ഐ ലീഗിന് ഇന്ന് മഞ്ചേരിയില്‍ തുടക്കം

1 min read

മഞ്ചേരി: ഐ ലീഗ് ഫുട്‌ബോള്‍ സീസണ് ഇന്ന് മഞ്ചേരിയില്‍ തുടക്കം. വൈകീട്ട് 4.30ന് തുടങ്ങുന്ന ആദ്യ മത്സരത്തില്‍ നിലവിലെ ചാംപ്യന്മാരരായ ഗോകുലം കേരള എഫ്‌സി, കൊല്‍ക്കത്തന്‍ ക്ലബ്ബായ മുഹമ്മദന്‍സിനെ നേരിടും. കാമറൂണുകാരനായ പുതിയ കോച്ച് റിച്ചാഡ് ടോവ പരിശീലിപ്പിക്കുന്ന ഗോകുലം ലക്ഷ്യം വെക്കുന്നത് ഹാട്രിക് കിരീടം. കോഴിക്കോട് രണ്ടു മാസം നീണ്ട പരിശീലനത്തിന് ശേഷമാണ് ടീം ഹോം ഗ്രൗണ്ടില്‍ ഐ ലീഗിന് ഇറങ്ങുന്നത്.

ബ്രസീലിയന്‍ മിഡ്ഫീല്‍ഡര്‍ എവര്‍ട്ടെന്‍ ഗുല്‍മാരസ് പരുക്ക് കാരണം ആദ്യ മത്സരത്തിനില്ല. ഇത്തവണയും മലയാളി താരങ്ങള്‍ക്കാണ് ഗോകുലത്തില്‍ പ്രാമുഖ്യം. പരിക്കേറ്റ സൂപ്പര്‍ താരം മാര്‍ക്കസ് ജോസഫ് ഇല്ലാതെയാണ് മുഹമ്മദന്‍സ് ഇറങ്ങുന്നത്. കൊല്‍ക്കത്ത ലീഗിലും ഡ്യൂറന്റ് കപ്പിലും സമീപകാലത്ത് കാഴ്ചവെച്ച പ്രകടനമാണ് ആത്മവിശ്വാസം. ഫസലുറഹ്മാനും ക്രിസ്റ്റിയും മുഹമ്മദന്‍സിലെ മലയാളി മുഖങ്ങളാണ്. 12 ടീമുകള്‍ പങ്കെടുക്കുന്ന ഐ ലീഗിലെ ചാമ്പ്യന്‍മാര്‍ക്ക് ഐഎസ്എല്ലിലേക്ക് നേരിട്ട് പ്രവേശനം ലഭിക്കുമെന്ന പ്രത്യേകതയും ഇക്കുറിയുണ്ട്.

ഗോകുലത്തിന്റെ പതിനൊന്ന് ഹോം മത്സരങ്ങളില്‍ ആറും മഞ്ചേരിയിലാണ് നടക്കുക. അഞ്ചെണ്ണത്തിന് കോഴിക്കോട് വേദിയാവും. കഴിഞ്ഞ തവണ അവസാന മത്സരത്തില്‍ മുഹമ്മദന്‍സിനെ തോല്‍പ്പിച്ചായിരുന്നു മലബാരിയന്‍സിന്റെ കിരീടം നേട്ടം. ഐസ്വാള്‍ എഫ് സി, റിയല്‍ കാശ്മീര്‍, ശ്രീനിധി എഫ് സി, കെങ്കേരെ എഫ് സി, സുദേവ ഡല്‍ഹി എഫ് സി, രാജസ്ഥാന്‍ യുണൈറ്റഡ് എഫ് സി, റൗണ്ട് ഗ്ലാസ് പഞ്ചാബ് എഫ് സി, ട്രാവു എഫ് സി, ചര്‍ച്ചില്‍ ബ്രദേഴ്‌സ് എഫ് സി എന്നിവയാണ് മറ്റു ഐ ലീഗ് ക്ലബ്ബുകള്‍.

ടീമുകള്‍ പയ്യാനാട് പരിശീലനത്തിന് ഇറങ്ങി. കൊവിഡ് കാരണം കഴിഞ്ഞ രണ്ട് തവണയും അടച്ചിട്ട മൈതാനങ്ങളിലായിരുന്നു ഐ ലീഗ് മത്സരങ്ങള്‍. അതിനാല്‍ ഇത്തവണ കാണികളുടെ വലിയ പിന്തുണ പയ്യനാട് സ്റ്റേഡിയത്തിലുണ്ടാം എന്നാണ് പ്രതീക്ഷ.

Related posts:

Leave a Reply

Your email address will not be published.