മലയാളസിനിമയെ പ്രതിസന്ധിയിലാക്കുന്ന നടന്‍മാര്‍
1 min readഅഹങ്കാരികളായ താരങ്ങള്‍ ആരെല്ലാം?
മലയാളത്തിലെ ചില നടീനടന്‍മാരെങ്കിലും മലയാള സിനിമയ്ക്ക് ബാദ്ധ്യതയാകുന്നുണ്ടോ? ഉണ്ടെന്നാണ് ഫെഫ്ക പറയുന്നത്. ചില നടീനടന്‍മാര്‍ വല്ലാത്ത ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുന്നുവെന്ന് സംവിധായകനും ഫെഫ്ക ജനറല്‍ സെക്രട്ടറിയുമായ ബി.ഉണ്ണികൃഷ്ണന്‍. പത്രസമ്മേളനം നടത്തിയാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. ഒരേ ദിവസവും സമയവും തന്നെ പല നിര്‍മ്മാതാക്കള്‍ക്കായി കാള്‍ഷീറ്റ് കൊടുക്കുന്നു, എഗ്രിമെന്റ് ഒപ്പിടാന്‍ തയ്യാറാകുന്നില്ല, സിനിമയുടെ എഡിറ്റ് നടനെയും നടന്‍ പറയുന്ന ആള്‍ക്കാരെയും കാണിക്കണം എന്നൊക്കെയാണ് ഉണ്ണികൃഷ്ണന്‍ ആരോപിക്കുന്നത്. ഇത് ശരിവെയ്ക്കുന്ന രീതിയില്‍ മുന്‍പും വാര്‍ത്തകള്‍ വന്നിരുന്നു.
പ്രശ്‌നക്കാരുടെ പേരുകള്‍ ഫെഫ്ക്ക പറയുന്നില്ല. പക്ഷേ ആരൊക്കെയാണ് മലയാള സിനിമയുടെ കാന്‍സര്‍ ആയി മാറിക്കൊണ്ടിരിക്കുന്നത് എന്ന് സിനിമാ പ്രേക്ഷകര്‍ക്കറിയാം. സിനിമയിലെ യുവതലമുറയില്‍പ്പെട്ട പലരും ലഹരിക്കടിമകളാണ്. സിനിമയുടെ ഷൂട്ടിംഗ് തടസ്സപ്പെടുത്തുന്ന രീതിയില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കാന്‍ പലരും ശ്രമിച്ചിരുന്ന കഥ അടുത്ത കാലത്ത് കേട്ടിരുന്നു. ഇതുമൂലം കുത്തുപാളയെടുക്കേണ്ട അവസ്ഥയിലാണ് നിര്‍മ്മാതാക്കളില്‍ പലരും.
സിനിമയില്‍ കാലുറപ്പിച്ചതിനു ശേഷം ഷെയ്ന്‍ നിഗം എന്ന യുവ നടന്‍ ഉണ്ടാക്കിയ പ്രശ്‌നങ്ങള്‍ ചില്ലറയൊന്നുമല്ല. സെറ്റില്‍ ഉണ്ടായ പ്രശ്‌നങ്ങളുടെ പേരില്‍ ഷെയ്ന്‍ നിഗമിന് പ്രൊഡ്യാസേഴ്‌സ് അസോസിയേഷന്‍ വിലക്ക് കല്‍പിക്കുന്ന അവസ്ഥ വരെ അടുത്ത കാലത്തുണ്ടായിരുന്നു. അതെല്ലാം പറഞ്ഞു തീര്‍ത്ത് സിനിമയുമായി സഹകരിക്കാമെന്ന് ഉറപ്പു നല്‍കിയ ശേഷമാണ് നടന്‍ തലമുടി പറ്റെ വടിച്ച് സംവിധായകനെ പ്രതിസന്ധിയില്‍ ആക്കിയത്.
താടിയും മുടിയും വളര്‍ത്തിയ കഥാപാത്രമായിരുന്നു ആ സിനിമയില്‍ ഷെയ്‌നിന്റേത്. കോമ്പിനേഷന്‍ സീനില്‍ മകന് പ്രാധാന്യം നല്‍കുന്ന രീതിയിലേ ഷൂട്ട് ചെയ്യാവൂ എന്നാവശ്യപ്പെട്ട് ഷെയ്ന്‍ നിഗമും അമ്മയും സെറ്റില്‍ പ്രശ്‌നങ്ങളുണ്ടാാക്കിയത് അടുത്തിടെയാണ്. സിനിമയുടെ എഡിറ്റ് ചെയ്ത ഭാഗം കാണിക്കണം എന്ന് അവര്‍ വാശിപിടിച്ചു. ഇല്ലെങ്കില്‍ സിനിമ പൂര്‍ത്തിയാക്കാന്‍ അനുവദിക്കില്ല എന്നായിരുന്നു ഭീഷണി. നിവൃത്തിയില്ലാതെ എഡിറ്റ് ചെയ്ത ഭാഗം അവരെ കാണിക്കാന്‍ സംവിധായകന്‍ തയ്യാറായി. മുഴുവന്‍ ഭാഗങ്ങളും അമ്മയും മകനും ഇരുന്ന് കണ്ട് തൃപ്തിപ്പെട്ടതിനു ശേഷമാണ് ബാക്കി ഭാഗങ്ങള്‍ പൂര്‍ത്തിയാക്കാന്‍ നടന്‍ തയ്യാറായത്. പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത കൊറോണ പേപ്പേഴ്‌സ് എന്ന ചിത്രത്തിന് ഷെയ്ന്‍ നിഗമിന്റെ പ്രതിഫലം 50 ലക്ഷം രൂപയായിരുന്നു. പ്രിയദര്‍ശന്‍ ചിത്രത്തില്‍ അഭിനയിച്ചതിന്റെ പേരില്‍ നടന്‍ പ്രതിഫലം ഒരു കോടിയായി ഉയര്‍ത്തി. ഇക്കാര്യം പുതിയ നിര്‍മ്മാതാവിനെ അറിയിക്കുന്നത് ഷൂട്ടിംഗ് തുടങ്ങിയതിനു ശേഷവും. ഉയര്‍ന്ന പ്രതിഫലവും നല്‍കി ഷെയ്‌നിനെ വെച്ച് സിനിമ പൂര്‍ത്തിയാക്കുക മാത്രമേ നിര്‍മ്മാതാവിനു മുന്നില്‍ മാര്‍ഗമുളളൂ.
പല നിര്‍മ്മാതാക്കള്‍ക്കും ഒരേ സമയം കാള്‍ഷീറ്റ് കൊടുക്കുന്ന സ്വഭാവക്കാരനാണത്രേ ശ്രീനാഥ് ഭാസി. സമയത്തിന് ഷൂട്ടിംഗിന് എത്തുകയുമില്ല. അറ്റ് നടിനടന്‍മാരും സാങ്കേതിക പ്രവര്‍ത്തകരും യഥാസമയത്തെത്തി ഇവര്‍ക്കായി കാത്തിരിക്കേണ്ടി വരുന്നു. ഇതുമൂലം ഷൂട്ടിംഗ് യഥാസമയം നടത്താന്‍ കഴിയാതെ വരുന്നു. ഷെഡ്യൂളുകള്‍ നീണ്ടുപോകുന്നു. നിര്‍മ്മാതാവിന് മിച്ചം സാമ്പത്തിക നഷ്ടം മാത്രം. ടോം ഷൈന്‍ ചാക്കോ, ആസിഫ് അലി തുടങ്ങിയ മറ്റു ചില നടന്‍മാരുടെ പേരുകളും ഇക്കൂട്ടത്തില്‍ പറഞ്ഞു കേള്‍ക്കുന്നുണ്ട്.
മുതിര്‍ന്ന നടീനടന്‍മാരെല്ലാം തങ്ങളോട് പൂര്‍ണമായി സഹകരിക്കുന്നവരാണ് എന്ന് ഫെഫ്ക പറയുന്നു. യുവതലമുറയില്‍പ്പെട്ട ചിലര്‍ മാത്രമാണ് പ്രശ്‌നക്കാര്‍. അതാരൊക്കെയെന്ന് ഫെഫ്കയ്ക്ക് വ്യക്തമായ ധാരണയുണ്ട്. അവര്‍ ഇപ്പോള്‍ പേര് പറയുന്നില്ല എന്നു മാത്രം. പ്രൊഡ്യുസേഴ്‌സ് അസോസിയേഷനുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം ശക്തമായ തീരുമാനങ്ങളിലേക്ക് നീങ്ങാം എന്നാണ് അവര്‍ കരുതുന്നത്. ഇക്കാര്യത്തില്‍ താര സംഘടനയായ അമ്മയുടെ പിന്തുണയുണ്ടാകും എന്നും അവര്‍ പ്രതീക്ഷിക്കുന്നു. കാരണം പ്രൊഡ്യാസേഴ്‌സ് അസോസിയേഷന്‍ തയ്യാറാക്കിയ എഗ്രിമെന്റ് അമ്മ കൂടി അംഗീകരിച്ചതാണ്. ഈ എഗ്രിമെന്റാണ് നടന്‍മാര്‍ അവഗണിക്കുന്നത്. കൂടാതെ പ്രശ്‌നക്കാരായ പലരും അമ്മയില്‍ അംഗങ്ങളുമല്ല.
കോടികള്‍ ഇറക്കിയാണ് ഒരു നിര്‍മ്മാതാവ് സിനിമ പിടിക്കുന്നത്. അഭിനേതാക്കളും മറ്റ് സാങ്കേതിക പ്രവര്‍ത്തകരും പ്രതിഫലം മുന്‍കൂര്‍ വാങ്ങിയാണ് ജോലി ചെയ്യുന്നത്. സിനിമയുടെ പരാജയം അവരെ ബാധിക്കുന്നതേയില്ല. സിനിമ പൊളിഞ്ഞ് പാളീസായി ജീവിതം തന്നെ പ്രതിസന്ധിയിലായ എത്രയോ നിര്‍മ്മാതാക്കള്‍ മലയാളത്തില്‍ തന്നെയുണ്ട്. കുടുംബം ഛിന്നഭിന്നമായി. പലരും മാനസിക പ്രശ്‌നങ്ങള്‍ക്ക് അടിമകളുമായി. നിര്‍മ്മാതാവില്ലെങ്കില്‍ ഒരു താരത്തിനും പ്രസക്തിയില്ലെന്ന് അഹങ്കാരികളായ ഈ നടീനടന്‍മാര്‍ ഓര്‍ക്കേണ്ടതാണ്. അവരുടെ പണവും കഷ്ടപ്പാടുമാണ് നിങ്ങളെ താരങ്ങളാക്കിയത്.
എല്ലാ വിഭാഗം ജീവനക്കാരുമായും വ്യക്തമായ എഗ്രിമെന്റ് തയ്യാറാക്കി മാത്രമേ സിനിമ നിര്‍മ്മിക്കാനിറങ്ങൂ എന്ന് നിര്‍മ്മാതാക്കള്‍ തീരുമാനിക്കണം. കരാര്‍ തെറ്റിക്കുന്നവര്‍, അവര്‍ എത്ര ഉന്നതരാണെങ്കിലും, കര്‍ശനമായ അച്ചടക്ക നടപടി സ്വീകരിക്കാനും തയ്യാറാകണം. ഇത്തരക്കാരെ സിനിമയില്‍ നിന്ന് മാറ്റി നിര്‍ത്താന്‍ നിര്‍മ്മാതാക്കളും സംവിധായകരും അമ്മയും സഹകരിക്കണം. എങ്കില്‍ മാത്രമേ ഇത്തരം അഹങ്കാരത്തിന് അന്ത്യമാകൂ. നിര്‍മ്മാതാക്കളുടെ വേദനയ്ക്ക് പരിഹാരമാകൂ.