ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തിനോട് വിശദീകരണം തേടി വകുപ്പ് മന്ത്രി

1 min read

വിവാദ പരാമർശങ്ങളിൽ സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയർമാനും സംവിധായകനുമായ രഞ്ജിത്തിനോട് വിശദീകരണം തേടി സിനിമാ-സാംസ്‌കാരിക മന്ത്രി സജി ചെറിയാൻ. നേരിട്ടു കണ്ട് വിശദീകരണം നൽകണമെന്നാണ് നിർദ്ദേശം. സിപിഎം അനുഭാവികളായ സിനിമാ-സാംസ്‌കാരിക പ്രവർത്തകർ തന്നെ രഞ്ജിത്തിനെതിരെ രംഗത്തു വന്ന പശ്ചാത്തലത്തിലാണ് സർക്കാർ ഇടപെടൽ.
സംവിധായകൻ ഡോ.ബിജുവിനെയും ബിജെപി വിട്ട് സിപിഎമ്മിലെത്തിയ നടൻ ഭീമൻ രഘുവിനെയും വ്യക്തിപരമായി അധിക്ഷേപിച്ചിരുന്നു രഞ്ജിത്ത്. നിയമസഭാ സമ്മേളന കാലത്ത് നടന്ന കഴിഞ്ഞ സംസ്ഥാന ചലച്ചിത്ര അവാർഡ് വിതരണ ചടങ്ങിലേക്ക് മുഖ്യമന്ത്രി എത്തുമോയെന്ന് വകുപ്പുമന്ത്രിയായ സജി ചെറിയാനു പോലും ധാരണയുണ്ടായിരുന്നില്ല, താൻ ഇടപെട്ടാണ് അദ്ദേഹത്തെ വരുത്തിയത് തുടങ്ങിയ പരാമർശങ്ങളും ഒരു ഇംഗ്ലീഷ് ചാനലിനു നൽകിയ അഭിമുഖത്തിൽ രഞ്ജിത്ത് നടത്തി. ആളൊരു മണ്ടനാണ് എന്നായിരുന്നു ഭീമൻ രഘുവിനെക്കുറിച്ചുള്ള രഞ്ജിത്തിന്റെ പരാമർശം.  തിയേറ്ററിൽ ആളു കയറാത്ത സിനിമകളെടുക്കുന്ന സംവിധായകനാണ് ബിജു. തന്റെ പ്രസക്തിയെന്തെന്ന് അദ്ദേഹം സ്വയം ചിന്തിക്കണം തുടങ്ങിയ അധിക്ഷേപങ്ങളാണ് അദ്ദേഹം ബിജുവിനു നേരെയുയർത്തിയത്. രൂക്ഷമായ ഭാഷയിൽ തന്നെയാണ് ഇതിനോട് ബിജു പ്രതികരിച്ചതും. കേരളത്തിനും ഇന്ത്യക്കുമപ്പുറം സിനിമാലോകം ഉണ്ടെന്നു പോലും അറിയാത്ത രഞ്ജിത്തിനോട് സഹതാപം മാത്രമേയുള്ളൂ. മാടമ്പിത്തരവും ആജ്ഞാപിക്കലും കയ്യിൽവെച്ചാൽ മതിയെന്നുമാണ് ബിജു തിരിച്ചടിച്ചത്. തുടർന്ന് അദ്ദേഹം ചലച്ചിത്ര വികസന കോർപ്പറേഷൻ അംഗത്വം രാജിവെക്കുകയും ചെയ്തു. മുൻപ് സംസ്ഥാന ചലച്ചിത്ര അവാർഡ് നിർണയത്തിൽ ഇടപെട്ടെന്ന ആരോപണവുമായി സംവിധായകൻ വിനയനും ജൂറി അംഗങ്ങളും രഞ്ജിത്തിനെതിരെ രംഗത്തു വന്നിരുന്നു.

Related posts:

Leave a Reply

Your email address will not be published.