ആരാധികയുടെ സമ്മാനം പങ്കുവെച്ച് ജയസൂര്യ.

1 min read

മലയാളികളുടെ പ്രിയ താരമാണ് ജയസൂര്യ. ഊമപെണ്ണിന് ഉരിയാടാ പയ്യന്‍ എന്ന ചിത്രത്തിലൂടെ അഭിനയ ജീവതം തുടങ്ങിയ നടന്‍ ഇന്ന്, മലയാള സിനിമയിലെ മുന്‍നിര നായകന്മാരില്‍ ഒരാളാണ്. വര്‍ഷങ്ങള്‍ നീണ്ട അഭിനയ ജീവിതത്തില്‍ ജയസൂര്യ കെട്ടിയാടാത്ത വേഷങ്ങള്‍ ഇല്ലെന്ന് തന്നെ പറയാം. ഒരു പക്ഷേ വ്യത്യസ്തമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച് പ്രേക്ഷകരെ ഞെട്ടിപ്പിച്ച മറ്റൊരു താരം മലയാള സിനിമയില്‍ ഉണ്ടോ എന്നത് തന്നെ സംശയമാണ്. എന്നും തന്റെ ആരാധകരെ ഹൃദയത്തോട് ചേര്‍ത്തു നിര്‍ത്തുന്ന നടന്‍ പങ്കുവച്ചൊരു പോസ്റ്റും വീഡിയോയുമാണ് ഇപ്പോള്‍ ശ്രദ്ധനേടുന്നത്.

നീതു ജസ്റ്റിന്‍ എന്ന ആരാധികയെ കുറിച്ചാണ് ജയസൂര്യയുടെ പോസ്റ്റ്. ഊമപെണ്ണിന് ഉരിയാടാ പയ്യന്‍ എന്ന ചിത്രം കണ്ടത് മുതല്‍ തുടങ്ങിയ നീതുവിന്റെ ആരാധന ഇപ്പോഴും തന്നോട് ഉണ്ടെന്ന് ജയസൂര്യ പറയുന്നു. നീതു എങ്ങനെയാണ് തന്റെ ആരാധിക ആയതെന്നുള്ള ചെറു കാര്‍ട്ടൂണ്‍ വീഡിയോ സഹിതമാണ് ജയസൂര്യ പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്. നിനച്ചിരിക്കാതെ ജയസൂര്യ തന്നെ വിളിച്ചതും നേരില്‍ കാണാന്‍ എത്തിയപ്പോള്‍ കണ്ണ് നിറഞ്ഞതുമെല്ലാം നീതു വീഡിയോയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്

’20 വര്‍ഷങ്ങള്‍ക്കു മുമ്പ് ഊമപെണ്ണിന് ഉരിയാടാ പയ്യന്‍ എന്ന സിനിമയിലൂടെ ഞാന്‍ സിനിമാജീവിതത്തില്‍ പിച്ചവെച്ച് തുടങ്ങുമ്പോള്‍ ഞാന്‍ പോലും അറിയാതെ എനിക്ക് ആ കുഞ്ഞ് മനസ്സില്‍ സ്ഥാനം നല്‍കിയ ആളാണ് നീതു ജസ്റ്റിന്‍. 20 വര്‍ഷങ്ങള്‍ക്ക് ഇപ്പുറം , നീതു എനിക്ക് തന്ന ഈ സമ്മാനത്തിലുണ്ട് ഇന്നും തുടരുന്ന ആ സ്‌നേഹത്തിന്റെ കഥ’, എന്നാണ് ജയസൂര്യ വീഡിയോ പങ്കുവച്ച് ഫേസ്ബുക്കില്‍ കുറിച്ചത്.

Leave a Reply

Your email address will not be published.