പ്രാണപ്രതിഷ്ഠ : കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് അവധി, ഉത്തര്‍പ്രദേശില്‍ മത്സ്യമാംസാദികള്‍ക്കും മദ്യത്തിനും നിരോധനം
1 min readരാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠയോട് അനുബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് ജനുവരി 22ന് അവധി. ഉച്ചയ്ക്ക് 2.30 ന് ശേഷമേ കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുകയുള്ളൂ. കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗാണ് ഇതുമായി ബന്ധപ്പെട്ട ഉത്തരവ് പുറപ്പെടുവിച്ചത്. പ്രാണപ്രതിഷ്ഠയോട് അനുബന്ധിച്ച് രാജ്യമെമ്പാടും നടക്കുന്ന ആഘോഷപരിപാടികളില്‍ പങ്കെടുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും അവസരം നല്‍കുന്നതിനു വേണ്ടിയാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.
അന്ന് ഉത്തര്‍പ്രദേശില്‍ മത്സ്യത്തിന്റെയും മാംസത്തിന്റെയും വില്‍പ്പന നിരോധിച്ചു കൊണ്ട് യോഗി സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തു. ഉത്തരവ് ലംഘിച്ചാല്‍ കര്‍ശന നടപടിയെടുക്കുമെന്നും ഏവരും സഹകരിക്കണമെന്നും സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. ജനുവരി 22നാണ് രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠ. ഇതിന്റെ പശ്ചാത്തലത്തിലാണ് മത്സ്യത്തിന്റെയും മാംസത്തിന്റെയും വില്‍പ്പന നിരോധിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. നേരത്തെ മദ്യവില്‍പ്പന നിരോധിച്ച് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് പ്രാണപ്രതിഷ്ഠ നടത്തുക. ഏഴായിരം അതിഥികളെ ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്. തിങ്കളാഴ്ച ഉച്ചയ്ക്ക് 12.20 നാണ് ചടങ്ങ്. ക്ഷേത്രത്തില്‍ പ്രതിഷ്ഠിയ്ക്കായുള്ള രാമവിഗ്രഹം ഇതിനോടകം തന്നെ ശ്രീകോവിലില്‍ എത്തിച്ചിട്ടുണ്ട്.