ഒരു പിള്ളാര് പടം; മഞ്ഞുമ്മല്‍ ബോയ്‌സ്
1 min readമസ്റ്റ് വാച്ചാണ് മഞ്ഞുമ്മലിലെ ആണ്‍കുട്ടികളുടെ ഈ അതിജീവന കഥ
ജാന്‍ എ മന്നിന് ശേഷം ചിദംബരം തിരക്കഥ എഴുതി സംവിധാനം ചെയ്ത ചിത്രമാണ് മഞ്ഞുമ്മല്‍ ബോയ്‌സ്. യഥാര്‍ത്ഥ സംഭവത്തെ അടിസാഥാനമാക്കി ഒരുക്കിയ ചിത്രം തീയറ്ററുകളില്‍ വമ്പന്‍ സ്വീകാര്യതയാണ് ലഭിക്കുന്നത്. യുവാക്കളുടെ സൗഹൃദവും അവരുടെ കൂട്ടുകാര്‍ക്ക് വേണ്ടിയുള്ള അര്‍പ്പണവും ഒരു മികച്ച സാങ്കേതിക സൃഷ്ടിയായി തന്നെ കാഴ്ചവയ്ക്കുമ്പോള്‍ അത് പ്രേക്ഷകരുടെ ഹൃദയം കീഴടക്കുന്നു. ഒരു കൂട്ടം സുഹൃത്തുക്കളെ ചുറ്റിപ്പറ്റിയുള്ള കഥയില്‍ ഒരാള്‍ ഗുണ ഗുഹയ്ക്കുള്ളില്‍ കുടുങ്ങിയപ്പോള്‍ അവരുടെ അവധിക്കാലം അപ്രതീക്ഷിത വഴിത്തിരിവിലേക്ക് മാറുന്ന കഥയാണ് സിനിമ പറയുന്നത്.
2006ല്‍ കൊച്ചിയിലെ മഞ്ഞുമ്മലില്‍ നിന്ന് ഒരുസംഘം സുഹൃത്തുക്കള്‍ കൊടൈക്കനാലിലേക്ക് പോയ സംഭവമാണ് ചിത്രത്തിനാധാരം. സ്ഥലം കണ്ട് തിരികെ പോരണമെന്ന് കരുതിയെങ്കിലും ഗുണ കേവും കണ്ടിട്ട് മടങ്ങാമെന്ന കൂട്ടത്തിലൊരാളുടെ വാക്കുകളാണ് അവരുടെ ജീവിതം മാറ്റിമറിക്കുന്നത്. ഗുണ കേവ് സന്ദര്‍ശിക്കുന്നതിനിടെ സുഭാഷ് എന്ന ചെറുപ്പക്കാരന്‍ ഗുണ കേവിനകത്തെ അഗാധ ഗര്‍ത്തത്തിലേക്ക് വീഴുന്നു. ഇയാളെ രക്ഷിക്കാനുള്ള സുഹൃത്തുക്കളുടേയും അധികാരികളുടേയും ശ്രമമാണ് മഞ്ഞുമ്മല്‍ ബോയ്‌സ് എന്ന സിനിമയുടെ സാരം.
പ്രതിഭാധനരായ ഒരുകൂട്ടം ചെറുപ്പക്കാരാണ് മഞ്ഞുമ്മല്‍ ബോയ്‌സിന്റെ മുന്നണിയിലും പിന്നണിയിലും പ്രവര്‍ത്തിച്ചിരിക്കുന്നത്. താരനിരയിലുള്ളവരില്‍ സിജുവായെത്തിയ സൗബിന്‍ ഷാഹിര്‍, സുഭാഷിനെ അവതരിപ്പിച്ച ശ്രീനാഥ് ഭാസി, ദീപക് പറമ്പോല്‍ എന്നിവരെ പ്രത്യേകം പറയണം. ടീം മഞ്ഞുമ്മലിലെ മുതിര്‍ന്നയാളാണ് സൗബിന്റെ സിജു. കുറച്ച് ശാന്തനാണ് ശ്രീനാഥിന്റെ സുഭാഷ്. അല്‍പം വൃത്തി കൂടുതലുള്ളയാളാണ് ദീപക് പറമ്പോലിന്റെ കഥാപാത്രം. മൂന്നുപേര്‍ക്കുമൊപ്പം ഗണപതി, ബാലു വര്‍ഗീസ്, ഖാലിദ് റഹ്മാന്‍, ലാല്‍ ജൂനിയര്‍, അഭിറാം രാധാകൃഷ്ണന്‍, ചന്തു സലിംകുമാര്‍, ജോര്‍ജ് മാരിയാന്‍ തുടങ്ങി സ്‌ക്രീനിലെത്തിയ എല്ലാവരും ഗംഭീര പ്രകടനംതന്നെ പുറത്തെടുത്തു.
പറവ ഫിലിംസിന്റെ ബാനറില്‍ സൗബിന്‍ ഷാഹിര്‍, ഷോണ്‍ ആന്റണി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്. മസ്റ്റ് വാച്ചാണ് മഞ്ഞുമ്മലിലെ ആണ്‍കുട്ടികളുടെ ഈ അതിജീവന കഥ.