ആകാശ് തില്ലങ്കേരിയുടെ വെളിപ്പെടുത്തല്‍ : കാലം കാത്തുവെച്ച കാവ്യനീതിയോ?

1 min read

സിബിഐ അന്വേഷണത്തെ സിപിഎം ഭയക്കുന്നതെന്തിന്?

”പാര്‍ട്ടിക്കുവേണ്ടി കൊലപാതകം നടത്തിയിട്ടുണ്ട്.
കൊല്ലിച്ചവര്‍ക്ക്‌ജോലി. കൊന്നവര്‍ക്ക് പട്ടിണി.
പങ്കു പറ്റിയവരുടെ വിവരം പുറത്തുപറഞ്ഞാല്‍ തലയില്‍ മുണ്ടിട്ടു നടക്കേണ്ടി വരും”
ഷുഹൈബ് വധക്കേസ് പ്രതിയും സിപിഎം പ്രവര്‍ത്തകനുമായ ആകാശ്തില്ലങ്കേരിയുടെ കുമ്പസാരമാണിത്.
ഈ കുമ്പസാരംകേട്ടിട്ട് ആരെങ്കിലും അമ്പരന്നോ? ഇല്ലേയില്ല.
എന്താണ് കാരണം?
ഈ വെളിപ്പെടുത്തലില്‍ പുതുമയൊന്നുമില്ല. അത്രതന്നെ.
കൊടിസുനിയും കിര്‍മ്മാണിമനോജും ട്രൌസര്‍മനോജും പീതാബരനും ആകാശ് തില്ലങ്കേരിയുമൊക്കെ കൊലപാതകികള്‍ ആണ്. പക്ഷേ കൊല്ലിച്ചത് സിപിഎം ആണെന്ന് എല്ലാവര്‍ക്കും അറിയാം. പകല്‍പോലെ സത്യം. സിപിഎം അത് നിഷേധിക്കുന്നു എന്നത്‌വേറെ കാര്യം. പക്ഷേ തങ്ങള്‍ക്കു പങ്കില്ലാത്ത കൊലപാതകത്തില്‍, പ്രതികളെ രക്ഷിക്കാന്‍ അവര്‍ വക്കീലിനെ നിയമിക്കും. അത് പ്രതികളുടെ മനുഷ്യാവകാശം സംരക്ഷിക്കാന്‍ ആയിരിക്കും. തെറ്റു പറയാന്‍ പറ്റില്ലല്ലോ.
ക്ലാസ്സ് റൂമില്‍ വെച്ച് പിഞ്ചുകുഞ്ഞുങ്ങളുടെ മുന്നിലിട്ടാണ് ജയകൃഷ്ണന്‍ മാസ്റ്ററെ വെട്ടിക്കൊന്നത്.കേരളമനസ്സാക്ഷിയെ ഞെട്ടിച്ച കൊലപാതകം. പ്രതികളെല്ലാം സിപിഎംകാര്‍. ജീവപര്യന്തം ശിക്ഷിക്കപ്പെട്ട പ്രതികള്‍ 8 വര്‍ഷത്തിനുശേഷം പുറത്തിറങ്ങി. അപ്പോഴതാ വരുന്നു ടിപി വധക്കേസ് പ്രതി ടികെ രാജേഷിന്റെ വെളിപ്പെടുത്തല്‍ ”ജയകൃഷ്ണനെ കൊന്നത് ഞങ്ങളാണ്. ശിക്ഷിച്ചത് പാര്‍ട്ടി നല്‍കിയ പ്രതികളെയും”. തുടരന്വേഷണത്തിന്‌കേസ് സിബിഐക്കു വിട്ടു. അന്വേഷണം എങ്ങുമെത്തിയില്ല. സിപിഎംന്റെ ഭീഷണി കാരണം ദൃക്‌സാക്ഷികളായ കുട്ടികള്‍ സാക്ഷി പറയാന്‍ എത്തിയില്ല. പക്ഷേ, അവരില്‍ പലരും മാനസികവിഭ്രാന്തിയില്‍ നിന്ന് ഇനിയുംമോചിതരായിട്ടില്ല. ദൃക്‌സാക്ഷികളില്‍ ഒരാളായ പെണ്‍കുട്ടി മാനസികവിഭ്രാന്തി മൂലം ആത്മഹത്യ ചെയ്തത് ഈയിടെയാണ്. 23 വര്‍ഷത്തിനുശേഷം.
കേരളം ഇന്നും ചര്‍ച്ച ചെയ്യുന്ന കൊലപാതകമാണ് ടിപി ചന്ദ്രശേഖരന്റേത്…. 51 വെട്ടുകള്‍… അതും മുഖംനോക്കി… ബന്ധുക്കള്‍പോലും അവസാനമായി ആ മുഖം കാണരുതെന്ന പാര്‍ട്ടിക്കോടതിയുടെ ഉത്തരവാണ് നടപ്പാക്കപ്പെട്ടത്. കാരണം മറ്റൊന്നുമായിരുന്നില്ല. സിപിഎംന്റെ തെറ്റുകളെ എതിര്‍ത്തു…. പ്രതികളെല്ലാം സിപിഎംകാര്‍…… കൊന്നിട്ടും പക തീരാതെ ടിപിയെ കുലംകുത്തിയെന്ന് വിളിച്ച് അപഹസിച്ചു പിണറായിത്തമ്പുരാന്‍.. കൊലപാതകത്തില്‍ പാര്‍ട്ടിക്ക് പങ്കില്ലെന്ന്‌നേതാക്കള്‍ നിരന്നുനിന്ന് ആണയിട്ടു. പക്ഷേ, പ്രതികള്‍ക്കുവേണ്ടി പാര്‍ട്ടി ചെലവഴിച്ചത്‌കോടികള്‍. .. ജീവപര്യന്തം ശിക്ഷിക്കപ്പെട്ട പ്രതികള്‍ക്ക് ജയിലില്‍ സുഖവാസം… ഇഷ്ടംപോലെ പരോള്‍… വിവാഹം നടത്തിക്കൊടുക്കാന്‍ പാര്‍ട്ടിനേതാക്കന്‍മാര്‍… പരോള്‍ കാലയളവില്‍ സ്വര്‍ണക്കടത്തിലും ലഹരി പാര്‍ട്ടിയിലും പ്രതികള്‍ സജീവം.. കൊലക്കേസ് പ്രതിയായ കുഞ്ഞനന്തന് രാജകീയ വരവേല്‍പ്.
2012 ഫെബ്രുവരി 12നാണ് പയ്യോളി മനോജിനെ വീട്ടില്‍ക്കയറി വെട്ടിക്കൊല്ലുന്നത്. കുറ്റം ബിഎംഎസ്‌നേതാവായിരുന്നു എന്നതാണ്. ഏരിയ സെക്രട്ടറി ചന്തുമാസ്റ്റര്‍ അടക്കം 27 സിപിഎംകാര്‍ പ്രതികള്‍. പതിവുപോലെ പാര്‍ട്ടി പറഞ്ഞു ഞങ്ങള്‍ക്കു പങ്കില്ല. പ്രധാനപ്രതി അജിത് കസ്റ്റഡിയിലിരിക്കെ വിളിച്ചു പറഞ്ഞു ”ഞാന്‍ ഡമ്മി പ്രതിയാണ്. യഥാര്‍ത്ഥ പ്രതികളെ പാര്‍ട്ടി മാറ്റി”.
2012ല്‍ തന്നെ ഫെബ്രുവരി 20ന് അരിയില്‍ ഷൂക്കൂര്‍ കൊല്ലപ്പെടുന്നു. എംഎസ്എഫ്‌നേതാവായിരുന്ന ഷൂക്കൂറിനെ പരസ്യ വിചാരണ നടത്തിയാണ് കൊല്ലുന്നത്. കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന്റെയും കല്യാശേരി എംഎല്‍എ ടിവി രാജേഷിന്റെയും കാര്‍ ആക്രമിച്ചു എന്നതാണ് കുറ്റം. ഇരുവരുംകേസിലെ പ്രതികള്‍. തങ്ങള്‍ക്കു പങ്കില്ലെന്ന പതിവു പല്ലവി വീണ്ടും. ഇവരെ പ്രതിപ്പട്ടികയില്‍ നിന്ന് നീക്കാന്‍ ലീഗ്‌നേതൃത്വം ഒത്തു കളിച്ചു എന്ന വിവാദം ഈയിടെയായി അന്തരീക്ഷത്തില്‍ മുഴങ്ങുന്നു.
പെരിയ ഇരട്ടക്കൊലക്കേസില്‍ പ്രതികള്‍ 7 സിപിഎം പ്രവര്‍ത്തകര്‍… പാര്‍ട്ടിക്കു പങ്കില്ലെന്ന് സിപിഎം…… സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മാതാപിതാക്കള്‍…… എതിര്‍ക്കാന്‍ സുപ്രീംകോടതി വരെപോയി സര്‍ക്കാര്‍….. വക്കീലന്‍മാര്‍ക്കുള്ളകോടികള്‍ സര്‍ക്കാര്‍ ഖജനാവില്‍ നിന്ന്….. അവിടെയുംതോറ്റപ്പോള്‍ ഫയല്‍ സിബിഐക്ക് കൈമാറുന്നതിനും സഹകരിക്കുന്നതിനും കാലതാമസം വരുത്തി ക്രൈംബ്രാഞ്ചിന്റെ സഹായവും പാര്‍ട്ടിക്ക്…… കൊല്ലപ്പെട്ട കൃപേഷിന്റെയും ശരത്‌ലാലിന്റെയും കുടുംബത്തെ കേസില്‍ സഹായിക്കാനെന്നപേരില്‍ അടുത്തുകൂടി ഫയലുകളെല്ലാം പരിശോധിച്ച അഡ്വ.സി.കെ.ശ്രീധരന്‍ അതേകേസിലെ പ്രതികളുടെ വക്കാലത്ത് ഏറ്റെടുത്തു…… ഏര്‍പ്പാടാക്കിയത് സിപിഎംനേതൃത്വം.
ഓരോ കൊലപാതകത്തിനുശേഷവും തങ്ങള്‍ക്കു പങ്കില്ലെന്ന് സിപിഎം ആവര്‍ത്തിച്ചു കൊണ്ടിരിക്കുമ്പോഴാണ് പാര്‍ട്ടിക്കുവേണ്ടി കൊന്നു എന്ന് ആകാശ് തില്ലങ്കേരി വെളിപ്പെടുത്തുന്നത്. ഇതോടെ ആകാശ് സിപിഎംന്റെ ശത്രുവായി… ക്യാപ്‌സൂളുകള്‍ നിരനിരയായി വന്നു. ഷുഹൈബ് വധക്കേസില്‍ സിപിഎമ്മിന് പങ്കില്ലെന്ന് എംവി ജയരാജന്‍…. ക്വട്ടേഷന്‍ രാജാവാണ് തില്ലങ്കേരി… അയാളുടെപോസ്റ്റുകള്‍ സമൂഹത്തിനുതന്നെ അപമാനമാണ്… സ്ത്രീകള്‍ക്ക് വായിക്കാന്‍ കൊള്ളില്ല. കൊല്ലാന്‍ പറഞ്ഞനേതാവിന്റെപേര് തില്ലങ്കേരി വെളിപ്പെടുത്തട്ടെ … ആകെ ജഗപൊക… തില്ലങ്കേരി സ്ത്രീയെ അപമാനിച്ചുവെന്ന ഡിവൈഎഫ്‌ഐയുടെ പരാതിവേറെയും.
ആകാശ് തില്ലങ്കേരിയുടെ കൊലക്കത്തിക്കിരയായ ഷുഹൈബിന്റെ കുടുംബം നീതിക്കുവേണ്ടി യാചിക്കുമ്പോള്‍ അവരെ കൊഞ്ഞനം കുത്തുന്ന സമീപനമാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വീകരിച്ചത്. സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട ഹൈക്കോടതി വിധിക്കെതിരെ അപ്പീല്‍പോകാന്‍ സുപ്രീംകോടതിയിലെ മുന്‍നിര അഭിഭാഷകരെ തന്നെ തേടിപ്പിടിച്ചു ഇടതു സര്‍ക്കാര്‍….. പ്രതികളെ രക്ഷിക്കാന്‍ സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് ചെലവിട്ടത് 1.36കോടി രൂപ… പാവം ജനത്തെ പിഴിഞ്ഞൂറ്റിയെടുത്ത നികുതിപ്പണം….

കൊന്നു എന്ന് കൊലപാതകിയുടെ തന്നെ കുമ്പസാരം വന്ന സ്ഥിതിക്ക് പാര്‍ട്ടി ഇനിയും സിബിഐ അന്വേഷണത്തെ എതിര്‍ക്കുന്നതെന്തിന്? സിബിഐ അന്വേഷിക്കട്ടെ. കൊല്ലിച്ചവര്‍ ആരെന്ന സത്യം ജനങ്ങളറിയട്ടെ.
മക്കള്‍ നഷ്ടമായ മാതാപിതാക്കളുടെയും അനാഥരായിത്തീര്‍ന്ന കുഞ്ഞുങ്ങളുടെയും വിധവകളായി മാറിയ സ്ത്രീകളുടെയും നിലവിളികള്‍ക്ക് അഗ്‌നിപര്‍വതത്തെക്കാളും തീവ്രതയുണ്ടെന്ന് സിപിഎം ഇനിയെങ്കിലും മനസ്സിലാക്കണം. അവരുടെ വിലാപംകേള്‍ക്കാന്‍ നിങ്ങളുടെ ബധിര കര്‍ണങ്ങള്‍ക്കാവില്ല. പക്ഷേ, അവ നിങ്ങള്‍ കൊട്ടിപ്പൊക്കിയ സിംഹാസനങ്ങളുടെ അടിവേരിളക്കും എന്നോര്‍ക്കുക. അതാണ് ആകാശ് തില്ലങ്കേരിയുടെ വെളിപ്പെടുത്തലിലൂടെ പുറത്തുവരുന്നത്. കാലം ഒന്നിനും കണക്കുചോദിക്കാതെ കടന്നുപോവില്ല.

Related posts:

Leave a Reply

Your email address will not be published.