Satyajit Ray : The Master Film Maker

1 min read

ജീവിതം കൊണ്ടു ലോകത്തെ വിസ്മയിപ്പിച്ച കലാകാരൻ

ഇന്ത്യന്‍ സിനിമയില്‍ പകരം വക്കൊനില്ലാത്ത വിഖ്യാത സംവിധായകനാണ് സത്യജിത്ത് റായി. നിരവധി ചരിത്രസംഭവങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച മഹാപ്രതിഭ. നമ്മേ വിട്ടുപിരിയും വരെ അദ്ദേഹം കലകൊണ്ടും ജീവിതം കൊണ്ടും ലോകത്തെ വിസ്മയിപ്പിച്ചു. ഏവരും സ്‌നേഹപൂര്‍വം മണിക് ദാ എന്ന് വിളിച്ചിരുന്ന അദ്ദേഹം മരണശേഷവും ഒരു വിസ്മയം തന്നെയായിരുന്നു. 1992 ഏപ്രില്‍ 23നായിരുന്നു സത്യജിത്ത് റായ് അന്തരിച്ചത്.

റായിയുടെ ശ്രദ്ധേയരചനകളെല്ലാം പിറവിയെടുത്തത് സാമൂഹികരാഷ്ട്രീയാസ്വസ്ഥതകളാല്‍ നിറഞ്ഞു നിന്ന അമ്പതുകളിലെയും അറുപതുകളിലെയും എഴുപതുകളിലെയും ബംഗാളിന്റെ പശ്ചാത്തലത്തിലാണ്. രബീന്ദ്രനാഥ ടാഗോറിനുശേഷം, ജീവിച്ചിരിക്കെത്തന്നെ ഇതിഹാസമായിത്തീര്‍ന്ന കലാകാരന്‍. റായിയുടെ ചലച്ചിത്രകൃതികളിലേക്കുകൂടി നോക്കാതെ ആധുനിക ഇന്ത്യയെ ആഴത്തിലറിയാനും മനസ്സിലാക്കാനും കഴിയില്ല എതാണ് വാസ്തവം. ഇരുപതാം നൂറ്റാണ്ടിലെ ഇന്ത്യയുടെ ഇതിഹാസകാരന്‍ എന്ന് റായിയെ വിശേഷിപ്പിക്കുന്നതില്‍ തെല്ലും തെറ്റില്ല.

1978ല്‍ ബെര്‍ലിന്‍ ഫിലിം ഫെസ്റ്റിവല്‍ എക്കാലത്തെയും മഹാന്മാരായ മൂന്നു ചലച്ചിത്രകാരന്മാരെ തിരഞ്ഞെടുത്തപ്പോള്‍ ചാപ്ലിനോടും ബെര്‍ഗ്മാനോടുമൊപ്പം റായിയും സ്ഥാനംപിടിച്ചു. അറുനൂറുവര്‍ഷത്തെ ചരിത്രമുള്ള ഓക്‌സ്ഫഡ് യൂണിവേഴ്‌സിറ്റി ഡോക്ടറേറ്റ് നല്‍കി ആദരിക്കുന്ന രണ്ടാമത്തെ ചലച്ചിത്രകാരന്‍. പതിനാറു വര്‍ഷംമുമ്പ് ചാര്‍ലി ചാപ്ലിനു മാത്രം നല്‍കപ്പെട്ട ആ ബഹുമതി 1978ലാണ് റായിക്കു സമ്മാനിച്ചത്. ഏറ്റവുമൊടുവില്‍, രോഗശയ്യയിലായിരിക്കെ നല്‍കിയ ഓസ്‌കാര്‍ ഉള്‍പ്പെടെ ഒരു വിശ്വചലച്ചിത്രകാരനു ലഭിക്കാവുന്ന പരമോന്നത ബഹുമതികളെല്ലാം സത്യജിത് റായ്ക്കരികിലെത്തി. 29 ഫീച്ചര്‍സിനിമകളിലൂടെയും ഏഴു ഹ്രസ്വരേഖാചലച്ചിത്രങ്ങളിലൂടെയും ഇന്ത്യന്‍ സിനിമയ്ക്കും ചലച്ചിത്രകലയ്ക്കും റായ് നല്‍കിയ സംഭാവന ആരെയും അതിശയിപ്പിക്കുതാണ്.

ചിത്രകല, കാലിഗ്രാഫി, സാഹിത്യം, ഫോേട്ടാഗ്രഫി, അച്ചടി, മാസികാപ്രസാധനം തുടങ്ങിയവയിലെല്ലാം മൗലികമായ സംഭാവനകളര്‍പ്പിച്ചിട്ടുള്ള ഒരു കുടുംബപശ്ചാത്തലത്തില്‍നിന്നാണ് റായ് എന്ന ബഹുമുഖപ്രതിഭയുടെ ജനനം.

പില്‍ക്കാലത്ത് അദ്ദേഹം ശാന്തിനികേതനിലെത്തിച്ചേരുകയായിരുന്നു. അവിടേക്കെത്തിച്ചത്, രബീന്ദ്രനാഥ ടാഗോറുമായി മുത്തച്ഛനും പിതാവ് സുകുമാര്‍ റായിക്കും ഉണ്ടായിരുന്ന അടുത്ത ബന്ധം.

ചിത്രകല, സിനിമ, സംഗീതം, സാഹിത്യം, എിവയിലെല്ലാം തന്റെ അഭിരുചികള്‍ വികസിപ്പിക്കുവാന്‍ റായ് ശ്രമിച്ചു. അതിനൊക്കെ തികച്ചും അനുകൂലമായൊരു കുടുംബപശ്ചാത്തലം സത്യജിത് റായിക്കുണ്ടായിരുന്നു. തന്റെ ഏറ്റവും വലിയ സ്വപ്‌നമായിരുന്നു ജര്‍മനിയില്‍ പോയി സിനിമ പഠിക്കണമെന്നത്. പക്ഷേ, ആദ്യമായി ജര്‍മനിയില്‍ പോയത് തന്റെ സിനിമയ്ക്കു ലഭിച്ച രാജ്യാന്തരപുരസ്‌കാരം ഏറ്റുവാങ്ങുവാനായിരുന്നു.

അറുപതുകളില്‍ത്തന്നെ ഒരു ഇന്ത്യന്‍ ക്ലാസിക് എന്ന പദവി നേടുവാന്‍ കഴിഞ്ഞ സിനിമയാണ് പഥേര്‍ പാഞ്ജലി. അന്നുമുതല്‍ സൈറ്റ് ആന്‍ഡ് സൗണ്ടിന്റെ ക്ലാസിക് സിനിമാലിസ്റ്റില്‍നിന്ന് പഥേര്‍ പാഞ്ജലി അപ്രത്യക്ഷമായിട്ടില്ല. ഏറ്റവുമൊടുവില്‍, 2012ലെ മികച്ച അമ്പത് ലോകസിനിമകളുടെ പട്ടികയിലും റായിയുടെ ഈ ആദ്യചിത്രമുണ്ട്. ലോകമെമ്പാടുമുള്ള ചലച്ചിത്രാസ്വാദകര്‍ക്കും ചലച്ചിത്രരചയിതാക്കള്‍ക്കും റായിചിത്രങ്ങളോടുള്ള അഗാധമായ ആസ്വാദനത്തിന് തെല്ലും മാറ്റമൊന്നും ഇന്നും ഉണ്ടായിട്ടില്ല. ലോകസിനിമയില്‍ അതിവേഗം സംഭവിച്ചുകൊണ്ടിരിക്കുന്ന സൈദ്ധാന്തികപരവും സൗന്ദര്യശാസ്ത്രപരവും സാങ്കേതികപരവുമായ വികാസപരിണാമങ്ങള്‍ക്കിടയിലും സത്യജിത് റായിയുടെ സിനിമകള്‍ കാലാതീതമായി നിലകൊള്ളുന്നു.

Related posts:

Leave a Reply

Your email address will not be published.