ബാലയുടെ കുറ്റബോധത്തിന്റെ കാരണമിതോ?

1 min read

അന്നത് അനുസരിക്കാമായിരുന്നു, പ്രായത്തിന്റെ എടുത്തു ചാട്ടത്തില്‍ ചെയ്ത തെറ്റ്

നടന്‍ ബാല മലയാളികള്‍ക്കെല്ലാം സുപരിചിതനാണ്. ആരാധകരെ സംബന്ധിച്ച് ഒരു തുറന്ന പുസ്തകമാണ് ബാലയുടെ ജീവിതം. തന്റെ സ്വകാര്യ ജീവിതത്തിലും സിനിമയിലും സംഭവിച്ച കാര്യങ്ങളെ കുറിച്ചെല്ലാം പലപ്പോഴായി ബാല തന്നെ തുറന്ന് പറഞ്ഞിട്ടുണ്ട്. ഒരു ചാനലിന്റെ ഷോയില്‍ പങ്കെടുക്കവെ വീണ്ടും പല കാര്യങ്ങളും ബാല വെളിപ്പെടുത്തി. അച്ഛന്റെ ഉപദേശം കേള്‍ക്കാതെ പോയതിന്റെ കുറ്റബോധത്തെ കുറിച്ചും ബാല സംസാരിക്കുന്നുണ്ട്.

തമിഴ്‌നാട്ടില്‍ നിന്നും കേരളത്തിലേക്ക് എത്തി സ്വപ്രയത്‌നം കൊണ്ടാണ് ബാല മലയാള സിനിമയില്‍ തന്റേതായ ഒരിടം കണ്ടെത്തിയത്. ഏറ്റവും നല്ല കഥാപാത്രങ്ങള്‍ ബാലയ്ക്ക് ലഭിച്ചതും മലയാളത്തില്‍ വന്നശേഷമാണ്. ഇപ്പോള്‍ താരം കൊച്ചിയില്‍ തന്നെ സ്ഥിരതാമസമാണ്. സോഷ്യല്‍മീഡിയയില്‍ സജീവമായതിനാല്‍ എല്ലാ കാര്യങ്ങളും തന്റെ ആരാധകരുമായി സംവദിക്കാറുണ്ട്.

അടുത്തിടെയാണ് താരം കരള്‍ രോഗത്തില്‍ നിന്നും രക്ഷപെട്ട് തിരികെ ജീവിതത്തിലേക്ക് എത്തിയത്. മരണത്തെ മുഖാമുഖം കണ്ട് ആശുപത്രിയില്‍ കിടന്നപ്പോഴുണ്ടായ അനുഭവങ്ങളും ബാല പലപ്പോഴായി വെളിപ്പെടുത്തിയിരുന്നു.

നടന്റെ മുത്തശ്ശന്റെ കാലം മുതലേ സിനിമായുമായി അടുത്ത ബന്ധമുണ്ട്. പ്രേം നസീറിന്റെ ആദ്യത്തെ സിനിമ നിര്‍മിച്ചതൊക്കെ ബാലയുടെ മുത്തശ്ശന്റെ പ്രൊഡക്ഷന്‍ ഹൗസാണത്രെ. പിന്നീട് അച്ഛനും ആ രംഗത്തേക്ക് വന്നു. ചേട്ടന്‍ തിരഞ്ഞെടുത്തത് സംവിധാന മേഖയാണ്. ബാല അഭിനയത്തിലേക്കും വന്നു. മലയാള സിനിമകളില്‍ അഭിനയിക്കണം എന്നത് താരത്തിന്റെ തീരുമാനമായിരുന്നു. പക്ഷെ വീട്ടില്‍ ആര്‍ക്കും യോജിപ്പ് ഉണ്ടായിരുന്നില്ല. എതിര്‍പ്പുകള്‍ അവഗണിച്ച് വീടി വിട്ടിറങ്ങി വന്നാണ് മലയാള സിനിമകള്‍ ചെയ്തത് എന്ന് ബാല പറയുന്നു.

അങ്ങനെയാണ് കളഭം എന്ന സിനിമയിലൂടെ മലയാളത്തില്‍ ഒരു തുടക്കം കിട്ടിയത്. പുതിയമുഖം എന്ന സിനിമയിലൂടെ ബ്രേക്ക് കിട്ടി. അതിന് ശേഷം കുറച്ച് അഹങ്കാരത്തോടെ വീട്ടുകാരുടെ മുന്നില്‍ പോയി നിന്നു. അവര്‍ക്കൊക്കെ സന്തോഷമായിരുന്നു.

അതല്ലാതെ അച്ഛന്‍ തന്ന ഒരുപദേശവും ഞാന്‍ കേട്ടില്ല. അത് ഞാന്‍ ജീവിതത്തില്‍ ചെയ്ത ഏറ്റവും വലിയ തെറ്റായിരുന്നു. ഇപ്പോഴും ആ കുറ്റബോധം മനസ്സിലുണ്ട്. അച്ഛന്‍ മാത്രമല്ല, ചേട്ടനും സുഹൃത്തുക്കളും എല്ലാം പറഞ്ഞു. പക്ഷെ ആ പ്രായത്തില്‍ ആര് എന്ത് പറഞ്ഞാലും കേള്‍ക്കാന്‍ തോന്നില്ല. കാതിനുള്ളില്‍ കയറി ഇരുന്ന് ഉപദേശിച്ചാലും നമ്മളാണ് ശരി എന്ന് കരുതും. ആ എടുത്ത് ചാട്ടത്തിന്റെ ഫലം ഞാന്‍ അനുഭവിച്ചു. അതെല്ലാം കണ്ട് വിഷമത്തിലാണ് അച്ഛന്‍ മരിച്ചത്. മൂന്ന് കൊല്ലമായി അച്ഛന്‍ പോയിട്ട്, പറഞ്ഞത് കേള്‍ക്കാമായിരുന്നു എന്ന് പിന്നീട് തോന്നിയിട്ടുണ്ടെന്നും ബാല പറയുന്നു.

എനിക്ക് ഈ ജനറേഷനിലുള്ളവരോട് പറയാനുള്ളത് അതാണ്. പൊതുവെ ആരെയും ഉപദേശിക്കുന്ന ആളല്ല ഞാന്‍. പക്ഷെ എന്റെ അനുഭവത്തില്‍ നിന്നും പറയുകയാണ്, വീട്ടുകാര്‍ എന്തെങ്കിലും പറഞ്ഞാല്‍, അതിന്റെ നല്ല വശങ്ങളെ കുറിച്ച് ചിന്തിയ്ക്കുക. നമുക്ക് മോശം വരുന്നത് അച്ഛനും അമ്മയും പറയില്ല. കഴിയുന്നതും അത് അനുസരിക്കാന്‍ ശ്രദ്ധിക്കുക എന്നാണ് ബാലയുടെ ഉപദേശം.

ജീവിതത്തില്‍ ഒരുപാട് പരാജയങ്ങള്‍ എനിക്ക് സംഭവിച്ചിട്ടുണ്ട്. പക്ഷെ എന്റെ ജീവിതം ഒരു പരാജയം ആണെന്ന് ഒരിക്കലും തോന്നിയിട്ടില്ല, രാജാവിനെ പോലെ തന്നെയാണ് ജീവിയ്ക്കുന്നത് എന്നും നടന്‍ വ്യക്തമാക്കി. ബാലയുടെ ചേട്ടനാണ് തമിഴില്‍ സുപ്രസിദ്ധനായ സംവിധായകന്‍ സിരുത്തെ ശിവ. ഒരു ചേച്ചി കൂടി ബാലയ്ക്കുണ്ട്. അമൃത സുരേഷുമായുള്ള വിവാഹം പരാജയപ്പെട്ടശേഷം ഡോക്ടറായ എലിസബത്തിനെയാണ് ബാല വിവാഹം ചെയ്തത്.

Related posts:

Leave a Reply

Your email address will not be published.