നോവായി താമരാക്ഷന്‍ പിള്ള

1 min read

പറക്കും തളികയിലെ താമരാക്ഷന്‍ പിള്ളയെ അവസാനമായി കണ്ടപ്പോള്‍

 ‘പറക്കും തളിക… ഇത് മനുഷ്യനെ കറക്കും തളിക’ ഈ പാട്ട് ഒരു തവണയെങ്കിലും മൂളാത്ത ഒരു മലയാളികളും ഉണ്ടാവില്ല. രണ്ടായിരത്തി ഒന്നില്‍ താഹ സംവിധാനത്തിലൊരുങ്ങിയ സൂപ്പര്‍ഹിറ്റ് സിനിമ ആയിരുന്നു ‘ഈ പറക്കും തളിക’. മഹേഷ്മിത്ര, ഗോവിന്ദ് പത്മന്‍ എന്നിവരുടെ കഥയ്ക്കു വി.ആര്‍ ഗോപാലകൃഷ്ണന്‍ തിരക്കഥ രചിച്ച ഈ സിനിമ തിയറ്ററുകളില്‍ പൊട്ടിച്ചിരിയുടെ പൂരാഘോഷം തീര്‍ത്തു. ഇപ്പോഴും പ്രേക്ഷകര്‍ ഓര്‍ത്തു ചിരിക്കുകയും കാത്തിരുന്നു കാണുകയും ചെയ്യുന്ന ഒരു സിനിമയാണ് ‘ഈ പറക്കും തളിക’.

ജീവിക്കാന്‍ പെടാപ്പാട് പെടുന്ന ഉണ്ണി എന്ന ചെറുപ്പക്കാരനും അദ്ദേഹത്തിന് അച്ഛന്റെ അപകടമരണത്തെ തുടര്‍ന്നു നഷ്ടപരിഹാരമായി കിട്ടിയ ഒരു തല്ലിപ്പൊളി ബസുമായിരുന്നു കഥയിലെ പ്രധാന കഥാപാത്രങ്ങള്‍. അച്ഛന്റെ പേരാണ് ബസിന് ഇട്ടിരിക്കുന്നത് ‘താമരാക്ഷന്‍ പിള്ള’.ദിലീപ് ആണ് ഉണ്ണി എന്ന നായക കഥാപാത്രത്തെ അവതരിപ്പിച്ചത്. ഉണ്ണിയുടെ സന്തത സഹചാരി ആയി ഹരിശ്രീ അശോകന്‍ അവതരിപ്പിച്ച ‘സുന്ദരന്‍’ എന്ന കഥാപാത്രവുമുണ്ട്. ഇവരുടെ ജീവിത പ്രാരാബ്ധങ്ങളിേലക്കു ബസന്തി എന്ന പെണ്‍കുട്ടി എത്തുന്നതോടെ കഥ കൂടുതല്‍ രസകരമാവുന്നു.

നിത്യാദാസ് ആണ് ബസന്തി ആയി എത്തിയത്. നിത്യാദാസിന്റെ അരങ്ങേറ്റ സിനിമ കൂടി ആയിരുന്നു ഇത്. കലാ സംഘം ഹംസ നിര്‍മിച്ച ചിത്രം നിരവധി പ്രതിസന്ധികളിലൂടെയാണു ചിത്രീകരണം പൂര്‍ത്തിയാക്കിയത്. സാമ്പത്തിക പ്രതിസന്ധി ആയിരുന്നു ഏറ്റവും വലിയ പ്രശ്‌നം.ചിത്രീകരണം മുടങ്ങുന്ന അവസ്ഥ വരെ ഉണ്ടായി.എറണാംകുളത്തായിരുന്നു ഭൂരിഭാഗം രംഗങ്ങളുടെയും ചിത്രീകരണം. ഇടപ്പള്ളിയിലെ അഞ്ചുമന ക്ഷേത്രത്തിന്റെ മുന്‍വശം ആയിരുന്നു പ്രധാന ലൊക്കേഷന്‍. സിനിമയ്ക്കു വേണ്ടി ഒരു പഴയ ബസ് വാങ്ങുകയായിരുന്നു. ‘താമരാക്ഷന്‍ പിള്ള’ എന്ന ഈ ബസ് ചിത്രത്തിന്റെ ആദ്യ രംഗം മുതല്‍ അവസാന രംഗം വരെ നിറഞ്ഞുനിന്നു.
അങ്ങനെ ഒരുവിധത്തില്‍ സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കി. പ്രദര്‍ശന തീയതിയും പ്രഖ്യാപിച്ചു. അപ്പോഴാണു പുതിയ പ്രശ്‌നം. സിനിമയുടെ പോസ്റ്ററുകള്‍ അച്ചടിച്ചത് വാങ്ങാന്‍ പണം ഇല്ല. പ്രസ്സുകാരന്‍ ആണെങ്കില്‍ കാശു കൊടുക്കാതെ പോസ്റ്ററുകള്‍ തരികയും ഇല്ല. പല വഴിക്കും കാശ് സംഘടിപ്പിക്കാന്‍ ശ്രമിച്ചു നോക്കി. ഒരു രക്ഷയും ഇല്ല. ഒടുവില്‍, വേദനയോടെ ആ തീരുമാനത്തിലെത്തി. ‘താമരാക്ഷന്‍ പിള്ളയെ’ വില്‍ക്കുക. അല്ലാതെ മറ്റു വഴികള്‍ ഇല്ല.

അറുപത്തിഅയ്യായിരം രൂപയ്ക്കു ബസ് വിറ്റു. ആ കാശ് കൊടുത്തു പോസ്റ്ററുകള്‍ വാങ്ങി. സിനിമ റിലീസായി… വമ്പന്‍ ഹിറ്റ്. ‘താമരാക്ഷന്‍ പിള്ള’ ഒപ്പമില്ലാത്ത ദു:ഖം മാത്രം! സിനിമയുടെ പ്രൊമോഷനു വേണ്ടി ആ ബസ് ഉണ്ടായിരുന്നെങ്കില്‍ നന്നായിരുന്നു എന്നു തിയറ്റര്‍ ഉടമകള്‍ വരെ പറഞ്ഞു. അങ്ങനെ നിര്‍മാതാവ് ഹംസയും സംവിധായകന്‍ താഹയും ‘താമരാക്ഷന്‍ പിള്ളയെ’ തിരിച്ചു പിടിക്കാന്‍ കച്ചകെട്ടി ഇറങ്ങി. വാങ്ങിയതിന്റെ ഇരട്ടി കാശു കൊടുക്കാനും തയാര്‍!
താമരാക്ഷന്‍ പിള്ളയെ തിരികെ വേണം. അങ്ങനെ, ബസ് വാങ്ങിയ കോട്ടയത്തെ ഏജന്റിന്റെ അടുത്ത് എത്തി. അവിടെ എത്തിയപ്പോഴാണ് അറിയുന്നത് ബസ് കോയമ്പത്തൂരിലേക്കു കൊണ്ടു പോയി എന്ന്. പിറ്റേന്നു താഹയും ഹംസയും കോയമ്പത്തൂര്‍ക്കു പുറപ്പെട്ടു. അവിടെ ചെന്നപ്പോള്‍ കണ്ട കാഴ്ച ഹൃദയഭേദകം. ‘താമരാക്ഷന്‍ പിള്ള’യെ പൊളിച്ചു മാറ്റി കഷ്ണങ്ങളാക്കിയിരിക്കുന്നു. വേദനയോടെ താഹയും ഹംസയും മടങ്ങേണ്ടി വന്നു. ഇപ്പോഴും ‘താമരാക്ഷന്‍ പിള്ള’ ആളുകളെ ചിരിപ്പിക്കുമ്പോള്‍ ആ ബസ് സംരക്ഷിക്കാന്‍ കഴിയാതെ പോയതിന്റെ സങ്കടത്തിലാണു സംവിധായകന്‍.

Related posts:

Leave a Reply

Your email address will not be published.