കരുവന്നൂര്‍: മുന്‍മന്ത്രി എ.സി മൊയ്തീന്‍ അകത്താകും

1 min read

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പില്‍ എ.സി മൊയ്തീനും എം.കെ.കണ്ണനും അകത്താകും

കഞ്ഞി കുടിക്കാന്‍ വകയില്ലാത്ത സഹകരണ ബാങ്ക് ഡയറക്ടര്‍മാരെ മുന്നില്‍ നിറുത്തി കോടികള്‍ അടിച്ചുമാറ്റിയ സംസഥാനത്തെ പ്രമുഖരായ രണ്ട് സി.പി.എം സഖാക്കള്‍ കൂടി അകത്താകും. പിണറായി വിജയന്‍ നവകേരള സദസ്സുമായി ടൂറിസ്റ്റ് ബസില്‍ സഞ്ചരിക്കുമ്പോള്‍ തന്നെ രണ്ടുപേരുടെയും അറസ്റ്റ് ഉണ്ടാവും. എല്‍.ഡി.എഫ് സര്‍ക്കാരിനെ തകര്‍ക്കാന്‍ ഇ.ഡിയെ കേന്ദ്രസര്‍ക്കാര്‍ ദുരുപയോഗിക്കുന്നുവെന്ന് പ്രസ്താവന പിണറായിക്ക് ഇപ്പോള്‍ തന്നെ എഴുതിക്കൊടുത്തുകാണും. അറസ്റ്റ് ഉണ്ടായാലുടന്‍ പിണറായി പ്രതികരിക്കും.

കഴിഞ്ഞ പിണറായി മന്ത്രിസഭയിലെ വ്യവസായ, തദ്ദേശ ഭരണ വകുപ്പ് മന്ത്രിയായിരുന്നു എ.സി. മൊയ്തീന്‍. എം.കെ.കണ്ണനാകട്ടെ സംസ്ഥാന സഹകരണ ബാങ്ക് വൈസ് ചെയര്‍മാനും മുന്‍ എം.എല്‍.എയും സി.പി.എം സംസ്ഥാന കമ്മിറ്റി അംഗവും.

കൂലിപ്പണിക്കാരും ചെറുകിട കച്ചവടക്കാരും സെക്യൂരിറ്റി ജീവനക്കാരനുമൊക്കെയാണ് കരുവന്നൂര്‍ സഹകരണ ബാങ്കിലെ ഡയറക്ടര്‍മാര്‍. തങ്ങളെ കരുവാക്കിയാണ് തട്ടിപ്പ് നടത്തിയതെന്ന് ഇവര്‍ പിന്നീടാണ് മനസ്സിലാക്കിയത്. ഇവര്‍ക്ക് ആകെ കിട്ടിയത് 750 രൂപ സിറ്റിംഗ് ഫീസ് മാത്രം. മുന്‍ ജില്ലാ സെക്രട്ടേറിയറ്റ് അംഗത്തിന്റെ നേതൃത്വത്തില്‍ പാര്‍ട്ടി കമ്മിറ്റി ഉണ്ടാക്കിയിട്ടാണ് ആര്‍ക്കൊക്കെയാണ് വായ്പ കൊടുക്കേണ്ടതെന്ന് തീരുമാനിച്ചത്. അതില്‍ ഒപ്പിടല്‍ മാത്രമായിരുന്നു ഈ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളുടെ ജോലി. തട്ടിപ്പ് പുറത്തുവന്നപ്പോള്‍ ക്രൈം ബ്രാഞ്ച് അന്വേഷണമായി. ഇവരെയൊക്കെ പോലീസ് പ്രതികളുമാക്കി. തട്ടിപ്പിന്റെ ഗുണം ലഭിച്ച നേതാക്കളൊക്കെ രക്ഷപ്പെടുകയും ചെയ്തു. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഇതിലെ കള്ളപ്പണ ഇടപാട് അന്വേഷിക്കാന്‍ വന്നപ്പോഴാണ് ഉന്നത നേതാക്കള്‍ കുടുങ്ങുന്നത്.

200 കോടിയിലധികം രൂപയുട തട്ടിപ്പാണ് കരുവന്നുരില്‍ നടന്നത്. ഇതിലെ പ്രധാന സൂത്രധാരന്‍ മുന്‍ മന്ത്രി എ.സി.മൊയ്തീനാണെന്ന് മൊഴികളില്‍ നിന്ന് വ്യക്തമാണ്. സി.പി.എം പ്രവര്‍ത്തകനും ബാങ്ക് സെക്രട്ടറിയുമായിരുന്ന സുനില്‍കുമാര്‍ എ.സി.മൊയ്തീന്റെ തട്ടിപ്പില്‍ പങ്ക് തെളിയിക്കുന്ന രേഖകളൊക്കെ ഇ.ഡിക്ക് കൈമാറിക്കഴിഞ്ഞു. ഇപ്പോള്‍ റിമാന്‍ഡില്‍ കഴിയുന്ന വടക്കാഞ്ചേരി നഗരസഭ സ്ഥിരം സമിതി ചെയര്‍മാന്‍ പി.ആര്‍. അരവിന്ദാക്ഷനും മൊയ്തീനും കണ്ണനുമെതിരെ മൊഴി നല്‍കിയിട്ടുണ്ട്.

കേസിലെ മുഖ്യ പ്രതി സതീഷ് കുമാറിന്റെ ദേവി ഫിനാന്‍സിയേഴ്‌സ് എന്ന കമ്പനി വഴിയാണ് നൂറിന് പത്ത് എന്ന മാസ പലിശയ്ക്ക് പാവപ്പെട്ടവര്‍ക്ക് വായ്പ നല്‍കിയത്. ഈ പലിശ പിരിച്ചെടുക്കാന്‍ അവര്‍ പാര്‍ട്ടിയെ ഉപയോഗിച്ചു. ഗുണ്ടകളെ പാര്‍ട്ടി ഇറക്കി.

വിദേശ വ്യവസായി പി.ജയരാജന്‍ നാലു കോടി രൂപ ദേവി ഫിനാന്‍സിയേഴസില്‍ നിക്ഷേപിച്ചെന്ന് വ്യാജ രേഖ ഉണ്ടാക്കിയിരുന്നു. എന്നാല്‍ താന്‍ പണം നിക്ഷേപിച്ചിട്ടില്ലെന്ന് ജയരാജന്‍ പറയുന്നു. താന്‍ പണം നിക്ഷേപിച്ചിട്ടില്ലെന്നും സി.പി.എം നേതാക്കള്‍ അങ്ങനെ പറയാന്‍ സമ്മര്‍ദ്ദം ചെലുത്തിയതാണെന്നും ജയരാജന്‍ ഇ.ഡിയോടെ പറഞ്ഞിരുന്നു.

എ.സി.മൊയ്തീന്റെ നിര്‍ദ്ദേശ പ്രകാരം ഗള്‍ഫിലെത്തിയ പി.ആര്‍.അരവിന്ദാക്ഷന്‍ ജയരാജനില്‍ നിന്ന് 77 ലക്ഷം രൂപയാണ് വാങ്ങിയത്. പാര്‍ട്ടി ഉന്നതന് വേണ്ടിയായിരുന്നു ഇത്. എന്നാല്‍ തുക തിരിച്ചുകൊടുത്തില്ല. സമീപകാലത്ത് സി.പി.എമ്മിനെ പ്രതിക്കൂട്ടിലാക്കിയ പ്രധാന സംഭവമായിരുന്നു കരുവന്നൂര്‍ സഹകരണ ബാങ്കിലെ കോടികളുടെ തട്ടിപ്പ്. ബാങ്കില്‍ പണം നിക്ഷേപിച്ചവര്‍ക്കൊന്നും തിരികെ പണം കിട്ടിയില്ല. പണം കിട്ടാതെ രണ്ട് നിക്ഷേപകര്‍ മരിച്ചു. നേരത്തെ വായ്പക്കായി ആധാരം പണയം വെച്ചവരുടെ അനുവാദമില്ലാതെ അവരുടെ രേഖകള്‍ ഉപയോഗിച്ച് പലരും വായപ നേടിയെടുത്തിട്ടുണ്ട്. തട്ടിപ്പിനെതിരെ നടന്‍ സുരേഷ് ഗോപിയുട നേതൃത്വത്തില്‍ നിക്ഷേപകരുടെ കൂടെ ഉള്‍പ്പെടുത്തി കരുവന്നൂരില്‍ നിന്ന് തൃശൂരിലേക്ക് പദയാത്ര നടത്തിയിരുന്നു.

Related posts:

Leave a Reply

Your email address will not be published.