നന്ദനയ്ക്ക് ശേഷം മറ്റൊരു കുഞ്ഞ് വേണ്ടെന്ന് വെച്ചു!
1 min readഇപ്പോള്‍ കാണുന്ന ചിത്ര പഴയ ചിത്രയല്ല
കെ എസ് ചിത്ര എന്ന പേര് മലയാളി എഴുതി വച്ചിരിക്കുന്നത് ഒരുപക്ഷെ അച്ചടിച്ച പത്രത്താളുകളിലല്ല, ഓരോരുത്തരുടെയും മനസ്സില്‍ തന്നെയാണ്. പതിനായിരത്തലധികം പാട്ടുകള്‍, മലയാളം, തമിഴ്, ഹിന്ദി കന്നഡ, ഭാഷകള്‍ പിന്നെയും നീളുന്നു. മലയാളത്തിലെ വാനമ്പാടിയെന്ന പേര് അതുകൊണ്ട് തന്നെ ചിത്ര ചേച്ചിയ്ക്ക് മാത്രം സ്വന്തം. മലയാളികള്‍ ചെവിയിലും ഹൃദയത്തിലും ഇപ്പോഴും എപ്പോഴും സൂക്ഷിക്കുന്ന പത്തു പാട്ടുകളുണ്ടെങ്കില്‍ അവയില്‍ പകുതിയും കെ എസ് ചിത്രയുടെ തന്നെയാകും എന്നതാണ് സത്യം.
കരിയറില്‍ കൈനിറയെ പുരസ്‌കാരങ്ങളും അംഗീകാരങ്ങളും മലയാളത്തിന്റെ വാനമ്പാടിയെ തേടി എത്തിയിട്ടുണ്ട്. എന്നാല്‍ ഇതിനേക്കാളേറെ ചിത്രയ്ക്ക് ഏറ്റവും പ്രിയപ്പെട്ടതും വിലമതിക്കാനാവാത്തതുമായ ഒന്നായിരുന്നു ഏക മകള്‍ നന്ദന. 2011ലെ ഒരു വിഷുനാളില്‍ ദുബായിയിലെ വില്ലയില്‍ നീന്തല്‍ക്കുളത്തില്‍ വീണാണ് ഒമ്പത് വയസ്സായ നന്ദന മരിക്കുന്നത്.
മകള്‍ വേര്‍പിരിഞ്ഞിട്ട് പന്ത്രണ്ട് വര്‍ഷം പിന്നിടുമ്പോഴും നീറുന്ന അമ്മ മനസുമായാണ് ചിത്ര ഇന്നും ജീവിക്കുന്നത്. മകളുടെ ഓര്‍മ്മകളില്‍ മുമ്പൊരിക്കല്‍ ചിത്ര പങ്കിട്ട വാക്കുകളാണ് ശ്രദ്ധ നേടുന്നത്. അടുത്തിടെ പിറന്നാള്‍ ദിനത്തില്‍ മകളെക്കുറിച്ച് ചിത്ര കുറിച്ച വാക്കുകള്‍ക്ക് പിന്നാലെയാണ് ചിത്രയുടെ പഴയ വീഡിയോയും വൈറലായി മാറുന്നത്.
‘എന്റെ ഹൃദയത്തില്‍ ഒരു വലിയ വിള്ളല്‍ ഉണ്ടാക്കിയാണ് മോളെ നീ പൊയ്‌പോയത്. ആ വിടവ് നികത്താന്‍ എനിക്ക് കഴിഞ്ഞിട്ടില്ല. എനിക്ക് ഓരോ ദിവസവും നിന്നെ കൂടുതല്‍ മിസ് ചെയ്യുകയാണ്’, എന്നായിരുന്നു മകളുടെ പിറന്നാള്‍ ദിനത്തില്‍ ചിത്രയുടെ കുറിപ്പ്. മകളെ നഷ്ടപ്പെട്ട ചിത്രയ്ക്ക് ഒരു കുഞ്ഞിനെ ദത്തെടുത്തുകൂടെ എന്നുള്ള ചോദ്യങ്ങള്‍ പലപ്പോഴും ആരാധകരില്‍ നിന്നും ഉണ്ടായിട്ടുണ്ട്. ഒരിക്കല്‍ ഒരു മാധ്യമപ്രവര്‍ത്തകനും ഇതേ ചോദ്യം ചോദിക്കുകയുണ്ടായി. അന്ന് ചിത്ര നല്‍കിയ മറുപടിയാണ് ഇപ്പോള്‍ വൈറലാകുന്നത്.
‘എന്റെ നന്ദന മോള്‍ തന്നെയാണ് ഇപ്പോഴും മനസ് നിറയെ. അവള്‍ വളരെ പൊസസീവ് ആയിരുന്നു. മറ്റേതൊരു കുഞ്ഞിനെ എടുക്കുമ്പോഴും അവളുടെ മുഖം വല്ലാതാകുമായിരുന്നു. അനിയന്റെ കുഞ്ഞിനെ എടുത്താല്‍ പോലും അവള്‍ക്ക് അത് ബുദ്ധിമുട്ടായിരുന്നു. ഒരു കുഞ്ഞിനെ അഡോപ്റ്റ് ചെയ്യാനൊക്കെ ഞങ്ങള്‍ ശ്രമിച്ചിരുന്നതാണ്.
ഒരു കുഞ്ഞിനെ ദത്തെടുത്താല്‍ അതിന്റെ എല്ലാ ഉത്തരവാദിത്തങ്ങളും നമുക്കാണ്. പഠിപ്പിക്കണം, കല്യാണം നടത്തണം. അതുവരെ ഞാന്‍ ജീവിച്ചിരിക്കുമോ എന്ന് അറിയില്ല. അതുകൊണ്ടാണ് നന്ദന മോളെ മാത്രം മനസില്‍ വെച്ച് ജീവിക്കുന്നത്.’ എന്നായിരുന്നു ചിത്ര പറഞ്ഞത്. തന്നെ പോലെ സങ്കടം അനുഭവിക്കുന്ന ഒരുപാട് പേര്‍ ഈ ലോകത്തുണ്ടെന്ന് താന്‍ മനസിലാക്കിയെന്നും ചിത്ര പറഞ്ഞിരുന്നു.
‘ഇപ്പോള്‍ കാണുന്ന ചിത്ര പഴയ ചിത്രയല്ല. ഞാനും എന്റെ ഭര്‍ത്താവും ഓരോ ദിവസവും വളരെ ഡിപ്രസ്ഡാണ്. ഞാന്‍ എല്ലാ ദിവസവും അവളെ ഓര്‍ത്തുകൊണ്ടാണ് എഴുന്നേല്‍ക്കുന്നത്. കരയാത്ത ഒരു ദിവസം പോലുമില്ല. പക്ഷേ എനിക്ക് ജീവിക്കണ്ടേ, മരിക്കാന്‍ പറ്റില്ലല്ലോ. അങ്ങനെ പോയല്ലേ പറ്റു,’ ചിത്ര ചോദിക്കുന്നു. ഇനി എന്ത് വലിയ ദുഖം വന്നാലും തനിക്ക് താങ്ങാന്‍ പറ്റുമെന്നും ചിത്ര വീഡിയോയില്‍ പറയുന്നുണ്ട്.
ഇതിലപ്പുറമൊന്നും എനിക്കിനി താങ്ങാനാവാത്തതായില്ല. അത്രത്തോളം വേദന അനുഭവിച്ചു. എല്ലാം താങ്ങാനുള്ള കരുത്ത് എനിക്ക് തരാന്‍ വേണ്ടിയാകും ദൈവം ഇങ്ങനൊരു വേദന എനിക്ക് തന്നത്. ഏതു മുറിവിനെയും കാലം മായ്ക്കുമെന്നാണ് പറയാറ്, പക്ഷേ എനിക്കേറ്റ ആ മുറിവ് കാലം ഉണക്കുന്നില്ല, എന്റെ നന്ദന എന്റെ മനസ്സില്‍ നിന്ന് ഒരിഞ്ച് ഇറങ്ങിയിട്ടില്ലെന്നും ചിത്ര പറയുന്നു.