മാങ്ങാ മോഷണ കേസ്: ഒത്തുതീര്‍പ്പ് നടപടിയില്‍ എതിര്‍പ്പ് പ്രകടിപ്പിച്ച് പൊലീസ്; സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കും

1 min read

കോട്ടയം: കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളിയില്‍ പൊലീസുകാരന്‍ പ്രതിയായ മാങ്ങ മോഷണ കേസ് ഒത്തു തീര്‍പ്പാക്കാനുള്ള നടപടിയില്‍ എതിര്‍പ്പറിയിച്ച് പൊലീസ്. കേസ് ഒത്തുതീര്‍പ്പാക്കിയാല്‍ അത് സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുമെന്നും മോഷണം നടത്തിയ പ്രതി പൊലീസുകാരനാണ് എന്ന വസ്തുത ഗൗരവതരമെന്നും പൊലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു. കാഞ്ഞിരപ്പള്ളി കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് പൊലീസ് ഒത്തു തീര്‍പ്പ് നീക്കത്തില്‍ എതിര്‍പ്പറിയിച്ചത്. പ്രതിയുടെ മുന്‍ ക്രിമിനല്‍ പശ്ചാത്തലം കൂടി കണക്കിലെടുക്കണം എന്നും റിപ്പോര്‍ട്ടില്‍ ആവശ്യമുന്നയിച്ചിട്ടുണ്ട്. കേസ് അടുത്ത ദിവസത്തേക്ക് മാറ്റി.

കേസുമായി മുന്നോട്ട് പോകാന്‍ താല്‍പര്യമില്ലെന്ന് കാട്ടി പരാതിക്കാരനായ പഴക്കച്ചവടക്കാരന്‍ കാഞ്ഞിരപ്പള്ളി ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ അപേക്ഷ നല്‍കി. കഴിഞ്ഞ മാസം മുപ്പതിനാണ് ഇടുക്കി എആര്‍ ക്യാമ്പിലെ പൊലീസുകാരനായ പി വി ഷിഹാബ് കാഞ്ഞിരപ്പളളിയിലെ പഴക്കടയില്‍ നിന്ന് മാമ്പഴം മോഷ്ടിച്ചത്. വില്‍പ്പനയ്ക്കായി ഇറക്കി വച്ച കിലോയ്ക്ക് അറുന്നൂറ് രൂപ വരുന്ന പത്ത് കിലോ മാങ്ങയാണ് ഷിഹാബ് കട്ടത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പ്രചരിച്ചതിന് പിന്നാലെ ഷിഹാബ് ഒളിവില്‍ പോവുകയായിരുന്നു. സംഭവം വിവാദമായതിന് പിന്നാലെ ഈ മാസം മൂന്നാം തീയതി ഷിഹാബിനെ സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തു. എന്നിട്ടും ഷിഹാബിനെ അറസ്റ്റ് ചെയ്യാന്‍ കാഞ്ഞിരപ്പളളി പൊലീസിന് കഴിഞ്ഞിട്ടില്ല.

പൊലീസുകാരനായ ഷിഹാബിന് പൊലീസിന്റെ അന്വേഷണ വഴികളെ കുറിച്ച് നല്ല ധാരണയുണ്ട്. ഇത് തന്നെയാണ് ഷിഹാബിലേക്ക് എത്താന്‍ കാഞ്ഞിരപ്പളളി പൊലീസിന് മുന്നിലെ തടസവും. ഷിഹാബ് തൃശൂരിലും പാലക്കാടും ചെന്നെന്ന സൂചനകള്‍ പൊലീസിന് കിട്ടിയിരുന്നു. എന്നാല്‍ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ആക്കിയതോടെയാണ് ഷിഹാബ് എവിടെയെന്നതിനെ പറ്റി ഒരു സൂചനയും പൊലീസിന് കിട്ടാതായത്.

Related posts:

Leave a Reply

Your email address will not be published.