അനിലിന്റെ ബിജെപി പ്രവേശനം വേദനയുണ്ടാക്കി, അനിലുമായി ബന്ധപ്പെട്ട് തന്റെ ആദ്യത്തെയും അവസാനത്തെയും പ്രതികരണം – എ.കെ.ആന്റണി
1 min read
മരിക്കുന്നത് കോൺഗ്രസ് പ്രവർത്തകനായിട്ടായിരിക്കുമെന്നും എ.കെ.ആന്റണി.
തിരുവനന്തപുരം : അനിൽ ആന്റണിയുടെ ബിജെപി പ്രവേശനം വേദനയുണ്ടാക്കിയെന്ന് പിതാവും കോൺഗ്രസ് സീനിയർ നേതാവുമായ എ.കെ.ആന്റണി. അനിലിന്റെ തീരുമാനത്തെ വിമർശിച്ചും നെഹ്രു കുടുംബത്തെ പിന്തുണച്ചും വളരെ വൈകാരികമായാണ് അദ്ദേഹം പ്രതികരിച്ചത്.
തെറ്റായ തീരുമാനമാണ് അനിൽ സ്വീകരിച്ചതെന്നും അനിലിന്റെ തീരുമാനം തന്നെ എാറെ വേദനിപ്പിച്ചെന്നും എ.കെ.ആന്റണി പ്രതികരിച്ചു. ‘സ്വാതന്ത്ര്യ സമര കാലത്ത് ഭാഷയോ ദേശമോ വർണമോ വർഗമോ നോക്കാതെ എല്ലാ ഇന്ത്യക്കാരെയും ഒരുപോലെ കണ്ട കുടുംബമാണ് നെഹ്രു കുടുംബം. ഇന്നും ഇന്ത്യൻ ഭരണഘടനയുടെ അടിസ്ഥാന മൂല്യങ്ങൾ സംരക്ഷിക്കാൻ വേണ്ടി വേട്ടയാടുന്നവർക്കിടയിലും വിട്ടുവീഴ്ചയില്ലാതെ പ്രവർത്തിക്കുന്നരാണ് നെഹ്രു കുടുംബാംഗങ്ങൾ. ഒരു ഘട്ടത്തിൽ ഇന്ദിരാഗാന്ധിയുമായി അകന്നുപോയി. വീണ്ടും ഇന്ദിരാഗാന്ധിയുമായി യോജിച്ച, ഇന്ദിരാഗാന്ധിയുടെ നേതൃത്വത്തെ അംഗീകരിച്ചു കൊണ്ട് കോൺഗ്രസിൽ തിരിച്ചു വന്നു. ഇതിനു ശേഷം ഇന്ദിരാഗാന്ധിയോടും കുടുംബത്തോടും മുമ്പുണ്ടായതിനേക്കാളും അടുപ്പവും ബഹുമാനവും ഉണ്ടായി’ ആന്റണി പറഞ്ഞു
ജീവിതത്തിന്റെ അവസാന നാളുകളിലേക്കാണ് കടന്നുപോകുന്നത്. 82 വയസായി. എത്രനാൾ ജീവിച്ചിരിക്കുമെന്ന് ഉറപ്പില്ല. ദീർഘായുസിന് താൽപര്യവുമില്ല. മരിക്കുന്നത് കോൺഗ്രസ് പ്രവർത്തകനായിട്ടായിരിക്കുമെന്നും എ.കെ.ആന്റണി വ്യക്തമാക്കി.
ഇന്ത്യ മഹാരാജ്യത്തിന്റെ ഐക്യം, അതിന്റെ ആണിക്കല്ലെന്നു പറയുന്നത് ബഹുസ്വരതയും മതേതരത്വവുമാണ്. നരേന്ദ്രമോദി അധികാരമേറ്റെടുത്തതിനു ശേഷം ആസൂത്രിതമായി നമ്മുടെ അടിസ്ഥാന നയങ്ങളെ ദുർബലപ്പെടുത്താനുള്ള തുടർച്ചയായ ശ്രമങ്ങൾ ഉണ്ടായി. അവസാനശ്വാസം വരെ ആർഎസ്എസിനും ബിജെപിക്കുമെതിരെ ശബ്ദമുയർത്തുമെന്നും ആന്റണി വ്യക്തമാക്കി.
അനിലുമായി ബന്ധപ്പെട്ട ഒരു ചർച്ചയ്ക്കും ചോദ്യങ്ങൾക്കും ഒരിക്കൽ പോലും താൻ തയ്യാറാവില്ലെന്ന് ആന്റണി പറഞ്ഞു. അനിലുമായി ബന്ധപ്പെട്ട് തന്റെ ആദ്യത്തെയും അവസാനത്തെയും പ്രതികരണമായിരിക്കുമെന്നും അദ്ദേഹം പ്രതികരിച്ചു.