മുഖ്യമന്ത്രിയെ കോടതി തള്ളി
1 min readനാട്ടുകാരെ മര്‍ദ്ദിച്ച തന്റെ ഗണ്‍മാന്റെ നടപടിയെ മുഖ്യമന്ത്രി പിണറായി വിജയന്‍ പലതവണ ന്യായീകരിച്ചെങ്കിലും കോടതി അത് കേട്ടില്ല. നവകേരള സദസ്സിനായി മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിക്കുന്ന ബസ് ആലപ്പുഴ ജനറല്‍ ആശുപത്രി ജംഗ്ഷനില്‍ എത്തിയപ്പോഴായിരുന്നു വഴിയിലിരുന്ന് കരിങ്കൊടികാണിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍ വാഹനത്തില്‍ നിന്നിറങ്ങി ക്രൂരമായി മര്‍ദ്ദിച്ചത്. മുഖ്യമന്ത്രിയുടെ പിന്നാലെ പോയ വാഹനത്തിലിരുന്ന ഗണ്‍മാന്‍ വാഹനത്തില്‍ നിന്നു പുറത്തിറങ്ങി മര്‍ദ്ദിക്കുകയായിരുന്നു. ഗണ്മാന്റെ നടപടിക്കെതിരെ വ്യാപകമായ പ്രതിഷേധമുയര്‍ന്നിട്ടും ക്രിമിനല്‍ ഗണ്‍മാനെ ന്യായീകരിക്കുന്ന നിലപാടായിരുന്നു വിജയന്‍ സ്വീകരിച്ചത്. ഗണ്‍മാനെതിരെയും സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടി എടുക്കണമെന്ന് ജില്ലാ പോലീസ് സൂപ്രണ്ടിന് പരാതി നല്‍കിയിട്ടും സര്‍ക്കാര്‍ സമ്മര്‍ദ്ദം മൂലം എസ്.പി അതിന് തയ്യാറായില്ല. പിന്നീടാണ് സംഭവത്തിന്റെ വീഡിയോ സഹിതം ആലപ്പുഴ ഒന്നാം ക്ലാസ് ജൂഡിഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ചത്. ഇതേ തുടര്‍ന്നാണ് മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍ അനില്‍കുമാര്‍, സുരക്ഷാ ഉദ്യോഗസ്ഥന്‍ സന്ദീപ്, കണ്ടാലറിയാവുന്ന മൂന്ന് സുരക്ഷാ ഉദ്യോഗസ്ഥര്ക്കുമെതിരെയുള്ള പരാതിയില്‍ കേസെടുക്കാന്‍ മജിസ്‌ട്രേറ്റ് ആലപ്പുഴ സൗത്ത് പോലീസിനോട് നിര്‍ദ്ദേശിച്ചത്. പോലീസ് കേസെടുത്തെങ്കിലും ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണ് പൊലീസ് ചേര്‍ത്തിരിക്കുന്നതെന്നുമാത്രം.