ഭൂമിയുടെ വില കൂട്ടുമ്പോള്‍ നികുതി കുറയ്ക്കുമോ
1 min readഭൂമിയുടെ ന്യായ വില വര്‍ദ്ധിപ്പിക്കാന്‍ പോകുന്നു എന്നാണ് ബജറ്റ് പ്രസംഗത്തില്‍ മന്ത്രി പറഞ്ഞത്. അത് ഒരു പരിധി വരെ ന്യായവുമാണ്. ഭൂമിയുടെ വിപണി വിലയും രേഖകളില്‍ കാണിക്കുന്ന വിലയും തമ്മില്‍ വലിയ വ്യത്യാസം നേരത്തെയുണ്ടായിരുന്നു. 2010ലാണ് ആദ്യമായി ഭൂമിക്ക് ന്യായ വില നിശ്ചയിച്ചത്. അഞ്ചുതവണയായി ഇപ്പോള്‍ അത് 268 ശതമാനം വര്‍ദ്ധിച്ചു. എന്നാലും വിപണി വിലയുമായി പൊരുത്തക്കേടുണ്ട്.
ഭൂമി കൈമാറ്റത്തിലാണ് ഏറ്റവും വലിയ കള്ളപ്പണ ഇടപാട് നടക്കുന്നത്. അതിന്റെ ഉത്തരവാദി സര്‍ക്കാരും. കാരണം ഒരു സ്ഥലക്കൈമാറ്റം നടക്കുമ്പോള്‍ സ്റ്റാമ്പ് ഡ്യൂട്ടിയും രജിസ്‌ട്രേഷന്‍ഫീസുമടക്കം 10 ശതമാനമാണ് നികുതി ഈടാക്കുന്നത്. അതുകൊണ്ടായിരുന്നു ആളുകള്‍ ഭൂമിക്ക് വില കുറച്ചുകാണിക്കുന്നത്. ഇനി സര്‍ക്കാര്‍ ചെയ്യേണ്ടത് ഭൂമിയുടെ മാര്‍ക്കറ്റ് വിലയും ന്യായ വിലയും സമാനമാക്കുകയും അതേ സമയം സ്റ്റാമ്പ് ഡ്യൂട്ടിയും രജിസ്ട്ഷന്‍ ഫീസും കുറച്ച് 3 ശതമാനത്തിനുള്ളിലാക്കുകയുമാണ്.
കേരളത്തില്‍ ഒരാള്‍ അഞ്ച് സെന്റ് ഭൂമി വാങ്ങാന്‍ പത്ത് ലക്ഷം രൂപയെങ്കിലും കൊടുക്കേണ്ടിവരും. അതിന് ഒരു ലക്ഷം രൂപ നികുതി കൊടുക്കുക എന്നത് അന്യായമാണ്. അതുകൊണ്ട് രേഖകളില്‍ യഥാര്‍ഥ വില കാണിക്കാനും കള്ളപ്പണ ഇടപാടുകള്‍ ഇല്ലാതാക്കാനും സര്‍ക്കാര്‍ അടിയന്തരമായി രജിസ്‌ട്രേഷന്‍ ഫീ, സ്റ്റാമ്പ് ഡ്യൂട്ടി കുറയ്‌ക്കേണ്ടിയിരിക്കുന്നു. അങ്ങനെയാണെങ്കില്‍ സര്‍ക്കാരിന് വരുമാനം കുറയുകയുമില്ല, കള്ളപ്പണം ഇല്ലാതാവുകയും ചെയ്യും.