ഇന്ത്യ വിശ്വസനീയമായ സൈനിക പങ്കാളി – പ്രധാനമന്ത്രി നരേന്ദ്രമോദി

1 min read

ബെംഗളൂരു: ഏഷ്യയിലെ ഏറ്റവും വലിയ എയ്‌റോ ഷോയുടെ 14-ാം പതിപ്പായ എയ്‌റോ ഇന്ത്യ 2023, പ്രധാനമന്ത്രി നരേന്ദ്രമോദി ബെംഗളൂരുവിൽ ഉദ്ഘാടനം ചെയ്തു. പുതിയ ഇന്ത്യയുടെ കഴിവുകൾക്ക് ബെംഗളൂരുവിന്റെ ആകാശം സാക്ഷിയാവുകയാണെന്ന് ഉദ്ഘാടന വേളയിൽ പ്രധാനമന്ത്രി പറഞ്ഞു. അഞ്ചു ദിവസം നീണ്ടു നിൽക്കുന്ന പരിപാടികൾ യാലഹങ്ക എയർഫോഴ്സ് സ്റ്റേഷൻ പരിസരത്താണ് നടക്കുന്നത്. ഇന്ത്യൻ വ്യോമസേനയുടെ ശക്തിയും ശേഷിയും പ്രകടമാക്കുന്നതാണ് ഷോ. സൈനിക വിമാനങ്ങൾ, ഹെലികോപ്ടറുകൾ, വിമാനത്തിലെ പുതുതലമുറ ഇലക്‌ട്രോണിക്സിന്റെ പ്രയോഗം എന്നിവയെല്ലാം വ്യോമപ്രദർശനത്തിൽ പ്രകടമാകും.

വിദേശ കമ്പനികളുടെ പങ്കാളിത്തം ഉറപ്പുവരുത്താൻ തദ്ദേശീയ ഉപകരണങ്ങളുടെയും സാങ്കേതിക വിദ്യകളുടെയും പ്രദർശനമുൾപ്പെടെയാണ് എയ്‌റോ ഇന്ത്യ 2023ൽ ഒരുക്കിയിരിക്കുന്നത്. പുതിയ ഉയരങ്ങൾ കീഴടക്കുകയാണ് ഇന്ത്യ. ഇന്ത്യയുടെ വികസിച്ചുകൊണ്ടിരിക്കുന്ന കഴിവുകളുടെ പ്രതീകം കൂടിയാണ് എയ്‌റോ ഇന്ത്യ.
ഇവിടെ എത്തിച്ചേർന്നിരിക്കുന്നത് നൂറോളം രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളാണ്. ഇന്ത്യ വിശ്വസനീയമായ സൈനിക പങ്കാളിയാണെന്നും ഇന്ത്യയ്ക്ക് മേൽ വിദേശരാജ്യങ്ങൾ അർപ്പിക്കുന്ന വിശ്വാസം വർധിച്ചുവെന്നുമാണ് ഇത് സൂചിപ്പിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. പുതിയ ഇന്ത്യയുടെ പുത്തൻ സമീപനങ്ങളാണ് എയ്‌റോ ഇന്ത്യ 2023ൽ പ്രതിഫലിക്കപ്പെടുന്നത്. ഇത് വെറുമൊരു ‘ഷോ’ ആയി മാത്രം പരിഗണിച്ചിരുന്ന കാലമുണ്ടായിരുന്നു. എന്നാൽ കഴിഞ്ഞ ഏതാനും വർഷങ്ങൾകൊണ്ട് ആ കാഴ്ചപ്പാട് മാറ്റിയെടുക്കാൻ രാജ്യത്തിന് കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.
എയ്‌റോ ഇന്ത്യ 2023ൽ ഇന്ത്യയിലെയും വിദേശത്തേയുമായി എഴുന്നൂറോളം പേരാണ് പ്രദർശനത്തിൽ പങ്കുചേരുന്നത്. നേരത്തെയുള്ള എല്ലാ റെക്കോർഡുകളും ഇത്തവണ പഴങ്കഥയാവും. ഒരു പ്രദർശനമെന്നതിലുപരി ഇന്ത്യയുടെ ആത്മവിശ്വാസത്തിന്റെ പ്രതിഫലനം കൂടിയാണ് എയ്‌റോ ഇന്ത്യ 2023 എന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.

Related posts:

Leave a Reply

Your email address will not be published.