രഞ്ജിത്ത് : ഹിറ്റുകളുടെ തോഴൻ

1 min read

തിരക്കഥ, സംവിധാനം, നിർമ്മാണം, അഭിനയം : രഞ്ജിത്തിന്റെ കയ്യൊപ്പ് പതിയാത്തൊരിടമില്ല

മലയാളസിനിമയിലെ നിറസാന്നിദ്ധ്യമാണ് രഞ്ജിത്ത്. തിരക്കഥാകൃത്ത്, സംവിധായകൻ, നിർമ്മാതാവ്, നടൻ, ഗാനരചയിതാവ് …. സിനിമയിൽ അദ്ദേഹം കൈവെക്കാത്ത മേഖലകളില്ല. സ്റ്റണ്ടും കോമഡിയും കുടുംബവും ഭക്തിയും ദൈവനിരാസവുമെല്ലാം അദ്ദേഹത്തിന്റെ സിനിമകളിൽ കാണാം. നരസിംഹം എഴുതിയ തൂലികയിൽ നിന്നു തന്നെയാണ് മായാമയൂരവും പിറന്നുവീണത്. ഭക്തിക്കു പ്രാമുഖ്യം നൽകുന്ന നന്ദനം സംവിധാനം ചെയ്ത അതേ രഞ്ജിത്ത് തന്നെയാണ് ദൈവത്തെ കോമഡിയായി കണ്ട പ്രാഞ്ചിയേട്ടന്റെ സംവിധായകനും. അക്കാരണം കൊണ്ടു തന്നെ എല്ലാവരുടെയും ഇഷ്ട കഥാകാരനും സംവിധായകനുമായി മാറി രഞ്ജിത്ത്.

1964 സെപ്റ്റംബർ 5ന് കോഴിക്കോട് ജില്ലയിലെ ബാലുശ്ശേരിയിലാണ് രഞ്ജിത്തിന്റെ ജനനം. നാടകപ്രവർത്തകനായിരുന്നു അച്ഛൻ ബാലകൃഷ്ണൻ. 85ൽ തൃശൂർ സ്‌കൂൾ ഓഫ് ഡ്രാമയിൽ നിന്ന് ഡിഗ്രി. രണ്ടു വർഷം കഴിഞ്ഞ് ആദ്യസിനിമയ്ക്ക് കഥയെഴുതി. ചിത്രം ”ഒരു മെയ് മാസ പുലരിയിൽ”. കമൽ സംവിധാനം ചെയ്ത ”ഓർക്കാപ്പുറത്ത്” എന്ന സിനിമയ്ക്കുവേണ്ടിയാണ് രഞ്ജിത്ത് ആദ്യമായി തിരക്കഥയെഴുതിയത്. വർഷം 1988. മോഹൻലാലായിരുന്നു നായകൻ. ചിത്രം വിജയിച്ചതോടെ രഞ്ജിത്തിന്റെ തലവര തെളിഞ്ഞു. പിന്നീട് കമൽ, ഷാജി കൈലാസ്, സിബി മലയിൽ, വിജി തമ്പി, ഐ.വി.ശശി തുടങ്ങിയവരുടെയൊക്കെ കഥാകാരനായി രഞ്ജിത്ത്.

ചെറിയ ബജറ്റ് ചിത്രങ്ങൾക്കായിരുന്നു രഞ്ജിത്ത് ആദ്യകാലത്ത് തിരക്കഥയെഴുതിയത്. പെരുവണ്ണാപുരത്തെ വിശേഷങ്ങൾ, പ്രാദേശിക വാർത്തകൾ, പൂക്കാലം വരവായി — എല്ലാം ശ്രദ്ധിക്കപ്പെട്ടു. കുടുംബ സിനിമകളുടെ എഴുത്തുകാരനായി ജനം രഞ്ജിത്തിനെ കണ്ടു. മലയാളി പ്രേക്ഷകരെ മുഴുവൻ അത്ഭുതപ്പെടുത്തിക്കൊണ്ടാണ് ദേവാസുരവും ആറാം തമ്പുരാനും പിറന്നു വീണത്. അതോടെ മാസ് പടങ്ങളുടെയും കഥാകാരനായി രഞ്ജിത്ത്. മംഗലശ്ശേരി നീലകണ്ഠനും ജഗന്നാഥനും വേണ്ടി മലയാളികൾ കയ്യടിച്ചത് കുറച്ചൊന്നുമല്ല. മായാമയൂരം, അസുരവംശം, കൈക്കുടന്ന നിലാവ്, സമ്മർ ഇൻ ബത്ത്‌ലഹേം ഇവയെല്ലാം രഞ്ജിത്തിൽ നിന്നും പിറവികൊണ്ട സിനിമകൾ തന്നെ.

1999ൽ ഉസ്താദ് എന്ന ചിത്രത്തിലൂടെ നിർമ്മാതാവിന്റെ കുപ്പായമണിഞ്ഞു രഞ്ജിത്ത്. ഷാജി കൈലാസായായിരുന്നു സഹനിർമ്മാതാവ്. മോഹൻലാൽ നായകനും. സച്ചി സംവിധാനം ചെയ്ത അയ്യപ്പനും കോശിയും എന്ന ചിത്രത്തിന്റെ പ്രൊഡ്യൂസറും രഞ്്ജിത്ത് തന്നെയാണ്. 2001ൽ പുറത്തിറങ്ങിയ രാവണപ്രഭുവാണ് അദ്ദേഹത്തെ സംവിധായകനാക്കിയത്. അച്ഛനും മകനുമായി മോഹൻലാൽ ഡബിൾറോളിലെത്തിയ ചിത്രം മറ്റൊരു ബ്ലോക്ക് ബസ്റ്ററായി. നടൻ പൃഥ്വിരാജിന്റെ അരങ്ങേറ്റ ചിത്രമായ നന്ദനത്തിന്റെ രചനയും സംവിധാനവും നിർമ്മാണവുമെല്ലാം രഞ്ജിത്തിന്റേതായിരുന്നു. നന്ദനത്തിന്റെ നിർമ്മാണത്തിൽ സിദ്ദീഖും പങ്കാളിയായിരുന്നു.

മമ്മൂട്ടിയുടെ കടൽ കടന്നൊരു മാത്തുക്കുട്ടി, ദുൽഖറിന്റെ ഞാൻ, മോഹൻലാലിന്റെ ഹലോ തുടങ്ങിയ പരാജയങ്ങൾ പരാജയമായിരുന്നു. എന്നാൽ കയ്യൊപ്പ്, തിരക്കഥ, പെൺപട്ടണം, പ്രാഞ്ചിയേട്ടൻ, പാലേരിമാണിക്യം ഒരു പാതിരാക്കൊലപാതകത്തിന്റെ കഥ, ഇന്ത്യ റുപ്പി, സ്പിരിറ്റ് എന്നിവ എാറെ ശ്രദ്ധ നേടി. സംസ്ഥാന-ദേശീയ പുരസ്‌കാരങ്ങൾ ഉൾപ്പെടെ നിരവധി അവാർഡുകളാണ് ഇന്ത്യൻ റുപ്പിയെ തേടിയെത്തിയത്.  

ഇതിനിടെ ഗുൽമോഹർ, അയ്യപ്പനും കോശിയും ഉൾപ്പെടെ പതിനൊന്നോളം സിനിമകളിൽ അഭിനയിക്കുകയും ചെയ്തു അദ്ദേഹം. ഇതിനൊക്കെ പുറമേ, രണ്ട് ഗാനങ്ങളും അദ്ദേഹത്തിന്റെ തൂലികയിൽ നിന്നും പിറവി കൊണ്ടു.

Related posts:

Leave a Reply

Your email address will not be published.