ആംആദ്മി ദേശീയപാർട്ടിയായി, പദവി നഷ്ടപ്പെട്ട് സിപിഐയും തൃണമൂലും എൻസിപിയും
1 min readആറ് ദേശീയ പാർട്ടികളാണ് ഇന്ത്യയിലുള്ളത് – ബിജെപി, ഇന്ത്യൻ നാഷണൽ കോൺഗ്രസ്, സിപിഎം, നാഷണൽ പീപ്പിൾ പാർട്ടി, ആംആദ്മി, ബിഎസ്പി എന്നിവ
ന്യൂഡൽഹി : സിപിഐക്കും തൃണമൂൽ കോൺഗ്രസിനും എൻസിപിക്കും ദേശീയ പാർട്ടി പദവി നഷ്ടമായി. അരവിന്ദ് കേജ്രിവാൾ അധ്യക്ഷനായ ആംആദ്മി പാർട്ടിക്ക് ദേശീയ പാർട്ടി പദവി ലഭിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷനാണ് ഇക്കാര്യം വ്യക്തമാക്കിയത്. 2014, 2019 തെരഞ്ഞെടുപ്പുകളിലെ സീറ്റ് നിലയും വോട്ട് വിഹിതവും അടിസ്ഥാനമാക്കിയാണ് തീരുമാനം.
സിപിഐ, തൃണമൂൽ കോൺഗ്രസ്, എൻസിപി എന്നീ സംഘടനകളുടെ ദേശീയ പാർട്ടി പദവി സംബന്ധിച്ച് തീരുമാനമെടുക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ കഴിഞ്ഞ മാസം രണ്ടു തവണ ഹിയറിങ് നടത്തിയിരുന്നു. ഡൽഹി, ഗോവ, ഗുജറാത്ത്, പഞ്ചാബ് എന്നിവിടങ്ങളിലെ തെരഞ്ഞെടുപ്പ് പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് എഎപിക്ക് ദേശീയ പാർട്ടി പദവി ലഭിച്ചത്. സിപിഐ പശ്ചിമബംഗാളിൽ സംസ്ഥാന പാർട്ടിയുമല്ലാതായി. മണിപ്പൂരിലും കേരളത്തിലും തമിഴ്‌നാട്ടിലും മാത്രമാണ് സിപിഐക്ക് സംസ്ഥാന പാർട്ടി അംഗീകാരമുള്ളത്. ഒരു പാർട്ടിക്ക് ദേശീയ പാർട്ടി പദവി നഷ്ടപ്പെട്ടാൽ, അതിന് അംഗീകാരം ലഭിക്കാത്ത സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികൾക്കെല്ലാം പൊതു ചിഹ്നം ലഭിക്കില്ല.
ഒരു പാർട്ടി ദേശീയ പാർട്ടിയായി അംഗീകരിക്കപ്പെടണമെങ്കിൽ നാലോ അതിലധികമോ സംസ്ഥാനങ്ങളിൽ സംസ്ഥാന പാർട്ടിയായി അംഗീകരിക്കപ്പെടുകയോ അല്ലെങ്കിൽ ലോക്‌സഭയിൽ 2 ശതമാനം സീറ്റ് നേടുകയോ വേണമെന്നാണ് ചട്ടം.
നിലവിൽ ആറ് ദേശീയ പാർട്ടികളാണ് ഇന്ത്യയിലുള്ളത്. ബിജെപി, ഇന്ത്യൻ നാഷണൽ കോൺഗ്രസ്, സിപിഎം, നാഷണൽ പീപ്പിൾ പാർട്ടി, ആംആദ്മി, ബിഎസ്പി എന്നിവയാണവ.