ലളിത വിവാഹത്തിലേക്ക് ഷണിച്ച് മേയര്‍

1 min read

തിരുവനന്തപുരം: തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനും ബാലുശ്ശേരി എം എല്‍ എ സച്ചിന്‍ ദേവുമായുള്ള വിവാഹം സെപ്റ്റംബര്‍ 4ന് രാവിലെ 11 മണിക്ക് നടക്കും. തിരുവനന്തപുരം എ കെ ജി ഹാളില്‍ വെച്ചായിരിക്കും വിവാഹമെന്ന് മേയര്‍ ആര്യ അറിയിച്ചു. പരമാവധിപേരെ നേരില്‍ ക്ഷണിക്കാന്‍ ശ്രമിച്ചിട്ടുണ്ടെന്നും ആരെയെങ്കിലും വിട്ട് പോയിട്ടുണ്ടെങ്കില്‍ ഇതൊരു ക്ഷണമായി പരിഗണിച്ച് വിവാഹത്തില്‍ സകുടുംബം പങ്കുചേരണമെന്നും ആര്യ ഫേസ്ബുക്കിലൂടെ അഭ്യര്‍ത്ഥിച്ചു. വിവാഹത്തിന് യാതൊരു വിധത്തിലുള്ള ഉപഹാരങ്ങളും സ്വീകരിക്കുന്നില്ലെന്നും അത്തരത്തില്‍ സ്‌നേഹോപഹാരങ്ങള്‍ നല്‍കണമെന്ന് ആഗ്രഹിക്കുന്നവര്‍ നഗരസഭയുടെ വൃദ്ധ സദനങ്ങളിലോ അഗതിമന്ദിരത്തിലോ അല്ലെങ്കില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കോ നല്‍കണമെന്നാണ് ആഗ്രഹമെന്നും മേയര്‍ വ്യക്തമാക്കി.

മേയറുടെ വിവാഹ അറിയിപ്പ് ഇങ്ങനെ

പ്രിയരെ,
2022 സെപ്റ്റംബര്‍ 4ന് രാവിലെ 11 മണിക്ക് തിരുവനന്തപുരം എകെജി ഹാളില്‍ വെച്ച് ഞങ്ങള്‍ വിവാഹിതരാവുകയാണ്.
പരമാവധിപേരെ നേരില്‍ ക്ഷണിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. ആരെയെങ്കിലും വിട്ട് പോയിട്ടുണ്ടെങ്കില്‍ ഇതൊരു ക്ഷണമായി പരിഗണിച്ച് വിവാഹത്തില്‍ സകുടുംബം പങ്കുചേരണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
വിവാഹത്തിന് യാതൊരു വിധത്തിലുള്ള ഉപഹാരങ്ങളും സ്വീകരിക്കുന്നില്ല. ഇതൊരു അഭ്യര്‍ത്ഥനയായി കാണണം.
അത്തരത്തില്‍ സ്‌നേഹോപഹാരങ്ങള്‍ നല്‍കണമെന്ന് ആഗ്രഹിക്കുന്നവര്‍ നഗരസഭയുടെ വൃദ്ധ സദനങ്ങളിലോ അഗതിമന്ദിരത്തിലോ അല്ലെങ്കില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കോ നല്‍കണമെന്നാണ് ഞങ്ങളുടെ ആഗ്രഹം.
എല്ലാവരുടെയും സാന്നിദ്ധ്യം കൊണ്ട് വിവാഹ ചടങ്ങ് അനുഗ്രഹീതമാക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
അഭിവാദനങ്ങളോടെ,
ആര്യ , സച്ചിന്‍

നേരത്തെ മേയര്‍ എം എല്‍ എ വിവാഹത്തിന്റെ ക്ഷണക്കത്ത് സി പി എം പുറത്തിറക്കിയിരുന്നു. തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ പേരിലാണ് കത്ത് പുറത്തിറക്കിയത്. അടിമുടി പാര്‍ട്ടി സ്‌റ്റൈലിലായിരുന്നു വിവാഹവും ക്ഷണക്കത്തും. ആര്‍ഭാടങ്ങള്‍ ഒഴിവാക്കി ലളിതമായ ചടങ്ങിലായിരിക്കും വിവാഹം നടക്കുകയെന്ന് തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്റെ പേരില്‍ പുറത്തിറക്കിയ കത്തില്‍ വ്യക്തമാക്കിയിരുന്നു. ലളിതമായി തയ്യാറാക്കിയ കത്തില്‍ രക്ഷകര്‍ത്താക്കളുടെയും വീടിന്റെയും വിവരത്തിന് പകരം സച്ചിന്റെയും ആര്യയുടെയും പാര്‍ട്ടിയിലെ ഭാരവാഹിത്വം പറഞ്ഞാണ് പരിചയപ്പെടുത്തിയത്. തിരുവനന്തപുരം എകെജി ഹാളില്‍ വച്ച് രാവിലെ 11നാണ് ചടങ്ങ്. സിപിഎമ്മിന്റെ യുവനേതാക്കളായ ആര്യയുടെയും സച്ചിന്റെയും വിവാഹ വാര്‍ത്തകളില്‍ നേരത്തെ ഇടം പിടിച്ചിരുന്നു. ബാലസംഘം എസ് എഫ് ഐ പ്രവര്‍ത്തന കാലയളവിലാണ് ഇരുവരും അടുക്കുന്നത്. വിവാഹിതരാകണമെന്ന ആഗ്രഹം അറിയിച്ചപ്പോള്‍ പാര്‍ട്ടിയും കുടുംബങ്ങളും കൂടെ നിന്നു. പിന്നീട് ഇരുവരുടെയും വീട്ടുകാരും പാര്‍ട്ടി നേതാക്കളും വിവാഹം നിശ്ചയിച്ചു. സി പി എം ചാല ഏരിയാ കമ്മിറ്റി അംഗമാണ് ആര്യാ രാജേന്ദ്രന്‍. കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗമാണ് സച്ചിന്‍ ദേവ്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബാലുശേരിയില്‍ സിനിമാ താരം ധര്‍മജനെ പരാജയപ്പെടുത്തിയാണ് സച്ചിന്‍ സഭയിലെത്തുന്നത്. സഭയിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗമാണ് സച്ചിന്‍.

Related posts:

Leave a Reply

Your email address will not be published.