നടന്‍ രാഹുല്‍ മാധവ് വിവാഹിതനായി
1 min readനടന്‍ രാഹുല്‍ മാധവ് വിവാഹിതനായി. ദീപശ്രീയാണ് വധു. ബെംഗളൂരുവില്‍ വച്ചായിരുന്നു വിവാഹ ചടങ്ങുകള്‍ നടത്തിയത്. വളരെ ലളിതമായ രീതിയില്‍ നടത്തിയ വിവാഹ ചടങ്ങില്‍ ബന്ധുക്കളും സിനിമ മേഖലയിലെ അടുത്ത സുഹൃത്തുക്കളുമാണ് പങ്കെടുത്തത്.
സംവിധായകന്‍ ഷാജി കൈലാസ്, പ്രൊഡക്ഷന്‍ കണ്‍ട്രോളറും നിര്‍മാതാവുമായ ബാദുഷ, നടന്‍ സൈജു കുറുപ്പ്, നരേന്‍ തുടങ്ങിയവരും വധൂവരന്മാര്‍ക്ക് ആശംസയര്‍പ്പിച്ച് രംഗത്തെത്തി. രാഹുലിന്റെ വിവാഹ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
2009ല്‍ പ്രദര്‍ശനത്തിനെത്തിയ അതേ നേരം അതേ ഇടം എന്ന തമിഴ് ചിത്രത്തിലൂടെയാണ് രാഹുല്‍ മാധവ് ചലച്ചിത്രരംഗത്തേക്ക് കടന്നുവരുന്നത്. 2011ല്‍ ബാങ്കോക്ക് സമ്മര്‍, വാടാമല്ലി, ഹാപ്പി ദര്‍ബാര്‍ എന്നീ മലയാള ചിത്രങ്ങളില്‍ അഭിനയിച്ചു. 2012 ല്‍ ക്രൈം സ്റ്റോറി, ട്രാക്ക്, യുഗം, നായാട്ട്, ലിസമ്മയുടെ വീട് എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചു. പിന്നീട് നിരവധി ചിത്രങ്ങളില്‍ ചെറുതും വലുതുമായ വേഷങ്ങള്‍ ചെയ്തിരിന്നു. മെമ്മറീസ്, കടുവ, പാപ്പന്‍, ആദം ജോണ്‍, പൊറിഞ്ചു മറിയം ജോസ് തുടങ്ങിയ ചിത്രങ്ങളിലും ശ്രദ്ധേയമായ വേഷങ്ങളാണ് ചെയ്തത്.
ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ഹണ്ടാണ് രാഹുല്‍ മാധവിന്റെ ഏറ്റവും ഒടുവിലത്തെ ചിത്രം. ഹൊറര്‍ ത്രില്ലര്‍ ആയി ഒരുങ്ങുന്ന ചിത്രത്തില്‍ ഭാവന ആണ് നായിക. മെഡിക്കല്‍ ക്യാമ്പസിന്റെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രമാണ് ഹണ്ട്.