ഒരു സ്ത്രീയുടെ ശക്തിയും അഴകും

1 min read

മഞ്ജു വാര്യരെ വാനോളം പുകഴ്ത്തി പാര്‍ത്ഥിപന്‍

ഒരു നടിയുടെ തിരിച്ച് വരവിനെ മലയാളികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്നിട്ടുണ്ടെങ്കില്‍ അത് മഞ്ജുവിനെയാകും. ഇന്ത്യന്‍ സിനിമയില്‍ തന്നെ തിരിച്ച് വരവിന്റെ കാര്യത്തില്‍ മറ്റൊരു നായിക നടിക്ക് ഇത്രയും വലിയ സ്വീകാര്യത ലഭിച്ചിട്ടില്ല. സോഷ്യല്‍ മീഡിയയും സിനിമാ ആരാധകരും മഞ്ജുവിന്റെ റിഎന്‍ഡ്രിയ്ക്ക് വലിയ വാര്‍ത്താ പ്രാധാന്യം കൊടുത്തു. എന്നാല്‍ മുന്‍പ് ലഭിച്ചിരുന്നത് പോലെ മികച്ച സിനിമകള്‍ മലയാളത്തില്‍ പിന്നീട് മഞ്ജുവിന് ലഭിച്ചോ എന്നത് സംശയമാണ്. രണ്ടാം വരവിലൂടെ അഭിനേത്രിയെന്ന നിലയില്‍ മഞ്ജുവിന്റെ കഴിവ് പ്രകടിപ്പിക്കാന്‍ സാധിച്ച സിനിമകള്‍ വിരളമാണ്..

ഇതില്‍ മറ്റൊരു വാസ്തവം, രണ്ടാം വരവിലെ ചിത്രങ്ങളിലൂടെ നടി അഭിനയിച്ചവയില്‍ സാമ്പത്തിക വിജയം നേടിയവ കുറവാണെന്നതാണ്. പുതിയതായി പുറത്തിറങ്ങിയ ലളിതം സുന്ദരം, വെള്ളരിപട്ടണം എന്നീ സിനിമകളും കനത്ത പരാജയമായിരുന്നു നേരിട്ടത്. മഞ്ജുവിന് അടുപ്പിച്ച് മലയാളത്തില്‍ പരാജയമായിരുന്നെങ്കിലും തമിഴകത്ത് നടിക്ക് തുടരെ വിജയങ്ങളാണ്. അസുരന്‍ എന്ന തമിഴ് അരങ്ങേറ്റ ചിത്രത്തിലൂടെ മികച്ച വിജയം കണ്ടു. രണ്ടാമത്തെ ചിത്രം തുനിവിലും താരം തിളങ്ങി.

അണിയറയില്‍ തയാറാകുന്ന രജിനികാന്ത് ചിത്രത്തിലും മഞ്ജുവാണ് നായിക. മറ്റ് നടിമാരില്‍ നിന്നും മഞ്ജുവിനെ വ്യത്യസ്തയാക്കുന്ന ഒരു പ്രത്യേകതയാണ് ചിത്രത്തിലെ തന്റെ രംഗങ്ങള്‍ക്ക് സ്വന്തം ശബ്ദത്തില്‍ ഡബ് ചെയ്യുക എന്നത്. വര്‍ഷങ്ങളായി തമിഴ് സിനിമകളില്‍ അഭിനയിക്കുന്ന നയന്‍താര, തൃഷ തുടങ്ങിയ താരങ്ങള്‍ പോലും ഡബ് ചെയ്യാറില്ല. തമിഴ് ജനതയ്ക്ക് പ്രത്യേക മമതയാണ് തമിഴ് സംസാരിക്കുന്ന സിനിമാ താരങ്ങളോട്. ഇതും മഞ്ജുവിന് ഗുണം ചെയ്യുന്നുണ്ട്.

സിനിമയില്‍ തന്നെ, പല രംഗത്തുള്ളവര്‍ താരത്തെപറ്റി സംസാരിച്ചിട്ടുണ്ടെങ്കിലും നടനും സംവിധായകനുമായ പാര്‍ത്ഥിപന്‍ മഞ്ജുവിനെ പ്രശംസിച്ച വാക്കുകള്‍ ശ്രദ്ധ നേടുന്നതാണ്. നടിയുടെ അഭിനയ മികവിനെക്കുറിച്ചും അന്ന് പാര്‍ത്ഥിപന്‍ വാചാലനായിരുന്നു. പാര്‍ത്ഥിപന്‍ പറഞ്ഞതിങ്ങനെ;  ‘തമിഴ്‌നാട്ടില്‍ കൃപാനന്ദ വാര്യര്‍ എന്ന സ്വാമിയുണ്ടായിരുന്നു. അദ്ദേഹവും മഞ്ജുവും തമ്മില്‍ വ്യത്യാസം ഒന്നുമില്ല. കൃപാനന്ദ വാര്യര്‍ ആത്മീയ പ്രഭാഷണം നടത്തുന്നു. മഞ്ജു ആത്മീയത പ്രസംഗിക്കുന്നില്ലെങ്കിലും സ്ത്രീയുടെ ശക്തി എന്താണ്, അഴക് എന്താണെന്നതിന് തെളിവാണ്. കമ്പി വെറുതെ ഇരുന്നാല്‍ തുരുമ്പ് പിടിക്കും. കമ്പിക്കുള്ളില്‍ ഒരു കറണ്ട് ഉണ്ടെങ്കില്‍ അവസാനം വരെയും അത് തുരുമ്പ് പിടിക്കില്ല. അതേ പോലെ, സ്ത്രീകള്‍ സ്ത്രീകളായി മാത്രം ഇരുന്നാല്‍ പ്രായമാകുന്തോറും ഭംഗി പോയി എല്ലാം കഴിയും. എന്നാല്‍ കമ്പികളിലേക്ക് കറണ്ട് കയറുന്നത് പോലെ സ്ത്രീകളില്‍ സ്ത്രീത്വത്തിന്റെ ബോധം ഉണ്ടെങ്കില്‍ അവര്‍ മഞ്ജു വാര്യരെ പോലെയാകും. നിങ്ങളുടെ സിനിമയും അഭിനയവും ഒക്കെ കാണുമ്പോള്‍ അഭിമാനം തോന്നുന്നു. ഒരു പെണ്ണ് തന്റെ ഉള്ളിലെ ശക്തിയെ തിരിച്ചറിഞ്ഞ് ജീവിക്കണമെന്നതിന്റെ ഉദാഹരണമാണ് മഞ്ജു വാര്യര്‍.’

ഞാന്‍ പറഞ്ഞ കൃപാനന്ദ വാര്യരുടെ പ്രഭാഷണം രണ്ട് മണിക്കൂര്‍ കേട്ടാല്‍ നിങ്ങളുടെ കാത് നിറയും. അതേ പോലെ നിങ്ങളുടെ അഭിനയം രണ്ട് മണിക്കൂര്‍ കണ്ടാല്‍ മനസ് നിറയുമെന്നും അന്ന് പാര്‍ത്ഥിപന്‍ മഞ്ജുവിനെ പ്രശംസിച്ച് കൊണ്ട് പറഞ്ഞു. രണ്ടാം വരവില്‍ മഞ്ജു തമിഴകത്ത് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതാവും നല്ലതെന്ന അഭിപ്രായം പ്രേക്ഷകര്‍ക്കുണ്ട്. മലയാളത്തില്‍ ഫൂട്ടേജ് ആണ് നടിയുടെ റിലീസ് ചെയ്യാനുള്ള സിനിമ. നടിയുടെ വരാനിരിക്കുന്ന സിനിമകള്‍ക്കായി കാത്തിരിക്കുകയാണ് ആരാധകര്‍.

Related posts:

Leave a Reply

Your email address will not be published.