ആഞ്ചലീന ജോളിയുടെ ‘സോംബി ലുക്ക്’; ഇനി ഇന്‍സ്റ്റഗ്രാമിലേക്കില്ല എന്ന് ഇറാനിലെ ഇന്‍ഫ്‌ലുവന്‍സര്‍

1 min read

ഇറാനിലെ ‘സോംബി ആഞ്ചലീന ജോളി’ എന്ന് അറിയപ്പെടുന്ന യുവതിയാണ് സഹര്‍ താബര്‍ എന്ന ഇന്‍ഫ്‌ലുവന്‍സര്‍. അഴിമതി, ഈശ്വരനിന്ദ എന്നിവ ആരോപിച്ച് 2019 ല്‍ അവളെ 10 വര്‍ഷത്തേക്ക് തടവിന് ശിക്ഷിച്ചിരിക്കുകയായിരുന്നു. ടെഹ്‌റാനില്‍ നിന്നുമുള്ള താബറിന്റെ യഥാര്‍ത്ഥ പേര് ഫത്തേമ ഖിഷ്വന്ദ് എന്നാണ്. ആഞ്ചലീന ജോളിയുടെ സോംബി പോലുള്ള രൂപത്തെ തോന്നിക്കുന്ന ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യാന്‍ തുടങ്ങിയതോടെയാണ് അവള്‍ ശ്രദ്ധിക്കപ്പെട്ട് തുടങ്ങിയത്. പബ്ലിസിറ്റി നേടാനുള്ള ഇന്‍ഫ്‌ലുവന്‍സറുടെ സാധാരണ രീതിയായിട്ടാണ് ഇതിനെ ആളുകള്‍ കണ്ടത്. എന്നാല്‍, 2019 ഒക്ടോബര്‍ അഞ്ചിന് മറ്റ് മൂന്ന് വനിതാ ഇന്‍ഫ്‌ലുവന്‍സര്‍മാര്‍ക്കൊപ്പം താബര്‍ അറസ്റ്റ് ചെയ്യപ്പെട്ടു.

ആഞ്ചലീന ജോളിയെ പോലെ തോന്നിക്കാന്‍ താന്‍ 50 സര്‍ജറികള്‍ ചെയ്തു എന്ന് 2017 ലാണ് താബര്‍ പറയുന്നത്. അതോടെ അവള്‍ പ്രശസ്തിയാര്‍ജ്ജിച്ചു. എന്നാല്‍, പിന്നീട് താന്‍ ആഞ്ചലീന ജോളിയുടെ ലുക്ക് നേടിയത് ഏറെയും മേക്കപ്പിലൂടെയാണ് എന്ന് താബര്‍ പറയുകയായിരുന്നു. ‘ഒരുപാട് സര്‍ജറികളിലൂടെ കടന്നു പോയിട്ടുണ്ട്. എങ്കിലും മേക്കപ്പിലൂടെയും എഡിറ്റിംഗിലൂടെയുമാണ് ആഞ്ചലീനയെ പോലെ തോന്നിക്കുന്ന രൂപമായി മാറിയത്’ എന്നും താബര്‍ പറഞ്ഞു.

അടുത്തിടെ ഒരു ടിവി അഭിമുഖത്തിലും താബര്‍ പ്രത്യക്ഷപ്പെട്ടു. ജയിലില്‍ നിന്നും മോചിപ്പിക്കപ്പെട്ട ശേഷം അടുത്തിടെയാണ് അവള്‍ ടിവി അഭിമുഖത്തില്‍ പ്രത്യക്ഷപ്പെട്ടത്. അതിലാണ് ആഞ്ചലീന ജോളിയുടെ സോംബി ലുക്ക് താന്‍ മേക്കപ്പിലൂടെയും എഡിറ്റിംഗിലൂടെയുമാണ് നേടിയത് എന്ന് താബര്‍ പറഞ്ഞത്. 10 വര്‍ഷത്തേക്കാണ് ശിക്ഷിച്ചതെങ്കിലും 14 മാസത്തിന് ശേഷം താബര്‍ ജയില്‍മോചിതയാവുകയായിരുന്നു. മഹ്‌സ അമിനിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് നടന്ന പ്രതിഷേധത്തോടനുബന്ധിച്ചാണ് താബര്‍ ജയില്‍മോചിതയായത്.

ഇന്‍സ്റ്റഗ്രാമിലൂടെ പ്രശസ്തയാവാന്‍ താന്‍ എപ്പോഴും ആഗ്രഹിച്ചിരുന്നു. എന്നാല്‍, വിവാദങ്ങള്‍ക്കും നിയമനടപടികള്‍ക്കും ശേഷം താന്‍ തീരുമാനിച്ചിരിക്കുന്നത് ഇനിയൊരിക്കലും ഇന്‍സ്റ്റഗ്രാമിലേക്ക് മടങ്ങില്ല എന്നാണ്. തന്റെ ഫോണില്‍ ഇനി ഇന്‍സ്റ്റഗ്രാം ആപ് പോലും ഉണ്ടാവില്ല എന്നും താബര്‍ അഭിമുഖത്തില്‍ വ്യക്തമാക്കി.

Related posts:

Leave a Reply

Your email address will not be published.