മുഖ്യമന്ത്രിയാകണമെന്നു സിപിഎമ്മുകാര്‍പോലും ആഗ്രഹിച്ചു; വിധി പക്ഷെ വിലങ്ങു തടിയായി
1 min readതിരുവനന്തപുരം: മുഖ്യമന്ത്രിയാകണമെന്നു സിപിഎമ്മുകാര്‍ ആഗ്രഹിച്ച നേതാവായിരുന്നു കോടിയേരി ബാലകൃഷ്ണന്. പക്ഷെ വിധി അദ്ദേഹത്തെ അതിനു അനുവദിച്ചില്ല എന്ന് പറയുകയാകും നല്ലത്. ധാര്‍ഷ്ട്യങ്ങളില്ലാത്ത, പ്രായോഗികവാദിയും സമര്‍ഥനുമായ ഒരു രാഷ്ട്രീയക്കാരന് കോടിയേരിയെ പോലെ കേരളത്തില്‍ വേറെയില്ല. പ്രതിസന്ധികളെ, അത് രാഷ്ട്രീയപരമാണെങ്കിലും വ്യക്തിപരമാണെങ്കിലും കയ്യടക്കത്തോടെയുള്ള കൈകാര്യംചെയ്യാന്‍ കോടിയേരി ഒരിക്കലും അമാന്തിച്ചില്ല. പിണറായി വിജയനു ശേഷം കേരള മുഖ്യമന്ത്രിപദത്തിലേക്കു എത്തേണ്ട നേതാവായിരുന്നു കോടിയേരി. പാര്‍ട്ടി ഏല്പിച്ച ഓരോ ഉത്തരവാദിത്വവും അസാമാന്യമായ ഭംഗിയോടെ നിര്‍വഹിച്ചാണ് കോടിയേരിയുടെ മടക്കം. പാര്‍ട്ടിക്ക് അതീതനാകാതെ നീങ്ങിയ നേതാവായിരുന്നു അദ്ദേഹം. അതുകൊണ്ട് തന്നെ പാര്‍ട്ടിയ്ക്കും നേതാക്കള്‍ക്കും അദ്ദേഹം ഒരുപോലെ സമ്മതനായി തീര്‍ന്നു.
വൈദഗ്ധ്യമുള്ള ക്രൈസിസ് മാനേജര്‍ ആയിരുന്നു കോടിയേരി. സംസ്ഥാന സെക്രട്ടറിസ്ഥാനം വഹിച്ചിരുന്ന സമയത്ത്, പാര്‍ട്ടിയ്ക്കുള്ളിലും മുന്നണിയിലുമുണ്ടായ തര്‍ക്കങ്ങളും അസ്വസ്ഥതകളും പരിഹരിക്കാന്‍ അദ്ദേഹത്തിനായി. രാഷ്ട്രീയത്തിന്റെ കരുവറിഞ്ഞുള്ള കളിയില്‍ നഷ്ടംവരുത്താതെ ജയിക്കാന്‍ അദ്ദേഹത്തിന് സാധിച്ചു. 2021-ല്‍ ഭരണത്തുടര്‍ച്ച എന്ന ചരിത്രനേട്ടം കൈവരിക്കാന്‍ സി.പി.എമ്മിനെ പ്രാപ്തമാക്കുന്നതില്‍ കോടിയേരി വഹിച്ച പങ്ക് ചെറുതല്ല. മുന്നണിനവിപുലീകരണമാകട്ടേ ഒപ്പം നിന്നവര്‍ കലാപക്കൊടി വീശാനായട്ടേ, അപ്പോഴെല്ലാം ഇടപെടാനും പരാതികള്‍ പരിഹരിക്കാനും കോടിയേരിക്ക് കഴിഞ്ഞു.
തലശ്ശേരി മണ്ഡലത്തില്‍നിന്ന് 1982, 1987, 2001, 2006, 2011 എന്നിങ്ങനെ അഞ്ചുവട്ടം നിയമസഭയിലെത്തിയിട്ടുണ്ട് കോടിയേരി. 2006-ല്‍ വി.എസ്. അച്യുതാനന്ദന് സര്‍ക്കാരില്‍ മന്ത്രിയായി. ആദ്യമായി മന്ത്രിയായപ്പോള്‍ ആഭ്യന്തരം-ടൂറിസം വകുപ്പുകളായിരുന്നു കോടിയേരിക്ക് ലഭിച്ചത്. മുഖ്യമന്ത്രിയായ വി.എസിന് ആഭ്യന്തരം നല്‍കാതിരിക്കുകയും പകരം കോടിയേരിക്ക് നല്‍കുകയും ചെയ്തതിന് പിന്നിലെ ചേതോവികാരം വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. പിണറായി പക്ഷക്കാരനായ കോടിയേരി പക്ഷേ, പ്രകടമായ തലത്തില്‍ വി.എസിനെതിരേ ചാടിവീണിട്ടില്ല, ആക്രമിച്ചിട്ടില്ല.
സാധാരണഗതിയില്‍ സിപിഎം നേതാക്കള്‍ക്കു മേല്‍ ആരോപിക്കപ്പെടുന്ന ഗൗരവമോ ധാര്ഷ്ട്യമോ കോടിയേരിയില്‍ ഒരുകാലത്തും പ്രകടമായിരുന്നില്ല. മാത്രമല്ല, ചാട്ടുളിപോലെ തുളച്ചുകയറുന്ന അസാധാരണ പ്രസംഗപാടവമോ കടുംവെട്ട് നയമോ ആയിരുന്നില്ല അദ്ദേഹത്തിന്റെ വഴി. പകരം സമവായമായിരുന്നു. പ്രതിപക്ഷത്തും സൗഹൃദങ്ങളുണ്ടായിരുന്നു കോടിയേരിക്ക്. ഒരുപക്ഷേ പ്രതിപക്ഷത്ത് ഏറ്റവും കൂടുതല്‍ സൗഹൃദങ്ങളുള്ള സി.പി.എം. നേതാവ് കോടിയേരി ആണെന്ന് പറഞ്ഞാല്‍ അതില്‍ അതിശയോക്തിയുണ്ടാകില്ല. കമ്യൂണിസ്റ്റ് പാരമ്പര്യമുള്ള കുടുംബത്തിലായിരുന്നില്ല കോടിയേരിയുടെ ജനനം. തന്റെ അച്ഛനോ അമ്മയോ ആരും കമ്യൂണിസ്റ്റ് താല്‍പര്യമുള്ളവരായിരുന്നില്ലെന്ന് അദ്ദേഹം ഒരു അഭിമുഖത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. നാടിന്റെ പശ്ചാത്തലവും സ്കൂളിന്റെ അന്തരീക്ഷവുമാണ് തന്നെ വിദ്യാര്‍ഥി പ്രവര്‍ത്തകനായി മാറ്റിയതെന്നും അന്ന് കോടിയേരി സാക്ഷ്യപ്പെടുത്തിയിരുന്നു.
2021-ല്‍ നിയമസഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് രൂപംകൊണ്ട ചില പ്രശ്നങ്ങളും അസ്വാരസ്യങ്ങളും പാര്‍ട്ടിയെയും മുന്നണിയെയും വലച്ചപ്പോഴും സമവായ സമവാക്യവുമായി കോടിയേരിയുണ്ടായിരുന്നു. എത്ര വിഷമം പിടിച്ച രാഷ്ട്രീയപ്രശ്നത്തെയും സമവാക്യങ്ങളിലൂടെ അഴിച്ചെടുക്കുന്ന കോടിയേരിയുടെ പ്രാവീണ്യം കേരളം ഒടുവില്‍ കണ്ടത് അപ്പോഴായിരുന്നു. കേരളാ കോണ്‍ഗ്രസ് എമ്മിന് നീക്കിവെച്ച കുറ്റ്യാടി സീറ്റ് പ്രചാരണം തുടങ്ങിയ ശേഷം സ്ഥാനാര്‍ഥിയെ മാറ്റി സി.പി.എം. സ്ഥാനാര്‍ഥിയെ കൊണ്ടുവന്നതിലും കോടിയേരിയുടെ സമയോചിത ഇടപെടലുണ്ടായിരുന്നു. റാന്നിയില്‍, രാജു ഏബ്രഹാമിനെ മാറ്റി പ്രമോദ് നാരായണനെ കൊണ്ടുവന്നതിലും വിജയിപ്പിച്ചതിലും ഉണ്ടായിരുന്നു ആ കോടിയേരി ഇടപെടല്‍.