നയന്‍സിന്റെ ക്രിസ്മസ്!
1 min readഉയിരിന്റെയും ഉലഗിന്റെയും ക്രിസ്മസ് മുത്തശ്ശിക്കൊപ്പം
തെന്നിന്ത്യന്‍ സിനിമാ ലോകത്ത് ഏറെ ചര്‍ച്ചയായതാണ് നയന്‍താരയുടെ വ്യക്തിജീവിതം. സംവിധായകന് വിഘ്നേശ് ശിവനൊപ്പം സന്തോഷകരമായ ജീവിതം നയിക്കുകയാണ് നടി ഇന്ന്. മക്കളായ ഉയിരിന്റെയും ഉലകത്തിന്റെയും വരവിനുശേഷം നയന്‍താരയുടെയും വിഘ്നേഷ് ശിവന്റെയും ആഘോഷങ്ങളും സന്തോഷങ്ങളുമെല്ലാം ഇവരെ ചുറ്റിപറ്റിയാണ്. എല്ലാ ആഘോഷദിവസങ്ങളും കുടുംബത്തോടൊപ്പം ചിലവഴിക്കാനാണ് ഇരുവരും എപ്പോഴും ശ്രമിക്കാറുള്ളത്. അത്തരത്തില്‍ ഇത്തവണ കൊച്ചിയില്‍ അമ്മയുടെ അടുത്തേക്കാണ് നയന്‍താരയും വിഘ്നേഷും ഇരട്ടക്കുട്ടികളായ ഉയിരും ഉലഗും ക്രിസ്മസ് ആഘോഷിക്കാന്‍ എത്തിയത്. ക്രിസ്മസിന് രണ്ട് ദിവസം മുമ്പ് തന്നെ മക്കള്‍ക്കൊപ്പം കൊച്ചിയില്‍ എത്തിയിരുന്നു. സാന്റാ വേഷത്തിലാണ് അമ്മയും അച്ഛനും മക്കള്‍ രണ്ടുപേരും.
സ്നേഹത്തിലും പ്രാര്‍ത്ഥനയിലും വിശ്വസിക്കുന്ന എല്ലാവര്ക്കും ക്രിസ്മസ് ആശംസകള്‍… ദൈവത്തിലും നിങ്ങളെ ജീവനോടെ നിലനിര്‍ത്തുന്ന എല്ലാ ശക്തമായ പ്രകടനങ്ങളിലും വിശ്വസിക്കുക എന്നായിരുന്നു കുടുംബചിത്രങ്ങള്‍ പങ്കിട്ട് വിഘ്നേഷ് ശിവന് കുറിച്ചത്. നിമിഷനേരം കൊണ്ടായിരുന്നു ചിത്രങ്ങള്‍ വൈറലായത്. കഴിഞ്ഞ ക്രിസ്മസിന് മാസങ്ങള്‍ മാത്രം പ്രായമുള്ള കൈക്കുഞ്ഞുങ്ങളായിരുന്നു ഉയിരും ഉലഗും. നയന്‍താരയുടെയും കുടുംബത്തിന്റെയും ക്രിസ്മസ് ആഘോഷങ്ങളില്‍ നിന്നുള്ള മനോഹരമായ ഫോട്ടോകള്‍ക്ക് ആരാധകരില്‍ നിന്ന് വളരെയധികം സ്നേഹമാണ് ലഭിക്കുന്നത്. ഉയിരിനും ഉലകത്തിനും വിഘ്നേഷ് ശിവന്റെ മുഖച്ഛായ കൂടിവരുന്നുവെന്നാണ് ആരാധകരില്‍ ഏറെയും പേര് കുറിച്ചത്.
സിനിമയില്‍ സജീവമായ ശേഷം ഡയാന കുര്യന് എന്ന നയന്‍താര ചെന്നൈയില്‍ സെറ്റില്‍ഡാണ്. ഇത്തരം വിശേഷ ദിവസങ്ങള്‍ വരുമ്പോള്‍ മാത്രമാണ് കേരളത്തിലേക്ക് നയന്‍താര എത്തുന്നത്. താരത്തിന്റെ പിതാവ് വാര്‍ദ്ധക്യസഹജമായ അസുഖങ്ങള്‍ കൊണ്ട് ബുദ്ധിമുട്ടുന്നയാളാണ്. അതുകൊണ്ട് കൂടിയാണ് വിശേഷ ദിവസങ്ങളില്‍ കൊച്ചയിലേക്ക് നയന്‍സ് ഓടി എത്തുന്നത്.
നാടന്‍ കേരളീയ വിഭവങ്ങള്‍ നല്‍കിയാണ് നയന്‍താരയുടെ കുടുംബം വിഗ്നേഷ് ശിവന് എന്ന തമിഴ് മരുമകനെ ക്രിസ്മസ് നാളില്‍ സ്വീകരിച്ചത്. കൊച്ചിയില്‍ രുചിച്ച ഭക്ഷണത്തിന്റെ രുചിയും വിഗ്നേഷ് ഇന്‍സ്റ്റഗ്രാം സ്റ്റോറി പോസ്റ്റില്‍ പങ്കിട്ടിരുന്നു. ഏഴ് വര്‍ഷത്തെ പ്രണയത്തിന് ശേഷം 2022 ജൂണ്‍ ഒമ്പതിനാണ് ഇവര്‍ വിവാഹിതരായത്. ശേഷം ഒക്ടോബര്‍ ഒമ്പതിന് സറോഗസിയിലൂടെ നയന്‍താരക്കും വിഘ്നേഷ് ശിവനും ഇരട്ടക്കുട്ടികള്‍ ജനിച്ചു.
നയന്‍താരയെ പോലെ വിഘ്നേഷും കരിയറിലെ തിരക്കുകളിലാണ്. നാനും റൗഡി താന്‍ എന്ന സിനിമയ്ക്കിടെയാണ് രണ്ടുപേരും പ്രണയത്തിലാകുന്നത്. സംവിധായകനെന്ന നിലയില്‍ വിഘ്നേശിന് കരിയറില്‍ വഴിത്തിരിവായി മാറിയ ചിത്രമാണ് നാനും റൗഡി താന്‍. സിനിമയില്‍ നായികയായെത്തിയ നയന്‍താര മികച്ച പ്രകടനം കാഴ്ച വെക്കുകയും ചെയ്തു. ആരാധകനായിരുന്ന വിഘ്നേശ് ഷൂട്ടിംഗിനിടെ നടിയുടെ കാമുകനായി മാറി. ഇവര്‍ തമ്മിലുള്ള പ്രണയത്തെക്കുറിച്ച് നാനും റൗഡി താനില്‍ ശ്രദ്ധേയ കഥാപാത്രം ചെയ്ത നടന് രാഹുല്‍ താത്ത മുമ്പൊരിക്കല്‍ പറഞ്ഞ വാക്കുകളും ഇപ്പോള്‍ ശ്രദ്ധ നേടുന്നുണ്ട്. നയന്‍താരയും വിഘ്നേശും പ്രണയത്തിലാകാന്‍ കാരണം താനാണെന്ന് രാഹുല്‍ താത്ത അന്ന് വാദിച്ചു. നിങ്ങളെ കാണുമ്പോള്‍ എനിക്ക് പ്രഭുദേവയെ പോലെ തോന്നുന്നെന്ന് ഞാന്‍ വിഘ്നേശിനോട് പറഞ്ഞു. മാഡം, വിക്കി പ്രഭുദേവയെ പോലെയുണ്ടെന്ന് നയന്താരയോടും പറഞ്ഞു. അങ്ങനെയാണ് ഇരുവര്‍ക്കും ഇടയില്‍ പ്രണയം ഉടലെടുത്തതെന്ന് രാഹുല്‍ താത്ത പറഞ്ഞു.
ഏറ്റവും ഒടുവില്‍ കാത്തുവാക്ക്ല രണ്ട് കാതലാണ് വിഘ്നേഷ് ശിവന് സംവിധാനം ചെയ്ത് തിയേറ്ററുകളിലെത്തിയ സിനിമ. ശേഷം അടുത്തിടെ അജിത്തിനെ നായകനാക്കി ഒരു സിനിമയുടെ പണിപ്പുരയിലക്ക് വിക്കി കടന്നിരുന്നു. എന്നാല്‍ നിര്‍മാണ കമ്പനിക്ക് കഥ ഇഷ്ടപ്പെടാതായതോടെ ആ പ്രോജക്ട് ഉപേക്ഷിക്കേണ്ടിവന്നു. പ്രദീപ് രംഗനാഥനെ നായകനാക്കി വിഘ്നേഷ് ഒരുക്കുന്ന എല്‍ഐസി സിനിമയുടെ പണിപ്പുരയിലാണ് ഇപ്പോള്‍ താരം.
അടുത്തിടെയാണ് സോഷ്യല്‍ മീഡിയയിലേക്ക് നയന്‍താര വീണ്ടും കടന്ന് വന്നത്. പഴയത് പോലെ ഗ്ലാമറസ് വേഷങ്ങള്‍ ചെയ്യാനും നയന്‍താര തയ്യാറല്ല. മോശം ആശയങ്ങള്‍ പ്രേക്ഷകരിലേക്കെത്തിക്കുന്ന സിനിമകള്‍ ചെയ്യില്ലെന്ന് താരം വ്യക്തമാക്കുകയും ചെയ്തു. അതേസമയം വിവാഹശേഷവും നയന്‍താര കരിയറിന് നല്കുന്ന പ്രഥമ പരിഗണനയില്‍ മാറ്റം വന്നിട്ടില്ല. ഈ വര്‍ഷം നടിയുടെ ഒരുപിടി സിനിമകള്‍ പുറത്തിറങ്ങി.
അതേസമയം ‘അന്നപൂരണി’ ആണ് നയന്‍താരയുടേതായി അവസാനം തിയറ്ററുകളിലെത്തിയ ചിത്രം. കുട്ടിക്കാലം മുതല്‍ ഷെഫ് ആകാന്‍ കൊതിച്ച ബ്രാഹ്മണ കുടുംബത്തിലെ കഥാപാത്രമായാണ് നയന്‍താര എത്തിയത്. ഷെഫ് ആകുന്നതിന് ഇടയിലും ശേഷവും ഉണ്ടായ പ്രതിസന്ധികളും അത് തരണം ചെയ്തുള്ള തിരിച്ചുവരവുമാണ് സിനിമ പറയുന്നത്.
ഈ വര്‍ഷത്തെ നയന്‍താരയുടെ മറ്റൊരു റിലീസ് ഷാറുഖ് ഖാന് നായകനായെത്തിയ ‘ജവാന്’ ആയിരുന്നു. നടിയുടെ ബോളിവുഡ് അരങ്ങേറ്റം കൂടിയായിരുന്നു ഈ സിനിമ. മണ്ണാങ്കട്ടി സിന്‍സ് 1960, ടെസ്റ്റ് എന്നിവയാണ് നടിയുടെ പുതിയ പ്രോജക്ടുകള്‍.