ജയറാമിന് ഹിറ്റുകള്‍ സമ്മാനിച്ച പ്രമുഖ സംവിധായകന് വിനു അന്തരിച്ചു
1 min readപ്രമുഖ സംവിധായകന് വിനു അന്തരിച്ചു. കോയമ്പത്തൂരില്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കേയായിരുന്നു അന്ത്യം. സുരേഷ് – വിനു കൂട്ടുകെട്ടിലൂടെ ചിത്രങ്ങള്‍ സംവിധാനം ചെയ്ത കലാകാരനാണ് വിനു. 1995ല്‍ പുറത്തിറങ്ങിയ ജയറാം നായകനായ ‘മംഗലം വീട്ടില്‍ മാനസേശ്വരി ഗുപ്ത’ ആണ് ഈ കൂട്ടുകെട്ടില്‍ പിറന്ന ആദ്യ ചിത്രം. അതേ വര്‍ഷം തന്നെ ജെ.പള്ളാശ്ശേരിയുടെ തിരക്കഥയില്‍ കുസൃതിക്കാറ്റ് എന്ന ചിത്രം സംവിധാനം ചെയ്തു. ജയറാം , ദിവ്യ ഉണ്ണി , മോഹിനി , ഇന്നസെന്റ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി 1998 ല്‍ ആയുഷ്മാന്‍ ഭവ എന്ന ചിത്രവും സംവിധാനം ചെയ്തു. ജഗദീഷ്, സിദ്ദിഖ്, കൊച്ചിന് ഹനീഫ, ആതിര എന്നിവര്‍ പ്രധാനവേഷങ്ങളില്‍ അഭിനയിച്ച ഭര്‍ത്താവുദ്യോഗവും ഈ കൂട്ടുകെട്ടില്‍ പിറന്ന ചിത്രമാണ്. കണിച്ചുകുളങ്ങരയില്‍ സി ബി ഐ എന്ന ചിത്രവും സംവിധാനം ചെയ്തിരുന്നു. എന്നാല്‍ ചിത്രം വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല. മേലെപ്പറമ്പില്‍ ആണ് വീട് എന്ന ചിത്രം അസം ഭാഷയിലായിരുന്നു സംവിധാനം ചെയ്തത്. കോഴിക്കോട് സ്വദേശിയായ സംവിധായകന് ഏറെ നാളായി കോയമ്പത്തൂരിലായിരുന്നു താമസം. ഉദരസംബന്ധമായ അസുഖത്തെ തുടര്‍ന്നായിരുന്നു സംവിധായകനെ കോയമ്പത്തൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.