ഒരേ കഥ പറയാനൊരുങ്ങിയ രണ്ട് ചിത്രങ്ങള്‍
1 min readകഥ മാറ്റിയെഴുതിയ പെരുവണ്ണാപുരത്തെ വിശേഷങ്ങള്‍
ഒരിക്കല്‍ രഞ്ജിത്ത് കമലിന് വേണ്ടി ഒരു കഥയെഴുതി. മോഹന്‍ലാലിനെ നായകനായി കണ്ട് നര്‍മ്മവും പ്രണയവും കലര്‍ന്ന ശുദ്ധ ഗ്രാമീണ പശ്ചാത്തലത്തിലുള്ള രസകരമായ ഒരു കഥ. മലയാളത്തിലെ എവര്‍ഗ്രീന്‍ ക്ലാസിക്കുകളില്‍ ഒന്നായി മാറി ആ ചിത്രം….പാര്‍വ്വതിയും ജയറാമും നായികാ നായകന്മാരായി 1989ല്‍ പുറത്തിറങ്ങിയ പെരുവണ്ണാപുരത്തെ വിശേഷങ്ങള്‍ എന്ന ചിത്രമാണത്.. 80കളിലെ ഒരു ഗ്രാമത്തിന്റെ ചേലും ശീലവും നന്മയും കുസൃതിയും പ്രണയവും കലഹവുമെല്ലാം ചേര്‍ത്തിണക്കിയ ഒരു തനി നാടന്‍ ചിത്രം. ജഗതി ശ്രീകുമാര്‍, കെപിഎസി ലളിത, മാമുക്കോയ, കുതിരവട്ടം പപ്പു, ഒടുവില്‍ ഉണ്ണികൃഷ്ണന്, ഫിലോമിന, കല്‍പ്പന തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തിയ ചിത്രം ഇന്നും മലയാളികളെ ചിരിപ്പിക്കുന്നതാണ്.
രഞ്ജിത്ത് എഴുതിയ തിരക്കഥയില്‍ നിന്നും പല മാറ്റങ്ങള്‍ വരുത്തിയാണ് ഇന്ന് കാണുന്ന പെരുവണ്ണാപുരം കമല്‍ സൃഷ്ടിച്ചെടുത്തത്. മാത്രമല്ല മോഹന്‍ലാലിനെ നായകനാക്കി ചെയ്യാനിരുന്ന സിനിമയായിരുന്നു അത്. എന്നാല്‍ മറ്റൊരു സിനിമയുടെ കഥയുമായി സാമ്യത വന്നുവെന്ന് ഒരു അഭിമുഖത്തില്‍ കമല്‍ തന്നെ പറഞ്ഞിരുന്നു..
ചിത്രത്തില്‍ മോഹന്‍ലാലിനെ മാറ്റി ജയറാമിനെ കൊണ്ടു വന്നതിനെ പറ്റി കമല്‍ പറയുന്നതിങ്ങനെ.
ആദ്യം മോഹന്‍ലാലിനെ മദ്രാസില്‍ വച്ച് കണ്ടപ്പോള്‍ കഥയുടെ ആശയം പറഞ്ഞു, ഇഷ്ടപ്പെട്ടു. പക്ഷെ അഞ്ചെട്ട് മാസത്തെ ഡേറ്റിന്റെ പ്രശ്നമുണ്ട്. ഒന്നെങ്കില്‍ വേറെ ആളെ വച്ച് ചെയ്യാം, കാത്തിരിക്കാന്‍ തയ്യാറാണെങ്കില്‍ നമുക്ക് തന്നെ ചെയ്യാമെന്നും പറഞ്ഞു. സെഞ്ചുറി ഫിലിംസും ഗണേഷ് അയ്യരും ചേര്‍ന്നാണ് ആ സിനിമ നിര്‍മ്മിക്കേണ്ടത്. ഞാന്‍ കൊച്ചുമോനെ കണ്ടു. നമുക്ക് വേറെ ആരെയെങ്കിലും വെച്ച് ചെയ്യാം എന്ന് പറഞ്ഞു. ജയറാം ഒന്ന് രണ്ട് പടങ്ങള്‍ ആയി നില്‍ക്കുകയാണ്. എന്റെ ഒരു സിനിമ ചെയ്തിരുന്നു. എനിക്ക് ഇഷ്ടമുള്ള ആളുമാണ്. ജയറാം നായകനായാല്‍ എങ്ങനെയിരിക്കും എന്ന് കൊച്ചുമോനോട് ഞാന്‍ ചോദിച്ചു. നന്നായിരിക്കും എന്നദ്ദേഹം പറഞ്ഞു. ജയറാമിനെ ഉടനെ വിളിച്ചു. ചെയ്യാമെന്ന് ജയറാമും. മറ്റ് കഥാപാത്രങ്ങള്‍ ചെയ്യുന്നവരെക്കുറിച്ചായി അടുത്ത ആലോചന. അതിലൊരു പ്രധാന വേഷം ശ്രീനിവാസന് ചെയ്യണം എന്നെനിക്കുണ്ടായിരുന്നു. പാലക്കാട് വരവേല്‍പ്പ് സിനിമയുടെ തിരക്കഥ എഴുതാനിരിക്കുകയായിരുന്നു അദ്ദേഹം. അതുകൊണ്ട് ആ റോള്‍ മറ്റൊരാള്‍ക്ക് കൊടുക്കേണ്ടി വന്നു. കമല്‍ പറഞ്ഞു.
പെരുവണ്ണാപുരത്തെ കുറുപ്പന്മാര് നടത്തുന്ന കോളേജും അവിടേക്ക് പ്യൂണായി വരുന്ന ശിവശങ്കരനെന്ന ചെറുപ്പക്കാരനും അവിടെ പഠിക്കുന്ന കുറുപ്പന്മാരുടെ സഹോദരി കുഞ്ഞുലക്ഷ്മിയുമായി പ്രണയത്തിലാവുന്നതും തുടര്‍ന്നുള്ള സംഭവ വികാസങ്ങളുമാണ് ഇന്ന് നാം കാണുന്ന പെരുവണ്ണാപുരത്തെ വിശേഷങ്ങള്‍. എന്നാല്‍ കമല്‍ ഒരുക്കിയ കഥയില്‍ ബസ്സിലെ കിളിയായിരുന്നു പ്രധാന കഥാപാത്രം. ബസ് മുതലാളിമാരായ അഞ്ച് കുറുപ്പന്മാരും അവരുടെ കുഞ്ഞിപ്പെങ്ങളും. ആ പെങ്ങള് കോളേജില്‍ പോവുക ഈ ബസിലാണ്. പെങ്ങള് കുളിച്ച് റെഡിയാകുന്നത് വരെ ബസ് കാത്തു നില്ക്കും. തിരികെ പെങ്ങള് വരുന്നത് വരെ കോളേജിന്റെ മുന്നിലും കാത്തു നില്ക്കും. അങ്ങനൊക്കെയുള്ളൊരു കഥ. അതിലെ കിളിയായ ശിവശങ്കറും കുറുപ്പന്മാരുടെ സഹോദരി ലക്ഷ്മികുട്ടിയും തമ്മിലുണ്ടാകുന്ന പ്രശ്നങ്ങളും പിന്നീട് അവര്‍ പ്രണയത്തിലാകുന്നതുമൊക്കെയായിരുന്നു കഥ. അങ്ങനെ, ശ്രീനിവാസന് ഫ്രീയാണെങ്കില്‍ ഈ സിനിമയുടെ തിരക്കഥയെഴുതാം എന്നൊരു ധാരണയില്‍ കമല്‍ ഫോണ്‍ വിളിച്ച് സംസാരിച്ചു. തന്റെ പുതിയ സിനിമയുടെ കഥ പറയുകയും അഭിപ്രായം ചോദിക്കുകയും ചെയ്തു. കമലും ഗണേഷ് അയ്യരും ചെന്നാണ് ശ്രീനിയോട് കഥ പറയുന്നത്. ശ്രീനി കൗതുകപൂര്‍വ്വം കഥ കേട്ടിരുന്നു. കഥ കേട്ട് കഴിഞ്ഞ്, ബസും പ്രധാന കഥാപാത്രം ബസിലെ കിളിയുമാണല്ലേ, ഇത് നടക്കില്ല എന്ന് പറഞ്ഞു. അതെന്താ എന്ന് കമല്‍ ചോദിച്ചു. ഞാനിപ്പോള്‍ എഴുതിക്കഴിയാറായ തിരക്കഥയും ഇത് തന്നെയാണ്. ബസാണ് പ്രധാന കഥാപാത്രം. കിളി അല്ലെന്നേയുള്ളൂ. ബസ് മുതലാളിയാണ്. മോഹന്‍ലാല്‍ തന്നെയാണ് അഭിനയിക്കുന്നതും എന്ന് ശ്രീനിവാസന് പറഞ്ഞു. വരവല്‍പ്പ് ആയിരുന്നു ആ സിനിമ. അതിന്റെ ഷൂട്ടിംഗ് ഒന്ന് രണ്ട് മാസത്തിനുള്ളില്‍ തുടങ്ങും. കമലാകെ ഡെസ്പ്പ് ആയി. കഥയും പോയി, പ്രൊജക്ടും തുടങ്ങാന്‍ പറ്റാത്ത അവസ്ഥ. അതോടെ രഞ്ജിത്തിനെ വച്ച് എഴുതിക്കാം എന്ന് ആലോചിച്ചു. രഞ്ജിത്ത് തിരക്കഥ എഴുതിയിരുന്നില്ലെങ്കിലും എഴുതാന്‍ താല്പര്യമുണ്ട്. പുതിയൊരു എഴുത്തുകാരന് വരട്ടെ എന്നായിരുന്നു കമല്‍ കരുതിയിരുന്നത്. പിന്നീട് ബസ് സര്‍വീസ് മാറ്റി കോളേജ് എന്ന കഥാ പരിസരം സൃഷ്ടിക്കുകയായിരുന്നു.