എട്ടും ഒന്‍പതും വയസുള്ള മക്കളെ പൂട്ടിയിട്ട് കേബിളിനും ചൂരലിനും മര്‍ദ്ദിച്ച് പിതാവ്; അറസ്റ്റ്

1 min read

മലപ്പുറം: പെരിന്തല്‍മണ്ണയില്‍ കുട്ടികളെ വീട്ടില്‍ പൂട്ടിയിട്ടു അതിക്രൂരമായി മര്‍ദ്ദിച്ച പിതാവ് അറസ്റ്റില്‍. തൂത ഒലിയത്ത് സ്വദേശി തച്ചങ്ങോട്ടില്‍ മുഹമ്മദ് ബഷീര്‍ എന്ന 35കാരനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഓട്ടോ ഡ്രൈവര്‍ ആയ ബഷീര്‍ സ്ഥിരമായി തന്റെ ഭാര്യയെയും കുട്ടികളെയും ചെറിയ കാര്യങ്ങള്‍ക്ക് അടിച്ചു പരിക്കേല്‍പ്പിക്കാറുണ്ടായിരുന്നു. എട്ട്, ഒമ്പത് വയസ്സ് പ്രായമുള്ള മക്കളെ റൂമില്‍ പൂട്ടിയിട്ട ശേഷം കേബിള്‍ വയറ് കൊണ്ടും ചൂരലിനും മാരകമായി മര്‍ദ്ദിക്കാറുണ്ടായിരുന്നു.

മര്‍ദ്ദനമേറ്റ് അവശരായ മക്കളെ ഓട്ടോയുമായി പുറത്ത് പോയി തിരിച്ചുവന്ന ശേഷമാണ് പുറത്തിറങ്ങാന്‍ അനുവദിക്കാറ്. ചൈല്‍ഡ് ലൈനില്‍ ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പിതാവിന്റെ കണ്ണില്ലാത്ത ക്രൂരത പുറം ലോകമറിയുന്നത്. പെരിന്തല്‍മണ്ണ പൊലീസ് ഇന്‍സ്‌പെക്ടര്‍ സി ഐ അലവിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

പ്രതിയെ പെരിന്തല്‍മണ്ണ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ഇയാള്‍ക്ക് മന്ത്രവാദവുമായി ബന്ധമുണ്ടെന്ന് സംശയമുള്ളതായാണ് പൊലീസ് വിശദമാക്കുന്നത്. ഇതേക്കുറിച്ചും അന്വേഷണം നടക്കുന്നതായി പൊലീസ് പറഞ്ഞു. തിരുവനന്തപുരത്ത് മലയിന്‍കീഴില്‍ രണ്ട് പിഞ്ചുകുഞ്ഞുങ്ങളുടെ മുന്നിലിട്ട് ഭാര്യയെ തല്ലിച്ചതച്ച് ഭര്‍ത്താവിന്റെ ക്രൂരത. ഭാര്യ ജോലിക്ക് പോവുന്നതിലുള്ള ദേഷ്യമാണ് അക്രമത്തില്‍ കലാശിച്ചത്.

കുളക്കോട്ടുകാവ് സ്വദേശി ദിലീപാണ് ഭാര്യയെ ക്രൂരമായി മര്‍ദ്ദിച്ചത്. മദ്യലഹരിയില്‍ ക്രൂരമായി മര്‍ദ്ദിക്കുന്ന ദൃശ്യങ്ങളും പകര്‍ത്തിക്കൊണ്ടായിരുന്നു അക്രമം. ഈ ദൃശ്യങ്ങള്‍ ഇയാള്‍ തന്നെ മറ്റുള്ളവര്‍ക്ക് അയച്ച് നല്‍കുകയും ചെയ്തു. ദിലീപിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം ലക്കിടിയില്‍ ഭാര്യയെയും മകനെയും ഭര്‍ത്താവ് വെട്ടിപ്പരിക്കേല്‍പ്പിച്ചു. ലക്കിടി സ്വദേശി സീനത്ത് മകന്‍ ഫെബിന്‍ എന്നിവര്‍ക്കാണ് വെട്ടേറ്റത്. സാരമായി പരിക്കേറ്റ ഇരുവരേയും ഒറ്റപ്പാലം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഭര്‍ത്താവ് കനി എന്ന നസീര്‍ ഒറ്റപ്പാലം പൊലീസിന്റെ കസ്റ്റഡിയിലാണ്.

Related posts:

Leave a Reply

Your email address will not be published.