ഐശ്വര്യ ലക്ഷ്മിയുടെ ആദ്യ തെലുങ്ക് ചിത്രം അമ്മു ആമസോണില്‍
1 min readആമസോണ്‍ പ്രൈം വീഡിയോയുടെ ആദ്യ തെലുങ്ക് ഒറിജിനല്‍ ചിത്രമായ ‘അമ്മു’ പ്രദര്‍ശനത്തിനെത്തുന്നു. ഒക്ടോബര്‍ 19നാണ് സ്ട്രീം ചെയ്യുന്നത്. ഇന്ത്യയിലും 240ലധികം രാജ്യങ്ങളിലും പ്രദേശങ്ങളിലും പ്രൈം അംഗങ്ങള്‍ക്ക് തെലുങ്കിന് പുറമെ തമിഴ്, മലയാളം, കന്നഡ, ഹിന്ദി എന്നീഭാഷകളിലാണ് എത്തുന്നത്.
പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ച് ഒരു ഫീനിക്സിനെപ്പോലെ ചിറകടിച്ചുയര്‍ന്ന ഒരു സ്ത്രീയുടെ കരുത്ത് പകരുന്ന കഥയാണ് ചിത്രം പറയുന്നത്. ഗാര്‍ഹിക പീഡനത്തിന് ഇരയാകുന്ന സ്ത്രീയുടെ ആന്തരിക സംഘര്‍ഷങ്ങളും അതില്‍ അതിജീവിക്കുകയും ആന്തരിക ശക്തി കണ്ടെത്തുകയും ദുരുപയോഗിക്കുന്ന ഭര്‍ത്താവിനോട് പ്രതികാരം ചെയ്യുന്ന ഒരു സ്ത്രീയുടെ പരിവര്‍ത്തനമാണ് ‘അമ്മു’വിന്റെ പ്രമേയം.
സ്റ്റോണ്‍ ബെഞ്ച് ഫിലിംസിന്റെ ബാനറില്‍ കല്യാണ്‍ സുബ്രഹ്മണ്യം, കാര്ത്തികേയന് സന്താനം എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത് . ചാരുകേഷ് ശേഖര്‍ ആണ്.
പല കാരണങ്ങളാലും അമ്മു ഞങ്ങള്‍ക്ക് സവിശേഷമാണെന്ന് പ്രൈം വീഡിയോയുടെ ഇന്ത്യ ഒറിജിനല്‍സ് ഹെഡ് അപര്‍ണ പുരോഹിത് പറഞ്ഞു. ‘ഇത് ഞങ്ങളുടെ ആദ്യ തെലുങ്ക് ഒറിജിനല്‍ സിനിമ മാത്രമല്ല, കടന്നുപോയതില്‍ ഞങ്ങള്‍ ത്രില്ലടിക്കുന്ന ഒരു അനുഭവമാണ്. സ്ത്രീകളുടെ ശക്തിയിലും പ്രതിരോധശേഷിയിലും ശ്രദ്ധ കേന്ദ്രീകരിക്കുന്ന പ്രധാനപ്പെട്ടതും പ്രസക്തവുമായ ഒരു കഥ കൂടിയാണ് ചിത്രം പറയുന്നത്. പുത്തം പുതുകാലൈ, മഹാന് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം കാര്‍ത്തിക് സുബ്ബരാജുമായുള്ള ഞങ്ങളുടെ അടുത്ത സഹകരണം കൂടിയാണീ ചിത്രം. ചിത്രത്തില്‍ ഐശ്വര്യ ലക്ഷ്മി, നവീന്‍ ചന്ദ്ര, സിംഹ എന്നിവര്‍ മികച്ച പ്രകടനം കാഴ്ചവെച്ചു. പ്രൈം വീഡിയോയില്‍, ഈ കഥ ഇന്ത്യയിലെ മാത്രമല്ല, ലോകമെമ്പാടുമുള്ള ഞങ്ങളുടെ പ്രേക്ഷകരിലേക്ക് എത്തിക്കുന്നതില്‍ ഞങ്ങള്‍ ആവേശഭരിതരും അഭിമാനമുള്ളവരുമാണ്’; അപര്‍ണ പുരോഹിത് പറഞ്ഞു.
ഒരു സിനിമ എന്ന നിലയില്‍ അമ്മു ഒരു റിവഞ്ച് ത്രില്ലര്‍ ആണ്. ഒരു നാടകത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട, ജീവിതം പ്രവചനാതീതമാണെന്ന സന്ദേശം നല്കുന്ന ഈ ചിത്രം പ്രേക്ഷകരെ ആവേശത്തിന്റെ മുള്‍മുനയില്‍ എത്തിക്കും. ഐശ്വര്യ, നവീന്‍, സിംഹ എന്നിവര്‍ക്കൊപ്പം ഇന്ഡസ്ട്രിയിലെ ചില മികച്ച അഭിനേതാക്കളുടെ മികച്ച പ്രകടനവും ഈ ചിത്രത്തിലുണ്ട്. വൈകാരികമായ കാമ്പിനെ നിലനിര്‍ത്തിക്കൊണ്ട് ഈ രസകരവും പ്രധാനപ്പെട്ടതുമായ കഥ അവതരിപ്പിച്ചതിന് ചാരുകേഷ് ശേഖറിനെ അഭിനന്ദിക്കുന്നതായി ക്രിയേറ്റീവ് പ്രൊഡ്യൂസര്‍ കാര്‍ത്തിക് സുബ്ബരാജ് പറഞ്ഞു. ആമസോണ്‍ പ്രൈം വീഡിയോയിലൂടെ 240 രാജ്യങ്ങളില്‍ ചിത്രം പ്രദര്‍ശനത്തിനെത്തും.