സർ, ഹി ഈസ് ഇന്നസെന്റ്
1 min readതൃശൂർ : ചിരിയായിരുന്നു ഇന്നസെന്റിന് ജീവിതം. എന്തിനെയും തമാശയോടെ കാണാനും നർമ്മത്തിൽ പൊതിഞ്ഞ് അവതരിപ്പിക്കാനും അദ്ദേഹത്തിനുള്ള കഴിവ് അപാരമായിരുന്നു. ഇന്നസെന്റ് എന്ന പേരിന്റെ അപൂർവതയെപ്പറ്റി തമാശയോടെയാണ് അദ്ദേഹം പറയുന്നത്. പിറന്നുവീണ തന്നെ കണ്ടപ്പോൾ ‘ചെക്കന്റ മുഖത്തൊരു കള്ളലക്ഷണം ഉണ്ടല്ലോ’ എന്ന് സംശയം തോന്നിയ അപ്പൻ തന്നെ രക്ഷപ്പെടുത്താൻ ഇട്ട പേരാണ് ഇന്നസെന്റ് എന്ന് അദ്ദേഹം പറയുന്നു. എന്നെങ്കിലും ഏതെങ്കിലും കുറ്റത്തിന് മകൻ പിടിയിലായാൽ, ജഡ്ജി ‘ഈസ് ഹി ഇന്നസെന്റ്?’ എന്ന് ചോദിക്കുമ്പോൾ എതിർഭാഗം വക്കീലും ‘സർ, ഹി ഈസ് ഇന്നസെന്റ്’ എന്ന് പറയുമെന്നും അങ്ങനെ കേസ് തള്ളിപ്പോകും എന്നായിരുന്നു ഇന്നസെന്റിന്റെ വിശദീകരണം.
ഇന്നസെന്റ് എന്നപേരിന്റെ പിറവിയെക്കുറിച്ച് ജോൺപോൾ തമാശയായി പറഞ്ഞതിങ്ങനെയാണ് ‘അവൻ പഠിക്കാൻ മോശക്കാരനും വല്ലാത്ത ഉഴപ്പനുമായിരിക്കുമെന്ന് അവന്റെ അപ്പന് ദൈവവിളിയുണ്ടായി. അത് കേട്ടപ്പോൾ അപ്പന് വല്ലാത്ത വിഷമവുമായി. തന്റെ മകൻ നല്ലവനും നിഷ്‌കളങ്കനുമാണെന്നു നാട്ടുകാർക്ക് തോന്നാൻ വേണ്ടി അപ്പനിട്ട പേരാണ് ഇന്നസെന്റ് എന്നത്’.
ഇന്നസെന്റ് എന്ന പേരു കാരണം കേരള നിയമസഭാ സാമാജികരുടെ സത്യപ്രതിജ്ഞാ വാചകം തന്നെ മാറ്റിയ കഥയും പറഞ്ഞു കേൾക്കുന്നുണ്ട്. നായനാർ ആയ ഞാൻ, ഉമ്മൻചാണ്ടി ആയ ഞാൻ എന്നിങ്ങനെയായിരുന്നു എംഎൽഎമാരുടെ സത്യപ്രതിജ്ഞ ആരംഭിച്ചിരുന്നത്. ഇന്നസെന്റ് എം.പി.യായതോടെയാണ് അതിലെ അപാകത തിരിച്ചറിഞ്ഞതും തിരുത്തിയതും എന്ന് ഉദ്യോഗസ്ഥർ പറയുന്നു. ഇന്നസെന്റ് ആയ ഞാൻ എന്ന് പറയുന്നത് ശരിയാവില്ലല്ലോ. ഇപ്പോൾ കേരളത്തിലെ എംഎൽഎമാർ സ്വന്തം പേരിനു ശേഷം എന്ന ഞാൻ (പിണറായി വിജയൻ എന്ന ഞാൻ, രമേശ് ചെന്നിത്തല എന്ന ഞാൻ) എന്നു പറഞ്ഞു കൊണ്ടാണത്രേ സത്യപ്രതിജ്ഞ ചൊല്ലുന്നത്.