2023ലെ ന്യൂസ്മേക്കർ മറിയക്കുട്ടി
1 min read
മറിയക്കുട്ടി: ചെറുപ്പക്കാരെ ലജ്ജിപ്പിക്കുന്ന പോരാളി
അടിമാലിയിലെ മറിയക്കുട്ടിയെ സിപിഎം മറക്കുമോ? എങ്ങനെ മറക്കാൻ? സർക്കാരിനെ, സിപിഎം നേതാക്കളെ, ദേശാഭിമാനിയെ ഇതുപോലെ വെള്ളം കുടിപ്പിച്ച മറ്റാരുണ്ട് നാട്ടിൽ. കോടതി വരെ പോയി അനുകൂലവിധി സമ്പാദിച്ച മറിയക്കുട്ടി, കാരണഭൂതന്റെ ധാർഷ്ട്യത്തിനു മുകളിലല്ലേ ആണിയടിച്ചു കയറ്റിയത്. മറിയക്കുട്ടി വിഐപിയാണെന്ന് കോടതി പോലും പറഞ്ഞില്ലേ.
ആ മറിയക്കുട്ടിയാണ് 2023ലെ യഥാർത്ഥ ന്യൂസ്മേക്കറെന്ന് പറയുന്നു രാഷ്ട്രീയ നിരീക്ഷകനായ ശ്രീജിത്ത് പണിക്കർ. അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചതിങ്ങനെയാണ്:
”പോയ വർഷത്തെ യഥാർത്ഥ ന്യൂസ്മേക്കർ മറിയക്കുട്ടിയാണ്. പാർട്ടിയെ, പാർട്ടി നേതാക്കളെ, കുട്ടിപ്പാർട്ടി നേതാക്കളെ, പാർട്ടി അടിമകളെ, പാർട്ടി പത്രത്തിനെ, പാർട്ടി ചാനലിനെ ഒക്കെ പഞ്ഞിക്കിടുകയോ, രേഖാമൂലം നാണം കെടുത്തുകയോ, കോടതി കയറ്റുകയോ, മാപ്പ് പറയിക്കുകയോ ഒക്കെ ചെയ്ത പോരാട്ടവീര്യം.”
അകാല വാർധക്യം ബാധിച്ച നമ്മുടെ ചെറുപ്പക്കാർക്ക് ലജ്ജിക്കാൻ മറിയക്കുട്ടിയെന്ന പോരാളി ധാരാളമാണ് എന്ന് കുറിക്കുന്നു നടൻ ജോയ്മാത്യുവും.
”2023 ഒരു യഥാർത്ഥ പോരാളിയെ നമുക്ക് കാണിച്ചു തന്നു. റാൻ മൂളികളായ അക്കാദമിക് ഫെമിനിസ്റ്റുകളോ, സ്ത്രീ വിമോചക സിംഹികളോ കണ്ടില്ലെന്ന് നടിച്ചാലും, അധികാരത്തിന്റെ തണലിൽ മധുരം നുണഞ്ഞ് അകാലവാർധക്യം ബാധിച്ച നമ്മുടെ ചെറുപ്പക്കാർക്ക് ലജ്ജിക്കാൻ മറിയക്കുട്ടിയെന്ന പോരാളി ധാരാളം. മറിയക്കുട്ടിയുടെ പൊളിറ്റിക്കൽ കറക്നെസ്സിനെക്കുറിച്ച് ബേജാറാവുന്നവരോട്, ഈ പൊളിറ്റിക്സിന് ഈ കറക്നെസ് ധാരാളം.. മറിയക്കുട്ടിയുടെ സമരമാർഗം ഗാന്ധിയനാണോ മാർക്സിയനാണോ അതോ മറ്റു വല്ലതുമാണോ എന്ന് തിരക്കുന്നവരോട് ഒന്നേ പറയാനുള്ളൂ. മറിയക്കുട്ടിയുടെ വഴി, മറിയക്കുട്ടിയുടെ മാത്രം വഴി. (മനോരോഗികളുടെ കമന്റുകൾ വായിച്ച് ബേജാറാവണ്ട. അത് ചികിത്സയില്ലാത്ത രോഗമാണ്)”.