ടി.പി.ചന്ദ്രശേഖരനെ കൊന്നവരെ ശിക്ഷിച്ചു, എന്നാല്‍ കൊല്ലിച്ചതാര് ?
1 min readടി.പി.കേസിലെ യഥാര്‍ഥ പ്രതികളെ രക്ഷിക്കാന്‍ യു.ഡി.എഫ്. എല്‍.ഡി.എഫ് ധാരണയോ?
ടി.പി.ചന്ദ്രശേഖരന്‍ വധക്കേസ് പ്രതികളെ ശിക്ഷിച്ച വിചാരണക്കോടതിയുടെ വിധി ഹൈക്കോടതി ശരിവച്ചു. വിചാരണക്കോടതി വെറുതെ വിട്ട രണ്ടുപേരെക്കൂടി ഹൈക്കോടതി ശിക്ഷിച്ചു. ഇവരുടെ കാര്യത്തില്‍ വിചാരണകോടതിക്ക് വീഴ്ച പറ്റി എന്നാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് പ്രഖ്യാപിച്ചത്. ജസറ്‌റിസുമാരായ ജയശങ്കരന്‍ നമ്പ്യാര്‍, കൗസര്‍ എടപ്പഗത്ത് എന്നിവരാണ് ഡിവിഷന്‍ ബെഞ്ചിലുണ്ടായിരുന്നത്.
വിചാരണക്കോടതി വിധിക്കെതിരെ പ്രതികളും വെറുതെ വിട്ടവരെക്കൂടി ശിക്ഷിക്കണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷനും കൊല്ലപ്പെട്ട ചന്ദ്രശേഖരന്റെ ഭാര്യ രമയും നല്‍കിയ അപ്പീലിലാണ് ഹൈക്കോടതിയുടെ വിധി. ഇരുവിഭാഗവും ഇനി വീണ്ടും ഉന്നത നീതിപീഠങ്ങളെ സമീപിക്കുമായിരിക്കും.
കോടതി എങ്ങനെയാണ് വിധി പറയുന്നത്. അന്വേഷണ ഏജന്‍സി നല്‍കിയ അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ ലഭിച്ച തെളിവുകളുടെയും സാഹചര്യത്തെളിവുകളുടെയും അടിസ്ഥാനത്തില്‍ മാത്രമാണ് കോടതിക്ക് വിധിപറയുവാന്‍ കഴിയുക. ഒരു കൊലക്കേസിലെ അതെത്ര ചര്‍ച്ച ചെയ്യപ്പെട്ടതോ അല്ലാത്തതോ ആകട്ടെ , ഒരു രാഷ്ടീയ കൊലപാതകമോ അല്ലാത്തതോട ആകെട്ട വിധി നിശ്ചയിക്കുന്നതില്‍ കോടതിക്ക് പരിമിതികളുണ്ട്. കാരണം വിധിയെ യഥാര്‍ഥത്തില്‍ തീരുമാനിക്കുന്നത് അന്വേഷണ ഏജന്‍സികളാണ്. അവര്‍ക്ക് അന്വേഷണത്തില്‍ ലഭിച്ച വലിയ വിവരങ്ങളെല്ലാം മുക്കി കഴിഞ്ഞാല്‍ കോടതിക്ക് ഒന്നും ചെയ്യാന്‍ കഴിയില്ല.
ടി.പി.ചന്ദ്രശേഖരന്‍ കേസ് അന്വേഷണം നിങ്ങള്‍ക്കോര്‍മ്മയില്ലെ. ഈ കേസിലെ പ്രധാന പ്രതിയായി പി.മോഹനനെ. അദ്ദേഹത്തെ കോടതി തെളിവുകളുടെ അഭാവത്തില്‍ വെറുതെ വിട്ടു പിടികൂടിയതോര്‍മ്മയുണ്ടോ. കാറില്‍ പോകുമ്പോള്‍ പോലീസ് ജീപ്പ് ചെയ്‌സ് ചെയ്ത് പിടിച്ചാണ് അന്ന് സി.പി.എം സംസ്ഥാന കമ്മറ്റി അംഗമായിരുന്ന പിന്നീട് ജില്ലാ സെക്രട്ടറിയായ മോഹനനെ അറസ്റ്റ് ചെയ്തത്. ഈ കൃത്യത്തില്‍ പങ്കാളികളായതും ശിക്ഷിക്കപ്പെട്ടതുമായ പല പ്രമുഖരും കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ളവരുണ്ട്. ജില്ലയിലെ സി.പി.എമ്മിന്റെ പ്രമുഖ നേതാവായിരുന്നു കുഞ്ഞനന്തന്‍. അദ്ദേഹം ശിക്ഷാകാലാവധിക്കുള്ളില്‍ മരിച്ചു. സി.പി.എം പാനൂര്‍ ഏരിയാ കമ്മിറ്റി അംഗമായിരുന്നു കുഞ്ഞനന്തന്‍.
ഇനിയാണ് ചോദ്യം. ആരാണ് ചന്ദ്രശേഖരനെ കൊല്ലിച്ചത്. സി.പി.എമ്മിന്റെ സംഘടനാ രീതി അനുസരിച്ച് സംസ്ഥാന നേതൃത്വത്തിന്റെ അറിവില്ലാതെ രണ്ട് ജില്ലാ കമ്മിറ്റികള്‍ക്ക് സംയുക്തമായി തീരുമാനിച്ച് ഒരാളെ കൊല്ലാന്‍ കഴിയില്ല. അതും മുഖ്യമന്ത്രിയായിരുന്ന വി.എസ്. അച്യുതാനന്ദനെ പോലെയുളള ഒരാളുടെ അരുമശിഷ്യനായ നേതാവിനെ. എസ്.എഫ്.ഐ ജില്ലാ സെക്രട്ടറി, ഡി.വൈ.എഫ്.ഐ ജില്ലാ പ്രസിഡന്റ് , സംസ്ഥാന ജോയിന്റ് സെക്രട്ടറി എന്ന നിലകളില്‍ പ്രവര്‍ത്തിച്ച ഒരു നേതാവിനെ , പാര്‍ട്ടി വിട്ടുപോയി പുതിയ പാര്‍ട്ടി രൂപീകരിച്ച നേതാവിനെ. അയാളെ സിംപിള്‍ ആയി കൊലപ്പെടുത്താന്‍ കണ്ണൂരിലെ ഒരു ഏരിയ കമ്മിറ്റി അംഗത്തിനും കോഴിക്കോടെ ഒരു ഏരിയാ കമ്മിറ്റ് സെക്രട്ടറിക്കുമൊക്കെ സാധിക്കുമോ. സി.പി.എമ്മിന്റെ സംഘടനാ രീതി അറിയാവുന്ന ആര്‍ക്കും മനസ്സിലാകും അതിന്റെ പിന്നില്‍ രണ്ടു ജില്ലകളുടെയും ചുമതലയുള്ള സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളും സംസ്ഥാന നേതൃത്വവുമൊന്നും അറിയാതെ അങ്ങനെയൊരു തീരുമാനമെടുക്കാന്‍ കഴിയില്ല എന്നത്.
പി.മോഹനനെ അറസ്റ്റ് ചെയ്യുമ്പോഴും അങ്ങനെയൊരു നിയന്ത്രണം കേരള പോലീസിനുണ്ടായിരുന്നില്ല. ഉണ്ടെങ്കില്‍ പിന്നീട് കോഴിക്കോട് ജില്ലാ സെക്രട്ടറിയായി മോഹനനെ നടുറോഡില്‍ വച്ച് വാഹനം തടഞ്ഞ് അറസ്റ്റ് ചെയ്യില്ലായിരുന്നു. നല്ല മിടുക്കരായ പോലീസ് ഉദ്യോഗസ്ഥരാണ് ആ ടീമില്‍ ഉണ്ടായിരുന്നത്. അതുകൊണ്ടാണ് അവരില്‍ ചിലര്‍ ദേശീയ അന്വേഷണ ഏജന്‍സിയില്‍ വരെ എത്തിയത്.
പക്ഷേ പിന്നെ അന്വേഷണം എവിടെയോ താളം തെറ്റി. കുറ്റം കൊന്നവരില്‍ ഒതുങ്ങി. കൊല്ലിച്ചവരില്‍ എത്തിയില്ല. പാനൂര്‍ ഏരിയാ കമ്മിറ്റി അംഗം കുഞ്ഞനന്തന് ടി.പി.ചന്ദ്രശേഖരനെ കൊല്ലാനുള്ള അധികാരം , അനുമതി ആര് നല്‍കി. അതാരും വിശ്വസിക്കുന്നില്ല. അന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണ് ആഭ്യന്തര വകുപ്പ് മന്ത്രി. അതുകൊണ്ടാണ് അന്വേഷണം മികച്ച രീതിയില്‍ പോയത്. പിന്നെ അതിനെ തളര്‍ത്തിയതാരാണ്. തിരൂവഞ്ചൂര്‍ തന്നെ പിന്മാറിയോ . അതോ തിരുവഞ്ചൂരിനേക്കാള്‍ വലിയ ഒരാള്‍ അതിലിടപെട്ടോ. ഇതിനായി ഒരു യു.ഡി.എഫ് എല്‍.ഡി.എഫ് ധാരണയുണ്ടായിരുന്നുവോ. നേതാക്കന്മാരെ ഒക്കെ ഒഴിവാക്കാം. ഞങ്ങളും ഭരിക്കുന്നതല്ലെ. നിങ്ങളും ഭരിക്കുന്നതല്ലെ. നമ്മള്‍ തമ്മില്‍ ഇതുവേണോ. അതോ മറ്റെന്തെങ്കിലും കൈമാറ്റം ഇക്കാര്യത്തില്‍ ഉണ്ടായോ. യു.ഡി.എഫ്. എല്‍.ഡി.എഫ് നേതാക്കള്‍ ജനങ്ങളോട് മറുപടി പറയേണ്ട കാര്യമാണിത്.
മാഷാ അള്ളാ എന്ന സ്റ്റിക്കര്‍ ഒട്ടിച്ച കാര്‍ പോലീസ് അന്ന് പിടിച്ചെടുത്തിരുന്നു. ടി.പി.ചന്ദ്രശേഖരന്‍ കേസില്‍ സി.പി.എമ്മിന് ഒരു പങ്കുമില്ലെന്നാണ് അന്ന് സി.പി.എം സംസ്ഥാന സെക്രട്ടറിയായിരുന്ന ഇന്നത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിരുന്നത. ടി.പി. കൊല്ലപ്പെട്ടതിന്റെ തൊട്ടടുത്ത ദിവസം എ.കെ.ജി സെന്ററില്‍ പത്ര സമ്മേളനം നടത്തിയ പിണറായി വിരല്‍ചൂണ്ടിയതും ഈ മാഷാ അള്ളാ സ്റ്റിക്കറിലേക്കായിരുന്നു. പാര്‍ട്ടിക്കിതുമായി ബന്ധമില്ലെന്ന് പറയാനുള്ള വൃഥാ ശ്രമം. ശരിയായിരിക്കാം യഥാര്‍ത്ഥ കൃത്യം നടത്തിയതില്‍ ചിലര്‍ വാടക ഗുണ്ടകളായിരിക്കാം. അവരെ കൊണ്ടുവന്നതും കൊല്ലപ്പിച്ചതും ജയിലില്‍ അവര്‍ക്ക് എല്ലാ വിധ സൗകര്യങ്ങളൊരുക്കിയതും പാര്‍ട്ടി തന്നെ. പാര്‍ട്ടി നേതാക്കള്‍ തന്നെ.
ഈ പാര്‍ട്ടിയെ നിങ്ങള്‍ക്കറിഞ്ഞുകൂടാ എന്നാണ് സി.പി.എം നേതാക്കള്‍ പറയാറുള്ളത്. അത് മറ്റ് പാര്‍ട്ടിക്കാരൊടും മാദ്ധ്യമ പ്രവര്‍ത്തകരോടും മാത്രം പറയുന്നതല്ല. മറിച്ച് ഇതേ പാര്‍ട്ടിക്കാരോടും കൂടിയാണ്. ടി.പി.ചന്ദ്രശഖരനെന്ന കുലം കുത്തിയെ ഇല്ലാതാക്കുന്നത് ചന്ദ്രശേഖരനോട് മാത്രമുള്ള ദേഷ്യം തീര്‍ക്കലല്ല. ഞങ്ങളുടെ ,അത് ബഹുവചനമോ ഏകവചനമോ ആകാം, നേതൃത്വത്തെ ചോദ്യം ചെയ്താല്‍ ഇതായിരിക്കും എല്ലാവരുടെയും വിധി എന്നു ചൂണ്ടിക്കാട്ടാന്‍ കൂടിയാണ് സി.പി.എം അത് ചെയ്തത്.
ചന്ദ്രശേഖരന്‍ ഒരു ആദര്‍ശവാദിയായതുകൊണ്ട് മാത്രമാണ് കൊല്‌പ്പെട്ടത്. അദ്ദേഹത്തിന്റെ ഭാര്യയുടെ ദു: ഖത്തില്‍ , മകന്റെ ദു:ഖത്തില്‍, അമ്മയുടെ ദു: ഖത്തില്‍ എല്ലാവര്‍ക്കും വേദനയുണ്ട്. ചന്ദ്രശേഖരന്‍ ഒരു കേസിലും പ്രതിയല്ലായിരുന്നുവെന്നാണ് രമ പറയുന്നത്. ഒരു പക്ഷേ സാങ്കേതികമായി അത് ശരിയായിരിക്കാം. പക്ഷേ എതിരാളികളെ ശാരീരികമായി വകവരുത്തുകയാണ് സി.പി.എം എക്കാലവും ചെയ്തത്. അതിന്റെ ഭാഗമായിരുന്നു പണ്ട് ചന്ദ്രശേഖരനും.
ഒരുപക്ഷേ സി.പി.എം നേതാക്കള്‍ യു.ഡി.എഫുമായി രഹസ്യധാരണയുണ്ടാക്കിയിട്ടാണ് കേസില്‍ നിന്ന് രക്ഷപ്പെട്ടിട്ടുണ്ടാക്കുക. ചന്ദ്രശേഖരന്റെ വിധവ കെ.കെ. രമ എം.എല്‍.എ ആയതും യു.ഡി.എഫിന്റെ പിന്തുണയാലാണ്. പക്ഷേ ടി.പി.ചന്ദ്രശേഖരന്‍ ആദര്‍ശവാദിയായിരുന്നു. സി.പി.എമ്മിനെ നഖശിഖാന്തം എതിര്‍ക്കുമ്പോഴും അദ്ദേഹം യു.ഡി.എഫുമായി ഒരു ധാരണയ്ക്കും തയ്യാറല്ലായിരുന്നു. 2009ലെ ലോകസഭാ തിരഞ്ഞെടുപ്പില്‍ ടി.പി.ചന്ദ്രശേഖരന്‍ സ്ഥാനാര്‍ഥിയായാല്‍ പിന്തുണയ്ക്കാമെന്ന സന്ദേശം യു.ഡി.എഫ് നേതാക്കള്‍ മുന്നോട്ട് വച്ചതാണ്. ചന്ദ്രശേഖരന്‍ അന്ന് വഴങ്ങിയില്ല. ആദര്‍ശത്തിന്റെ പേരില്‍. അന്ന് അങ്ങനെ ചെയ്തിരുന്നെങ്കില്‍ വടകരയില്‍ നിന്ന് ടി.പി. ജയിച്ച് ലോകസഭയിലെത്തിയേനെ. സി.പി.എമ്മിന്റെ കോഴിക്കോട് കണ്ണൂര്‍ ജില്ലാ കമ്മിറ്റികള്‍ക്ക് പിന്നെ ആ കൃത്യം നടത്താന്‍ കഴിയില്ലായിരുന്നു.
സി.പി.എമ്മുകാര്‍ പറയുന്നതുപോലെ നമുക്കും പറയാം. രക്തസാക്ഷി മരിക്കുന്നില്ല. പക്ഷേ രമ ഒരു കാര്യം അവസാനം വരെ വിടരുത്. ടി.പിയെ കൊല്ലിച്ചവര്‍ നിയമത്തിന്റെ മുന്നിലെത്തുന്നതുവരെ, അതാരായിരുന്നു എന്നു പുറം ലോകം അറിയുന്നതവരെ രമ വിശ്രമമില്ലാതെ പോരാടണം. നിങ്ങള്‍ക്കതിന് കഴിയുക തന്നെ ചെയ്യും.