ഐപിഎൽ മത്സരത്തിന് ക്ഷണിക്കപ്പെടാത്ത അതിഥി; ആസ്വദിച്ച് ആരാധകർ; ക്ഷുഭിതനായി ഗവാസ്‌കർ

1 min read

ചെന്നൈ : 2019ന് ശേഷം ആദ്യമായാണ് ചെന്നൈയിലേക്ക് ഐപിഎൽ എത്തുന്നത്. അതിന്റെ ആവേശം ആരാധകരിൽ പ്രകടമായിരുന്നു . ധോനിയെയും സംഘത്തെയും വലിയ കരഘോഷത്തോടെയാണ് കാണികൾ എംഎ ചിദംബരം സ്റ്റേഡിയത്തിലേക്ക് വരവേറ്റത്.
എന്നാൽ മത്സരത്തിനിടെ ഗ്രൗണ്ടിലെത്തിയ ഒരു നായ സംഘാടകരെ കുറച്ചൊന്നുമല്ല വിഷമത്തിലാക്കിയത്. ആൾക്കൂട്ടവും ബഹളവും കണ്ട് ഭയന്നു പോയ നായ ഗ്രൗണ്ടിലൂടെ ഓടാൻ തുടങ്ങി. അതിനെ പിടിച്ച് പുറത്താക്കാനുള്ള ശ്രമത്തിലായി ഗ്രൗണ്ട് സ്റ്റാഫ്. ഇത് മത്സരം അല്പം വൈകിപ്പിച്ചു.
ഈ സംഭവ വികാസങ്ങളെല്ലാം ആസ്വദിച്ച് പുഞ്ചിരിയോടെ നിൽക്കുകയാണ് ചെന്നൈ ടീം ക്യാപ്റ്റൻ ധോനിയും ജഡേജയും. ഇവരെ സ്‌ക്രീനിൽ കണ്ടതോടെ ആരാധകരുടെ ആവേശം അണപൊട്ടിയൊഴുകി.
എന്നാൽ ഈ സംഭവത്തെ രൂക്ഷമായി വിമർശിച്ച് മുൻ ഇന്ത്യൻ താരവും സ്റ്റാർ സ്‌പോർട്സ് കമന്റേറ്ററുമായ സുനിൽ ഗവാസ്‌കർ രംഗത്ത് വന്നു. നായ മൂലം മത്സരം വൈകിയതിലായിരുന്നു അദ്ദേഹത്തിന് രോഷം. ഗവാസ്‌കർ അത് കമന്ററിയിലൂടെ പ്രകടിപ്പിക്കുകയും ചെയ്തു.
‘ഇത് ഒരിക്കലും അംഗീകരിക്കാനാവില്ല. ഈ നായ അകത്ത് കടക്കാൻ കാരണക്കാരായവരുടെ പ്രവൃത്തി ഒട്ടും ശരിയായില്ല. അകത്ത് കടന്ന അതിനെ ഓടിക്കാൻ ശ്രമിച്ചതുകൊണ്ട് കാര്യമില്ല. മത്സരം പുനരാരംഭിക്കാൻ വൈകുകയാണ്’. എന്നിങ്ങനെ അക്ഷമയോടെ ഗവാസ്‌കർ പറഞ്ഞുകൊണ്ടിരുന്നു. ഇതിനിടയിലും നായയെ തുരത്താനുള്ള ശ്രമത്തിലായിരുന്നു ഗ്രൗണ്ട് സ്റ്റാഫ്.

Related posts:

Leave a Reply

Your email address will not be published.