യജമാനനെ കടിക്കാന്‍ വന്ന പാമ്പിനെ വളര്‍ത്തുപട്ടി കടിച്ചു കൊന്നു
1 min readചിലപ്പോഴെങ്കിലും മനുഷ്യരേക്കാള്‍ വിവേകമുള്ളവരാണ് മൃഗങ്ങള്‍ എന്ന് തോന്നിപ്പോകുന്ന സന്ദര്‍ഭങ്ങള്‍ ഉണ്ടാകാറുണ്ട്. തങ്ങളുടെ വേണ്ടപ്പെട്ടവര്‍ക്ക് വേണ്ടി മുന്നുംപിന്നും നോക്കാതെ പ്രവര്‍ത്തിക്കാനുള്ള കഴിവ് മൃഗങ്ങളിലും കുറവല്ല എന്ന് തെളിയിക്കുകയാണ് ഒരു നായ. തന്റെ ഉടമസ്ഥനെ കടിക്കാനായി എത്തിയ പാമ്പിനെ ധീരമായി നേരിട്ട് കടിച്ചുകൊന്ന ഒരു നായയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരം. ജൂലി എന്ന് പേരുള്ള ഈ നായയുടെ യജമാന സ്നേഹത്തെ പ്രകീര്‍ത്തിക്കുകയാണ് സോഷ്യല്‍ മീഡിയ.
ഉത്തര്‍പ്രദേശിലെ മിര്‍സാപൂര്‍ ജില്ലയിലെ ടില്‍തി ഗ്രാമത്തില്‍ ആണ് സംഭവം നടന്നത്. വിശ്രമത്തിനായി മുറ്റത്ത് ഇരിക്കുകയായിരുന്നു വീട്ടുടമസ്ഥന്. അദ്ദേഹത്തിന്റെ സമീപത്ത് തന്നെയായി അവരുടെ വളര്‍ത്തുനായ ജൂലിയും ഉണ്ടായിരുന്നു. തന്റെ യജമാനനൊപ്പം വിശ്രമിക്കുന്നതിനിടയിലാണ് ജൂലിയുടെ ശ്രദ്ധയില്‍ അത് പെട്ടത്. ഒരു വലിയ പാമ്പ് യജമാനന് ഇരിക്കുന്നത് ലക്ഷ്യമാക്കി ഇഴഞ്ഞ് അടുക്കുന്നു. പക്ഷേ, അദ്ദേഹം അത് അറിയുന്നതുമില്ല. അദ്ദേഹത്തിന്റെ അരികില്‍ എത്തിയതും പാമ്പ് കൊത്താനായി പത്തി വിടര്‍ത്തി ഉയര്‍ന്നു. അപകടം മനസ്സിലാക്കിയ ജൂലി പിന്നെ ഒരു നിമിഷം വൈകിയില്ല. പാമ്പിന് മുകളിലേക്ക് കുരച്ചുകൊണ്ട് ചാടി വീണു. പിന്നീട് അതിനെ കടിച്ചെടുത്ത് നിലത്തടിച്ചു. പാമ്പ് ചത്തു എന്ന് ഉറപ്പാക്കുന്നത് വരെ ജൂലി അത് തുടര്‍ന്നു.
ജൂലി പാമ്പിന് മുകളില്‍ ചാടി വീണപ്പോള്‍ മാത്രമാണ് യജമാനന് തനിക്ക് പിന്നിലായി പാമ്പ് ഉണ്ടായിരുന്നു എന്ന് അറിയുന്നത്. പാമ്പുമായുള്ള പോരാട്ടത്തിനിടയില്‍ ജൂലിക്ക് പാമ്പിന്റെ കടിയേല്‍ക്കുമോ എന്നായിരുന്നു യജമാനന്റെ ഭയം. എന്നാല്‍, ഒരു പോറല്‍ പോലും ഏറ്റില്ല എന്ന് മാത്രമല്ല തന്റെ ജീവന് പണയം വെച്ചിട്ടാണെങ്കില്‍ കൂടിയും തന്റെ പ്രിയപ്പെട്ട യജമാനന് നേരെ പാഞ്ഞടുത്ത ശത്രുവിനെ ജൂലി ഇല്ലാതാക്കി. ശനിയാഴ്ചയാണ് ഈ സംഭവങ്ങളെല്ലാം നടന്നത്. ഈ സംഭവങ്ങളെല്ലാം കണ്ടു നിന്ന അയല്‍വാസിയായ പാല്‍തു എന്ന വ്യക്തിയാണ് പിന്നീട് ഇക്കാര്യങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ മറ്റുള്ളവരുമായി പങ്കുവെച്ചത്.