി അമര്‍ജിത്ത് കൗര്‍ , സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി രാജേന്ദ്രന്‍, ബി കെ എം യു സംസ്ഥന ജനറല്‍ സെക്രട്ടറി പി കെ കൃഷ്ണന്‍, സിപിഐ ആലപ്പുഴ ജില്ലാ സെക്രട്ടറി ടി ജെ ആഞ്ചലോസ് , നേതാക്കളായ പി വി സത്യനേശന്‍, വി മോഹന്‍ദാസ്, ആര്‍ പ്രസാദ്, ഡി പി മധു, ആര്‍ അനില്‍ കുമാര്‍, ആര്‍ സുരേഷ്, ഇ കെ ജയന്‍, വി സി മധു, പി കെ ബൈജൂ തുടങ്ങിയവരും അന്ത്യാഞ്ജലിയര്‍പ്പിക്കാന്‍ എത്തി .