പെന്‍ഷന്‍ അനുവദിക്കത്തതിനെ തുടര്‍ന്ന് ഭിന്നശേഷിക്കാരന്‍ തൂങ്ങിമരിച്ചു

1 min read

പെന്‍ഷന്‍ മുടങ്ങി സാമ്പത്തിക പ്രതിസന്ധിയിലായ കോഴിക്കോട്ടെ ഭിന്നശേഷിക്കാരനായ വയോധികന്‍ തൂങ്ങി മരിച്ചു. തനിക്കും കിടപ്പുരോഗിയും ഭിന്നശേഷിക്കാരിയുമായ മകള്‍ക്കും പെന്‍ഷന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് നവംബര്‍ 9ന് ജോസഫ് അധികൃതര്‍ക്ക് പരാതി നല്‍കിയിരുന്നു. മന്ത്രി, ജില്ലാ കലക്ടര്‍, പെരുവണ്ണാമൂഴി പൊലീസ് എസ്എച്ച്ഒ, പഞ്ചാത്ത് സെക്രട്ടറി എന്നിവര്‍ക്കാണ് 15 ദിവസത്തിനകം പെന്‍ഷന്‍ അനുവദിക്കണമെന്ന് പറഞ്ഞുകൊണ്ടുള്ള കത്ത് നല്‍കിയത്. പെന്‍ഷന്‍ അനുവദിച്ചില്ലെങ്കില്‍ പഞ്ചായത്ത് ഓഫിസില്‍ ആത്മഹത്യ ചെയ്യുമെന്ന് പഞ്ചായത്ത് സെക്രട്ടറിക്ക് നല്‍കിയ കത്തില്‍ സൂചിപ്പിച്ചിരുന്നു. കടം വാങ്ങി മടുത്തുവെന്നും പെന്‍ഷന്‍ അനുവദിക്കണമെന്നും പഞ്ചായത്ത് സെക്രട്ടറിക്ക് നല്‍കിയ കത്തില്‍ പറയുന്നു. ”മൂത്ത മകള്‍ ജിന്‍സി കിടപ്പുരോഗിയാണ്. സഹായത്തിന് ആരുമില്ല. വടിയുടെ സഹായത്തോടെയാണ് ഞാന്‍ നടക്കുന്നത്. ഞങ്ങള്‍ ജീവിക്കുന്നത് പഞ്ചായത്തില്‍ നിന്നും ലഭിക്കുന്ന വികലാംഗ പെന്‍ഷന്‍ കൊണ്ടാണ്. പെന്‍ഷന്‍ ലഭിച്ചിട്ട് മാസങ്ങളായി. പലരോടും കടം വാങ്ങിയിട്ടാണ് ജീവിക്കുന്നത്. കടം വാങ്ങി മടുത്തു. അതുകൊണ്ട് 15 ദിവസത്തിനകം എന്റെയും മകളുടെയും പെന്‍ഷന്‍ അനുവദിക്കണം. ഇല്ലെങ്കില്‍ പത്രക്കാരെയും ചാനലുകാരെയും വിളിച്ചുവരുത്തി ഞാന്‍ പഞ്ചായത്ത് ഓഫിസില്‍ ആത്മഹത്യ െചയ്യാന്‍ തീരുമാനിച്ച വിവരം പഞ്ചായത്ത് സെക്രട്ടറിയെ അറിയിക്കുന്നു” എന്നാണ് കത്തില്‍ പറഞ്ഞിരുന്നത്.

Related posts:

Leave a Reply

Your email address will not be published.