കെഎസ്ആര്ടിസിവീണ്ടും വില്ലന്‍ റോളില്‍; കൊല്ലത്ത് വിദ്യാര്‍ത്ഥിയോട് കണ്ണില്ലാ ക്രൂരത
1 min readകൊല്ലം: എഴുകോണിൽ ബസിൽ നിന്ന് തെറിച്ചുവീണ ഒൻപതാംക്ലാസുകാരനെ വഴിയിലുപേക്ഷിച്ച് കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ ക്രൂരത. ഓടുന്ന ബസിൽനിന്ന് റോഡിലേക്കു തെറിച്ചുവീണ് പരിക്കേറ്റ എഴുകോൺ ടെക്നിക്കൽ സ്കൂളിലെ ഒൻപതാംക്ലാസ് വിദ്യാർത്ഥി കുണ്ടറ നാന്തരിക്കൽ ഷീബാഭവനിൽ നിഖിലൽ സുനിലിനെയാണ് കെഎസ്ആർടിസി ജീിവനക്കാർ തിരിഞ്ഞുനോക്കാതെ പോയത്. പിന്നാലെവന്ന ഹോംഗാർഡാണ് കുട്ടിയെ ആശുപത്രിയിലെത്തിച്ചത്.
ചൊവ്വാഴ്ച വൈകിട്ട് 4.15ഓടെ ചീരങ്കാവ് പെട്രോൾ പമ്പിനുസമീപമായിരുന്നു അപകടം ഉണ്ടായത്. സ്കൂൾവിട്ട് കൊട്ടാരക്കര – കരുനാഗപ്പള്ളി കെ.എസ്.ആർ.ടി.സി ബസിൽ കുണ്ടറയ്ക്കുവരുമ്പോൾ വാതിലിൽനിന്ന് പുറത്തേക്ക് തെറിച്ചുവീഴുകയായിരുന്നു. നിഖിലിനൊപ്പമുണ്ടായിരുന്ന സഹപാഠികൾ കരഞ്ഞ് ബഹളമുണ്ടാക്കിയെങ്കിലും കണ്ടക്ടറും ഡ്രൈവറും ബസ് നിർത്താൻ കൂട്ടാക്കിയില്ല. ചീരങ്കാവിലെത്തിയപ്പോൾ വിദ്യാർത്ഥികളെ സ്റ്റോപ്പിലിറക്കിയശേഷം ജീവനക്കാർ യാത്ര തുടരുകയായിരുന്നു. വിദ്യാർത്ഥികൾ സ്കൂളിലെത്തി അധ്യാപകരെ വിവരമറിയിച്ചു. അധ്യാപകരാണ് നിഖിലിന്റെ മാതാപിതാക്കളെ വിവരമറിയിച്ചത്.
തലയ്ക്കും കാലിനും മുഖത്തും തോളിനും പരിക്കേറ്റ് റോഡിൽ കിടന്ന നിഖിലിനെ പിന്നാലെയെത്തിയ ബൈക്ക് യാത്രികൻ ഓട്ടോറിക്ഷയിൽ ആശുപത്രിയിലെത്തിക്കുകയായിരുന്നു. എഴുകോണിലെ സ്വകാര്യ ആശുപത്രിയിൽ പ്രാഥമികചികിത്സ നൽകി കുണ്ടറ താലൂക്ക് ആശുപത്രിലെത്തിച്ചുവെങ്കിലും പരുക്ക് ഗുരുതരമായതിനാൽ ഉടൻതന്നെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊട്ടാരക്കര പൊലീസ് സ്റ്റേഷൻ ഹോംഗാർഡ് ചീരങ്കാവ് സ്വദേശി സുരേഷ്ബാബുവാണ് നിഖിലിനെ ആശുപത്രിയിലെത്തിച്ചത്.
കഴിഞ്ഞദിവസം തിരുവനന്തപുരം കാട്ടാക്കടയിൽ മകളുടെ മുന്നിലിട്ട് അച്ഛനെ ക്രൂരമായി കെഎസ്ആർടിസി ജീവനക്കാർ മർദ്ദിച്ച വാർത്ത പുറത്തുവന്നിരുന്നു. ഇതേ തുടർന്ന് ജീവനക്കാരെ സസ്പെൻഡ് ചെയ്യുകയും ചെയ്തിരുന്നു. കേസില്‍ ഹൈക്കോടതി റിപ്പോർട്ട് തേടിയിട്ടുണ്ട്. വിശദമായ റിപ്പോർട്ട് നൽകാൻ കെഎസ്ആർടിസി സ്റ്റാൻഡിങ് കൗൺസിലിന് ജസ്റ്റിസ് ദേവൻ രാമചന്ദ്രന് നിർദ്ദേശം നല്കി. തിരുവനന്തപുരം കാട്ടാക്കടയിലെ കെഎസ്ആര്‍ടിസി ജീവനക്കാരാണ് ആമച്ചൽ സ്വദേശി പ്രേമനെ മകൾക്ക് മുന്നിലിട്ട് മര്‍ദ്ദിച്ചത്. വിദ്യാര്‍ത്ഥിയായ മകളുടെ യാത്ര സൗജന്യത്തെ ചൊല്ലിയുള്ള തര്‍ക്കമാണ് മര്‍ദ്ദനത്തിന് കാരണം എന്നാണ് പരാതി.