മാങ്ങ വാങ്ങി പണം നല്‍കാതെ മുങ്ങിയെന്ന ആരോപണം: പോലീസുകാരനെ സ്ഥലംമാറ്റി

1 min read

പോത്തന്‍കോട് : മാങ്ങ വാങ്ങി പോലീസ് ഉദ്യോഗസ്ഥന്‍ പണം നല്‍കാതെ മുങ്ങിയെന്ന പരാതിയില്‍ പോലീസുകാരനെ സംരക്ഷിച്ച് പോലീസ് റിപ്പോര്‍ട്ട്. എന്നാല്‍ ആരോപണവിധേയനായ പോലീസുകാരനെ എ.ആര്‍.ക്യാമ്പിലേക്ക് സ്ഥലം മാറ്റി.

കഴക്കൂട്ടം അസിസ്റ്റന്റ് കമ്മിഷണറുടെയും പോത്തന്‍കോട് ഇന്‍സ്‌പെക്ടറുടെയും പേരില്‍ കടയില്‍ നിന്നും മാങ്ങ വാങ്ങി പണം നല്‍കാതെ മുങ്ങിയ പോലീസ് ഉദ്യോഗസ്ഥനെതിരേയാണ് അന്വേഷണം നടന്നത്. പോത്തന്‍കോട് കരൂര്‍ ക്ഷേത്രത്തിന് സമീപം എം.എസ്.സ്റ്റോഴ്‌സ് കടയുടമ ജി.മുരളീധരന്‍ നായരുടെ കടയില്‍ നിന്നാണ് കഴിഞ്ഞ മാസം 17ന് 800 രൂപയ്ക്ക് അഞ്ചു കിലോ പഴുത്ത മാങ്ങ വാങ്ങി കടന്നു കളഞ്ഞത്.

എന്നാല്‍ പോലീസ് ഉദ്യോഗസ്ഥരെ കണ്ട് കടക്കാരന്‍ കാര്യം തിരക്കിയപ്പോഴാണ് താന്‍ കബളിപ്പിക്കപ്പെട്ടു എന്ന് മനസ്സിലായത്. തുടര്‍ന്ന് നല്‍കിയ പരാതിയില്‍ പോത്തന്‍കോട് സി.ഐ. അന്വേഷണം നടത്തി.

വീണ്ടും നെടുമങ്ങാട് ഡിവൈ.എസ്.പി.യുടെ നേതൃത്വത്തില്‍ അന്വേഷണം നടത്തി. അന്വേഷണത്തില്‍ സംഭവത്തില്‍ ആക്ഷേപം ഉന്നയിക്കുന്ന പോലീസ് ഉദ്യോഗസ്ഥന് പങ്കില്ലെന്നും സംഭവസമയത്ത് പോലീസ് ഉദ്യോഗസ്ഥന്‍ സ്റ്റേഷനിലായിരുന്നു എന്നുമാണ് അന്വേഷണ ഉദ്യോഗസ്ഥന്റെ റിപ്പോര്‍ട്ട്.

അന്വേഷണ റിപ്പോര്‍ട്ട് എസ്.പി.ക്ക് കൈമാറി. എന്നാല്‍ ആരോപണം നേരിടുന്ന ഉദ്യോഗസ്ഥനെ പോത്തന്‍കോട് സ്റ്റേഷനില്‍ നിന്നും എ.ആര്‍.ക്യാമ്പിലേക്ക് സ്ഥലംമാറ്റുകയും തുടര്‍ അന്വേഷണത്തിന് എസ്.പി. ഉത്തരവിടുകയും ചെയ്തു.

Related posts:

Leave a Reply

Your email address will not be published.