പൊട്ടിക്കരഞ്ഞ് ജയറാം; ദുഃഖം താങ്ങാനാവാതെ ദിലീപ്; ഇന്നസെന്റിനെ ഒരുനോക്ക് കാണാൻ താരങ്ങളും പ്രമുഖരും

1 min read

തൃശൂർ : മലയാള സിനിമയിൽ ചിരിയുടെ വിസ്മയം തീർത്ത മഹാനടൻ ഇന്നസെന്റിനെ ഒരു നോക്കു കാണാൻ ആശുപത്രിയിലേക്കെത്തുകയാണ് മലയാളത്തിലെ താരങ്ങളും രാഷ്ട്രീയ നേതാക്കളും. മമ്മൂട്ടി, ജയറാം, ദിലീപ്, മധുപാൽ, ഇടവേള ബാബു തുടങ്ങിയവർ ആശുപത്രിയിലെത്തി.
ദുഃഖം സഹിക്കാനാവാതെ പൊട്ടിക്കരയുകയായിരുന്നു ജയറാം. കലാരംഗത്ത് തനിക്കൊരു വിലാസം തന്നത് ആ ശബ്ദമായിരുന്നുവെന്ന് നടൻ ദിലീപ് അനുസ്മരിക്കുന്നു. ഓണത്തിനിടയ്ക്ക് പുട്ടുകച്ചവടം എന്ന ഓഡിയോ കാസറ്റിലൂടെ ഓണത്തിന് പ്രജകളെ കാണാനെത്തുന്ന മാവേലിയായി ഇന്നസെന്റിന്റെ ശബ്ദം അനുകരിച്ചിരുന്നത് ദിലീപായിരുന്നു.
മന്ത്രിമാരായ സജി ചെറിയാനും പി.രാജീവും ആർ.ബിന്ദുവും ആശുപത്രിയിലേക്ക്‌ നേരിട്ടെത്തിയിരുന്നു.
ഞായറാഴ്ച രാത്രി പത്തരോടെയാണ് ഇന്നസെന്റ് മരണമടയുന്നത്. അദ്ദേഹത്തിന്റെ രോഗവിവരമറിഞ്ഞ് പ്രാർത്ഥനയോടെ, പ്രതീക്ഷയോടെ തിരിച്ചു വരവിനായി കാത്തിരിക്കുന്ന ആരാധകരെയും സഹപ്രവർത്തകരെയും നിരാശയിലാഴ്ത്തിയാണ് മരണവാർത്തയെത്തിയത്.
ഇരിങ്ങാലക്കുട ടൗൺഹാളിൽ മൃതദേഹം പൊതുദർശനത്തിന് വയ്ക്കും. പിന്നീട് അദ്ദേഹത്തിന്റെ വസതിയായ പാർപ്പിടത്തിൽ എത്തിക്കും. ഇവിടെയും അന്ത്യോപചാരം അർപ്പിക്കാൻ സൗകര്യമൊരുക്കും. തിങ്കളാഴ്ച വൈകുന്നേരം സംസ്‌കരിക്കുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും അത് ചൊവ്വാഴ്ചയിലേക്ക് മാറ്റിയിട്ടുണ്ട്. വീട്ടിൽ അൽപ സമയം കൂടി ഭൗതികദേഹം വയ്ക്കണമെന്ന് ബന്ധുക്കളുടെ ആഗ്രഹമനുസരിച്ചാണ് സംസ്‌കാരം ചൊവ്വാഴ്ച രാവിലെ 10 മണിയാക്കിയത്.

Related posts:

Leave a Reply

Your email address will not be published.