കുഴപ്പം രാഹുലിന്റെ പിണിയാളുകളെന്ന് അജിത് ആന്റണിയും

1 min read

രാഹുല്‍ ഗാന്ധിയുടെ മേധാവിത്തത്തിനെതിരെ ശബ്ദമുയരുന്നു

കോണ്‍ഗ്രസ് അദ്ധ്യക്ഷ പദവി ഒഴിഞ്ഞിട്ടും പാര്‍ട്ടിയിലെ കിംഗ് ആയി കഴിയുന്ന രാഹുല്‍ ഗാന്ധിയുടെ പ്രവര്‍ത്തന ശൈലിക്കെതിരെ യുവാക്കളും.
രാജ്യവിരുദ്ധ ശക്തികളെ പിന്തുണയ്ക്കുകയാണ് കോണ്‍ഗ്രസും രാഹുല്‍ ഗാന്ധിയും ചെയ്യുന്നതെന്ന് ആരോപിച്ചാണ് എ.കെ.ആന്റണിയുടെ മകന്‍ അനില്‍.കെ.ആന്‍ണി പാര്‍ട്ടി വിട്ടത്. അദ്ദേഹം കഴിഞ്ഞദിവസം കേന്ദ്രമന്ത്രി പിയൂഷ് ഗോയലിന്റെ സാന്നിദ്ധ്യത്തില്‍ ബി.ജെ.പിയില്‍ ചേര്‍ന്നിരുന്നു. കോണ്‍ഗ്രസിലെ രണ്ടാം നമ്പറുകാരനായിരുന്ന ആന്റണിയുടെ മകന്‍ ബി.ജെ.പിയില്‍ ചേര്‍ന്നതിന്റെ ക്ഷീണം മാറ്റാനാണ് കോണ്‍ഗ്രസുകാര്‍ ഇടപെട്ട് അനിലിന്റെ അനുജന്‍ അജിത് ആന്റണിയെ അനിലിനെതിരെ രംഗത്തിറക്കിയത്. അനില്‍ തിരിച്ചുവരണമെന്നും പപ്പ വളരെ വിഷമിതനായാണ് കാണപ്പെട്ടതെന്നുമാണ് അജിത് ആദ്യം മാദ്ധ്യമ പ്രവര്‍ത്തകരോട് പറഞ്ഞത്. എന്നാല്‍ പിന്നീട് മറ്റ് ചില മാദ്ധ്യമങ്ങളോട് സംസാരിക്കുമ്പോള്‍ അജിത്തിന്റെ മട്ടുമാറി. കോണ്‍ഗ്രസ് രക്ഷപ്പെടണമെങ്കില്‍ രാഹുല്‍ഗാന്ധി തന്റെ കൂട്ടത്തിലുള്ളവരുടെ ഉപദേശം കേള്‍ക്കുന്നത് ഒഴിവാക്കണമെന്നും അവരാണ് രാഹുലിനെ വഴിതെറ്റിക്കുന്നതെന്നും അജിത് വ്യക്തമായി പറഞ്ഞു. ഫലത്തില്‍ ചേട്ടന്‍ അനില്‍ കെ.ആന്റണിയുടെ നിലപാടുകള്‍ ശരിയാണെന്ന് അനുജനും സൂചിപ്പിക്കുകയാണെന്ന് വ്യക്തമായി. മലയാളിയായ കെ.സി.വേണുഗോപാലാണ് ഇപ്പോള്‍ രാഹുല്‍ ഗാന്ധിയുടെ പ്രധാന ഉപദേശകന്‍. നേരത്തെ സോണിയഗാന്ധി കോണ്‍ഗ്രസ് അദ്ധ്യക്ഷയായിരുന്നപ്പോള്‍ അഹമ്മദ് പട്ടേല്‍, ഗുലാംനബി ആസാദ്, കപില്‍ സിബില്‍, മനീഷ് തിവാരി തുടങ്ങിയവരൊക്കയായിരുന്നു സോണിയയ്ക്ക് ഉപദേശം നല്‍കിക്കൊണ്ടിരുന്നത്. സോണിയയുടെ അടുത്ത ആളുകളെയൊക്കെ രാഹുല്‍ ഒഴിവാക്കുകയായിരുന്നു. കെ.സി.വേണുഗോപാലിനെതിരായ കടുത്ത ആക്രമണം കൂടിയാണ് അജിത് ആന്റണി നടത്തിയിരിക്കുന്നത്.

അനില്‍ ആന്റണി ബി.ജെ.പിയില്‍ ചേര്‍ന്നത് കടുത്ത ആഘാതമാണ് കോണ്‍ഗ്രസിനുണ്ടാക്കിയത്. അനില്‍ ജാഥ വിളിച്ചില്ല, പോസ്റ്റര്‍ ഒട്ടിച്ചില്ല, ജയിലില്‍ കിടന്നിട്ടില്ല എന്നൊക്കെ കെ.സുധാകരന്‍ പറയുന്നുണ്ടെങ്കിലും കോണ്‍ഗ്രസുകാര്‍ക്ക്, അതെത്ര വലിയവനായാലും ബി.ജെ.പിയിലേക്ക് പോകാന്‍ കഴിയും എന്ന ധാരണ പടര്‍ത്താന്‍ അനിലിന്റെ ചുവടുമാറ്റത്തിനായി. ബി.ബി.സി വിവാദത്തെ തുടര്‍ന്ന് അനില്‍ കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ചപ്പോള്‍ ഇപ്പോള്‍ ബഹളമുണ്ടാക്കുന്നവരും എന്തിന് എ.കെ.ആന്റണിയും എന്തുകൊണ്ടിടപെട്ടില്ലാ എന്നാണ് ചില കോണ്‍ഗ്രസുകാര്‍ ചോദിക്കുന്നത്.

അതേ സമയം അനില്‍ ആന്റണി മൗലികമായ ചോദ്യങ്ങളാണ് ചോദിക്കുന്നത്. രാജ്യ സ്‌നേഹം, രാഷ്ട്ര സ്‌നേഹം എന്നൊക്കെ അദ്ദേഹം ആവര്‍ത്തിക്കുമ്പോള്‍ കോണ്‍ഗ്രസിന് അത് കൈമോശം വന്നുപോയി എന്നു സൂചിപ്പിക്കുകയാണ് ചെയ്യുന്നത്. രാഷ്ട്ര വിരുദ്ധ ശക്തികളുടെ താല്‍പര്യങ്ങള്‍ക്കനുസരിച്ചാണ് കോണ്‍ഗ്രസ് പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം ആരോപിക്കുന്നു. അതേ സമയം രാജ്യത്തെ യുവത മോദിയുടെ വികസന നയങ്ങളെയും രാജ്യത്തോടുള്ള പ്രതിബദ്ധതയെയും അംഗീകരിക്കുകയാണെന്നും അനില്‍ പറയുന്നു. ബി.ബി.സി ഡോക്യുമെന്ററി വിഷയത്തിലും വിദേശ ശക്തിയുടെ ഇടപെടലിനെതിരായിരുന്നു അനിലിന്റെ നിരീക്ഷണവും. ഫലത്തില്‍ രാഹുലിന്റെ നേതൃത്വത്തിനെതിരായാണ് കോണ്‍ഗ്രസ് വിട്ടുപോകുന്ന നേതാക്കന്മാരുടെ പ്രതികരണമെന്നു മനസ്സിലാക്കാം. കോണ്‍ഗ്രസിലെ പ്രമുഖനായിരുന്ന ഗുലാം നബി ആസാദും രാഹുലിനെതിരെയാണ് സംസാരിച്ചത്. അദ്ദേഹമാകട്ടെ കേരളത്തിലെ കോണ്‍ഗ്രസുകാര്‍ക്ക് ചിരപരിചിതനും. കരുണാകരന്റെയും ആന്റണിയുടെയും അനുയായികള്‍ തമ്മിലടിച്ചപ്പോള്‍ എപ്പോഴും ഒത്തുതീര്‍പ്പിന് വന്നത് ആസാദായിരുന്നു.

ഇപ്പോള്‍ ബി.ജെ.പിയിലെ കരുത്തനും വടക്കുകിഴക്കന്‍ മേഖലയിലെ ബി.ജെ.പി പ്രമുഖ സംഘാടകനുമായി മാറിയ അസം മുഖ്യമന്ത്രി ഹേമന്ത് ബിശ്വാസ് ശര്‍മ്മയും രാഹുലുമായി ഉടക്കിയാണ് കോണ്‍ഗ്രസ് വിട്ടത്. 2014ല്‍ ഹേമന്ത് ബിശ്വാസ് ശര്‍മയെ മുഖ്യമന്ത്രിയാക്കാനാണ് സോണിയാ ഗാന്ധി ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ രാഹുല്‍ ഉടക്കി. തരുണ്‍ ഗൊഗോയിയെ രാഹുലിന്റെ നിര്‍ദ്ദേശ പ്രകാരം മുഖ്യമന്ത്രിയാക്കി. പിന്നീട് ഹിമന്ദ് ശര്‍മ ഗൊഗോയ് മന്ത്രിസഭിയില്‍ നിന്ന് രാജിവച്ചു ബി.ജെ.പിയില്‍ ചേര്‍ന്നു. ബി.ജെ.പിയുടെ രണ്ടാം ടേമില്‍ അദ്ദേഹം മുഖ്യമന്ത്രിയാവുകയും ചെയ്തു. ആസാദ് എന്ന തന്റെ ആത്മകഥയിലും ഗുലാം നബി ആസാദ് ഇക്കാര്യം എഴുതിയിരുന്നു.

കഴിവും പരിചയ സമ്പന്നതയും മിടുക്കരുമായ ആളുകളെ മാറ്റി കഴിവുകെട്ടവരാണ് ഇപ്പോള്‍ രാഹുലിന് ചുറ്റും കൂടിയിരിക്കുന്നത് എന്നാണ് കോണ്‍ഗ്രസുകാരുടെ ആരോപണം. ഇത് ഗുലാം നബി മുതല്‍ അജിത് ആന്റണി വരെയുള്ളവര്‍ വിളിച്ചുപറയുകയാണ്. കോണ്‍ഗ്രസിനെ നവീകരിക്കാന്‍ ശ്രമിച്ച നേതാക്കളൊക്കെ ഒറ്റപ്പെട്ടു. പുറത്ത് പോയി. ചിലര്‍ ഒതുക്കപ്പെട്ടു. കോണ്‍ഗ്രസിലെ അലകും പിടിയും മാറ്റി പുനരുജ്ജീവിപ്പിക്കണമെന്ന് പറഞ്ഞവരെ ബി.ജെ.പി ഏജന്റുമാര്‍ എന്നാണ് കുറ്റപ്പെടുത്തിയതെന്ന് ഗുലാം നബി ആസാദ് ഓര്‍മ്മിപ്പിക്കുന്നു.

അടിയന്തരാവസ്ഥയ്ക്ക് ശേഷം കോണ്‍ഗ്രസ് ഭരണം തകര്‍ന്നടിഞ്ഞപ്പോഴും കേരളം, കര്‍ണാടകം, ആന്ധ്ര എന്നിവിടങ്ങളിലെല്ലാം കോണ്‍ഗ്രസ് ഭരണമാണ്. എന്നാല്‍ ഇവിടെയെല്ലാം കോണ്‍ഗ്രസ് ക്ഷീണിച്ചിരിക്കുകയാണ്. ഇന്ന് യു.പി, ബിഹാര്‍ തുടങ്ങിയ സംസ്ഥാനങ്ങളിലൊക്കെ കോണ്‍ഗ്രസ് നാമാവശേഷമായി. എന്നും കോണ്‍ഗ്രസിന്റെ ശക്തികേന്ദ്രമായ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും അത് പേരിനുമാത്രമായി. അല്‍പമെങ്കിലും കോണ്‍ഗ്രസിന് ശക്തിയുള്ള സംസ്ഥാനങ്ങളിലൊക്കെ അതിന്റെ ശവക്കുഴി തോണ്ടാനാണ് ബി.ജെ.പി ശ്രമിക്കുന്നത്. അതിനായാണ് കേരളത്തില്‍ കൃസ്ത്യന്‍ ന്യൂനപക്ഷത്തെ ബി.ജെ.പിയോടടുപ്പിക്കാന്‍ കാര്യമായ ശ്രമം നടത്തുന്നത്. രാജ്യത്ത് ജനാധിപത്യം തകരാറിലാണെന്ന് കോണ്‍ഗ്രസ് പ്രചരിപ്പിക്കുമ്പോള്‍ ജനാധിപത്യത്തിനല്ല, കുടുംബാധിപത്യത്തിനാണ് ക്ഷീണം സംഭവിച്ചതെന്നാണ് ബി.ജെ.പി ആരോപിക്കുന്നത്. എല്ലാ തിരഞ്ഞെടുപ്പുകളിലും കോണ്‍ഗ്രസിന് തിരിച്ചടി മാത്രമാണ് കിട്ടുന്നത്. ഈ പോക്ക് പോയാല്‍ 2024ലെ ലോകസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ കോണ്‍ഗ്രസ് എന്ന പാര്‍ട്ടി പോലും കാണുമോ എന്ന സംശയമാണുയരുന്നത്.

Related posts:

Leave a Reply

Your email address will not be published.