ജീവിതത്തെ കുറിച്ച് അമൃത സുരേഷ്
1 min readഅന്ന് ഉണ്ടായിരുന്നത് രണ്ട് വയസായ മകളും സീറോ ബാലന്‍സ് അക്കൗണ്ടും
റിയാലിറ്റി ഷോയിലൂടെ വന്ന് മലയാളികളുടെ പ്രിയങ്കരിയായി മാറിയ ചലച്ചിത്ര പിന്നണി ഗായികയാണ് അമൃത സുരേഷ്. ഐഡിയ സ്റ്റാര്‍ സിംഗര്‍ എന്ന പരിപാടിയാണ് അമൃതയെ ചലച്ചിത്രരംഗത്തേക്ക് എത്തിക്കുന്നത്. 2010ല്‍ റിയാലിറ്റി ഷോയുടെ സ്പെഷ്യല്‍ ഗസ്റ്റായി വന്ന ചലച്ചിത്രതാരം ബാലയുമായി പ്രണയത്തിലായ ശേഷം വിവാഹം ചെയ്യ്തു. സിനിമാ ലോകത്തിലുള്ള പ്രമുഖ താരങ്ങളെല്ലാം പങ്കെടുത്ത ആഘോഷ വിവാഹമായിരുന്നു അത്. എന്നാല്‍ 2016ല്‍ ഇരുവരും വിവാഹമോചിതരായി. പിന്നീട് പിന്നണി ഗാനരംഗത്തും, ആല്‍ബങ്ങളിലും, സാമൂഹ്യമാധ്യമങ്ങളിലും അമൃത സജീവമായി. സഹോദരി അഭിരാമി സുരേഷുമായി ചേര്‍ന്ന് അമൃതം ഗമയ എന്ന സംഗീത ബാന്‍ഡും നടത്തുണ്ട്.
നിലവില്‍ അമൃതയുടെ വ്യക്തിപരമായ ജീവിതം ഏറെ ചര്‍ച്ചയാകുന്നുണ്ട്. അടുത്തിടെ ബാല നടത്തിയ പരാമര്‍ശം വലിയ കോളിളക്കം സൃഷ്ടിച്ചിരുന്നു. ഇതിന് തക്കതായ മറുപടി അമൃത നല്‍കിയിരുന്നു. ഇപ്പോഴിതാ ഏതാനും നാളുകള്‍ക്ക് മുന്‍പ് തന്റെ ജീവിതത്തെ കുറിച്ച് അമൃത പറഞ്ഞ കാര്യങ്ങള്‍ വീണ്ടും ശ്രദ്ധനേടുകയാണ്.
‘എന്റെ പാഷന്, മ്യൂസിക് മുന്നോട്ട് കൊണ്ടു പോകാന്‍ പറ്റില്ലെന്ന് മനസിലാക്കിയ നിമിഷം, അല്ലെങ്കില്‍ കരഞ്ഞെന്റെ ലൈഫ് തീര്‍ക്കാന്‍ പറ്റില്ലെന്ന് മനസിലാക്കിയ നിമിഷം ഞാനൊരു തീരുമാനം എടുത്തു. എല്ലാവരും ചിന്തിക്കുമ്പോലത്തെ ഡ്രീം ലൈഫ് ഉപേക്ഷിക്കാന്‍ ഞാന്‍ തീരുമാനിച്ചു. ആ ദിവസമാണ് എന്റെ ലൈഫിലെ ഏറ്റവും പ്രദാനപ്പെട്ട ദിനം. ആ സ്വപ്ന ജീവിതത്തില്‍ നിന്നും ഞാന്‍ പുറത്തിറങ്ങുമ്പോള്‍ ആകെ എന്റെ കയ്യില്‍ ഉണ്ടായിരുന്നത് രണ്ട് കാര്യങ്ങളാണ്. ഒന്ന് സീറോ ബാലന്‍സ് അക്കൗണ്ട്. മറ്റൊന്ന് രണ്ട് വയസായ എന്റെ മകളും. ആദ്യമൊക്കെ മിണ്ടാതിരുന്നു. അപ്പോഴേക്കും മറ്റുള്ളവര്‍ പറഞ്ഞത് അവളെ കൊണ്ട് ഒന്നിനും കൊള്ളില്ലെന്നാണ്. പ്രതികരിച്ചപ്പോള്‍ ഞാന്‍ അഹങ്കാരി ആണെന്ന് പറഞ്ഞു. എന്ത് ചെയ്താലും കുറ്റം മാത്രമായിരുന്നു. ഞാനെന്നല്ല എന്റെ അവസ്ഥയില്‍ നില്ക്കുന്ന ഏതൊരു പെണ്‍കുട്ടിയാണെങ്കിലും, അവരുടെ മനസിലെടുത്ത തീരുമാനം ആയാലും എല്ലാവരും നേരിടുന്നൊരു ചോദ്യം തന്നെയാണിത്. ഒന്നുകില്‍ ഒന്നിനും കൊള്ളാത്തവള്‍ അല്ലെങ്കില്‍ ലോക അഹങ്കാരിയായ പെണ്ണ്. ഈ രണ്ട് പേരുകളും എനിക്ക് കിട്ടിയിട്ടുണ്ട്. ആ സമയത്ത് എന്നെ പിന്തുണച്ചത് ഫാമിലി ആയിരുന്നു. എന്താണ് ചെയ്യേണ്ടതെന്ന് അറിയാതെ മുന്നോട്ട് പോയ ഒരുപാട് നാളുകളുണ്ടായിരുന്നു’, എന്നാണ് അമൃത സുരേഷ് പറഞ്ഞത്.
ജീവിതം മാറിമറിഞ്ഞതിനെ കുറിച്ചും അമൃത പറഞ്ഞിരുന്നു. ‘ഒരു സ്പെല്ലിംഗ് കറക്ഷന് ആണ് എന്റെ ലൈഫ് മൊത്തത്തില്‍ മാറ്റിയത്. how എന്ന് ചിന്തിച്ച ഞാന്‍ who എന്ന് ചിന്തിച്ചു. ആരാണ് ഞാനെന്ന ചോദ്യത്തില്‍ ഫോക്കസ് ചെയ്തു. എന്റെ കഴിഞ്ഞ കാര്യങ്ങളെല്ലാം തിരിഞ്ഞ് നോക്കിയപ്പോള്‍, ഇത്രയും പ്രശ്നങ്ങള്‍ അതിജീവിച്ച്, എന്റെ മകളെയും കയ്യില്‍ പിടിച്ച് നില്ക്കുന്നുണ്ടെങ്കില് ഞാന്‍ ഒരു ശക്തയായ സ്ത്രീയാണെന്ന് മനസിലാക്കി. ആരെങ്കിലും എന്തെങ്കിലും പറഞ്ഞാല്‍ പൊട്ടിക്കരയുന്ന, നാണക്കേടും ചമ്മലും മാത്രമുള്ള ഒരു അമൃത സുരേഷ് ഉണ്ടായിരുന്നു. ആ അമൃതയല്ല ഇപ്പോള്‍. അമൃതയ്ക്ക് വ്യത്യാസം ഒന്നുമില്ല, ഞാന്‍ ആരാണെന്ന് മനസിലാക്കിയ അമൃതയാണ്. തെറ്റുകള്‍ എല്ലാവര്ക്കും സംഭവിക്കാം. ഇനിയും ഉണ്ടാകാം. പക്ഷേ തെറ്റുകള്‍ ചെയ്തിട്ട് പരാജയം ഉണ്ടായാല്‍ അതൊരിക്കലും പരാജയം ആകില്ല. പക്ഷേ തെറ്റാണ് എന്ന് മനസിലാക്കി ശരിയാക്കാണ്ട് പരാജയം വരികയാണെങ്കില്‍ അത് നമ്മുടെ പരാജയം ആയിരിക്കും. ഞാന്‍ എന്റെ ലൈഫില്‍ നിന്നും പഠിച്ചൊരു കാര്യമാണത്. അതാര്‍ക്കും സംഭവിക്കാതിരിക്കട്ടെ’എന്നും അമൃത സുരേഷ് കൂട്ടിച്ചേര്‍ത്തു.