ഉടല്‍ ചിത്രം ഉടന്‍ ഒടിടിയിലേക്ക്

1 min read

ഇന്ദ്രന്‍സ് അസാമാന്യ പ്രകടനം നടത്തി ധ്യാന്‍ ശ്രീനിവാസന്‍, ദുര്‍ഗ കൃഷ്ണ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായെത്തിയ ‘ഉടല്‍’ ഒടിടി റിലീസിനൊരുങ്ങുന്നു. ക്രിസ്മസ് കഴിഞ്ഞയുടന്‍ ഒടിടി പ്രദര്‍ശനം ആരംഭിക്കുമെന്ന് നിര്‍മ്മാതാക്കള്‍ അറിയിച്ചു. 2022 മെയ് 20ന് തിയറ്റര്‍ റിലീസ് ചെയ്ത ഈ ചിത്രം പ്രമേയം, ദൃശ്യാവിഷ്‌ക്കാരം, കഥാപശ്ചാത്തലം, ഭാവപ്രകടനം എന്നിവയാല്‍ പ്രേക്ഷകശ്രദ്ധ ആകര്‍ഷിച്ചിരുന്നു. റിലീസ് ചെയ്ത് ഒരു വര്‍ഷം പിന്നിട്ടിട്ടും ഒടിടിയിലേക്ക് എത്താത്ത ചിത്രങ്ങളുടെ പട്ടികയിലായിരുന്ന ‘ഉടല്‍’ റെക്കോഡ് തുകയ്ക്കാണ് സൈന പ്ലേ സ്വന്തമാക്കിയത്. പ്രേക്ഷകരെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തി തിയേറ്ററുകളിലാകെ ഭീതി പടര്‍ത്തിയ സിനിമയുടെ തിരക്കഥയും സംവിധാനവും ഒരുക്കിയിരിക്കുന്നത് രതീഷ് രഘുനന്ദന്‍. ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ഹിന്ദി റീമേക്കിന്റെ ചര്‍ച്ചകള്‍ നടക്കുന്ന സാഹചര്യത്തെ തുടര്‍ന്നാണ് ഒടിടി റിലീസ് വൈകിയതെന്നും നിര്‍മ്മാതാക്കള്‍ അറിയിച്ചു. കുട്ടിച്ചായനായി ഇന്ദ്രന്‍സ് അസാമാന്യ പ്രകടനം കാഴ്ചവെച്ച ചിത്രത്തില്‍ കിരണ്‍ എന്ന കഥാപാത്രത്തെയാണ് ധ്യാന്‍ ശ്രീനിവാസന്‍ അവതരിപ്പിച്ചത്. ഷൈനി ചാക്കോയായി ദുര്‍ഗ കൃഷ്ണ വേഷമിട്ടു. സിനിമ കണ്ടവരെല്ലാം ഗംഭീര അഭിപ്രായങ്ങളാണ് രേഖപ്പെടുത്തിയിരുന്നത്. ദിലീപ് നായകനായെത്തുന്ന ‘തങ്കമണി’യാണ് രതീഷ് രഘുനന്ദന്റെ സംവിധാനത്തില്‍ റിലീസിനൊരുങ്ങി നില്‍ക്കുന്ന പുതിയ ചിത്രം.

Related posts:

Leave a Reply

Your email address will not be published.